യുദ്ധം മൂലം ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്
വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ആഗോള സാമ്പത്തിക വളർച്ചയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ലോകബാങ്കിന്റെ മുന്നറിയിപ്പ്.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചാ നിരക്കായിരിക്കും വരും നാളുകളിൽ ലോകം സാക്ഷ്യം വഹിക്കുകയെന്ന് ലോകബാങ്ക് പുറത്തുവിട്ട ‘ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ്’റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഊർജ്ജ വിലയിലുണ്ടായ കുതിച്ചുചാട്ടം, വർധിച്ചുവരുന്ന പണപ്പെരുപ്പം, ഉയർന്ന പലിശനിരക്കുകൾ എന്നിവ ചൂണ്ടിക്കാട്ടി 2026ലെ ആഗോള വളർച്ചാ പ്രവചനം ലോകബാങ്ക് തിരുത്തിക്കുറിച്ചു.
ജനുവരിയിൽ പ്രവചിച്ച 2.9 ശതമാനത്തിൽ നിന്നും 2.5 ശതമാനമായാണ് ഇത്തവണ വളർച്ചാ നിരക്ക് വെട്ടിക്കുറച്ചിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ മേഖലയിലെ സംഘർഷം വീണ്ടും വഷളാകാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.
ഇത് ആഗോള സമ്പദ്വ്യവസ്ഥക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഇറാൻ ഹുർമുസ് കടലിടുക്ക് പൂർണമായി അടച്ചുപൂട്ടിയത് ആഗോള ഊർജ്ജ-വിതരണ ശൃംഖലയെ മൊത്തം പ്രതിസന്ധിയിലാക്കി.
അന്താരാഷ്ട്രതലത്തിൽ എണ്ണ-വാതക ഗതാഗതത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഈ പാത തടസ്സപ്പെട്ടതോടെ വിതരണ ശൃംഖല കനത്ത സമ്മർദത്തിലാണ്.
ഇതോടെ വരും ദിവസങ്ങളിൽ അന്താരാഷ്ട്ര എണ്ണവില സൂചികയായ ബ്രെന്റ് ക്രൂഡ് വില ഈ വർഷം ബാരലിന് ശരാശരി 94 ഡോളർ വരെ ഉയർന്നേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം കൂടുതലാണ്.
കൂടാതെ രാസവളങ്ങളുടെ വിലയിൽ വലിയ വർധനവുണ്ടാകുമെന്നും ഇത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതോടെ അടിസ്ഥാന വിഭവങ്ങൾ ലഭിക്കുന്നതിൽ വലിയ പ്രതിസന്ധി അഭിമുഖീകരിക്കണ്ടി വരുമെന്ന ആശങ്കയിലാണ് ലോകം.
തന്ത്രപ്രധാനമായ ജലപാത അടഞ്ഞുകിടക്കുന്നത് ആഗോള പണപ്പെരുപ്പം കഴിഞ്ഞ വർഷത്തെ 3.3 ശതമാനത്തിൽ നിന്ന് ഈ വർഷം 4 ശതമാനമായി ഉയർത്തും.

