ന്യൂനപക്ഷം നിരന്തരം ആക്രമിക്കപ്പെടുന്നത് അധികൃതരുടെ ഒത്താശയോടെയെന്ന് ഗോവ ആര്‍ച്ച് ബിഷപ്
പനജി: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നത് അധികൃതരുടെ പരോക്ഷമായ പിന്തുണയോടെയാണെന്നത് ആശങ്കയുളവാക്കുന്നതായി ഗോവ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ഫിലിപ് നേരി ഫെറാവോ.
ക്രിസ്തുമസ് ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു. മറ്റു സമുദായക്കാരും പല സ്ഥലങ്ങളിലും ആക്രമണത്തിനിരയാകുന്നു. ഒന്നിലും ശരിയായ നിയമ നടപടി ഉണ്ടാകുന്നില്ല.
ഇത് തുടരുന്നത് ഭരിക്കുന്നവരുടെ ഒത്താശയുള്ളതുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വേദനാജനകമാണിത്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ ഭരണഘടന നല്കുന്ന അവകാശങ്ങള്‍ക്കു വിരുദ്ധമാണിത്.
രാജ്യത്ത് ഐക്യം കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പുതുവല്‍സര സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.

