ചുവടുകള്‍ വച്ച് ഉയരുക (എഡിറ്റോറിയൽ)
ദൈവം ഒരുവനെ ഒരു സ്ഥാനത്ത് ഉയര്‍ത്തുവാന്‍ തുടങ്ങുമ്പോള്‍ ശത്രു അവനെ തകര്‍ക്കാനായി പ്ളാനും പദ്ധതിയും ഇടും.
എന്നാല്‍ ശത്രു തന്റെ ദാസന്മാര്ക്കെതിരായി ഉണ്ടാ ക്കുന്ന തിന്മകളെ നന്മകളാക്കി ജീവനുള്ള ദൈവം മാറ്റും. നിശ്ചയിച്ചതിന് ഒരു മാറ്റവും വരില്ല. കിഴക്കുനിന്നുമല്ല പടിഞ്ഞാറുനിന്നുമല്ല ഉയര്‍ച്ചവരുന്നത്.
അസൂയ്യ നിറഞ്ഞ ശത്രുവിന്റെ തിന്മയുടെ ഫലമായി ദാനിയേല്‍ സിംഹക്കുഴിയില്‍ വീഴുവാന്‍ ഇടയായി. എന്നാല്‍ ദാനിയേല്‍ ആ കഷ്ടതയില്‍ കൂടി കടന്നു പോയതുമൂലം ദാനിയേല്‍ സേവിക്കുന്ന ജീവനുള്ള ദൈവത്തെ സകല വംശക്കാരും സകലഭാഷക്കാരും അറിയാന്‍ ഇടയായി.
സര്‍വ്വശക്തനായ ദൈവം, ആരാധനയ്ക്ക് യോഗ്യനായവന്റെ നാമം അവിടെ ഉയര്‍ത്തപ്പെട്ടു. ദാനിയേല്‍ സര്‍വ്വരാലും ഇരട്ടി ബഹുമാനത്തിനു യോഗ്യനായും തീര്‍ന്നു. ദാനിയേല്‍ സേവിക്കുന്ന ദൈവം ജീവനുള്ളദൈവം എന്നറിയപ്പെടാന്‍ ഇടയായി.
നമുക്ക് നമ്മുടെ ദൈവംതരുന്ന അനുഗ്രഹങ്ങളില്‍ അസൂയ എന്ന ശത്രു അതു തല്ക്കാലത്തേയ്ക്കു തട്ടിമാറ്റിയാലും ദൈവം നിശ്ചയിച്ചുറപ്പിച്ചതു നടക്കുകതന്നെചെയ്യും.
കുറച്ചുസമയംകൂടി എടുത്താലും അതു നടക്കും. ദുഷ്ടനായവന് നമ്മുടെ അനുഗ്രഹങ്ങളെ നന്മകളെ തടസ്സപ്പെടുത്തുവാന്‍ കൊണ്ടുവരുന്ന സകലകഷ്ടതകളെയും, അത് തീച്ചുള ആയാലും സിംഹക്കുഴി ആയാലും ആ സാഹചര്യങ്ങളില്‍ നാം വിശ്വസ്തതയോടെ ആയിരുന്നാല്‍ നാം സേവിക്കുന്ന ജീവനുള്ള ദൈവത്തിന്റെ നാമം മഹത്വപ്പെടും.
നമ്മില്ക്കൂടി നമ്മുടെ അനുഭവത്തില്‍ക്കൂടി അനേകര്‍ യേശുക്രിസ്തുവിനെ അറിയാന്‍ ഇടയാകും. നമ്മുടെ ജീവിതത്തില്‍ ദൈവംചെയ്ത വലിയ കാര്യം, അത്ഭുതപ്രവൃത്തി യേശുക്രിസ്തു ജീവനുള്ള ദൈവമെന്ന് അറിയുവാനും വിശ്വസിക്കാത്തവര്‍ അവനെ വിശ്വസിക്കുവാനും ഇടയാകും.
ദാനിയേലിന്റെ ശത്രുക്കള്‍ അവനു വിരോധമായി കാരണം കണ്ടെത്തുവാന്‍ അന്വേഷിച്ചു. എന്നാല്‍ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അവന് വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനില്‍ കണ്ടെത്തിയില്ല. ചിലര്‍ പറയുന്നിതു കേട്ടിട്ടുണ്ട് മനുഷ്യനല്ലേ ചിലതെറ്റുകള്‍ വന്നുപോകും. അത് അവര്‍ കള്ളംപറയുന്നതാണ്.
ദാനിയേല്‍ വളരെ ഉത്തരവാദിത്വമുള്ള ഭാരിച്ചജോലിതന്നെയാണ് ചെയ്തിരുന്നത്. കള്ളം പറഞ്ഞാല്‍ മാത്രമേ ജോലിചെയ്യാന്സാധിക്കൂ എന്നില്ല.
ബിസിനസ്സല്ലേ ഇടയ്ക്കുകള്ളം പറയേണ്ടിവരും എന്നുപറഞ്ഞ് തെറ്റിനെ ശരിയാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകരിക്കാന്‍ ഒരു മാതൃകയാണ് ദാനിയേല്‍. എതിരാളികള്‍ക്കുപോലും ഒരു കുറ്റവും തെറ്റും കണ്ടുപിടിക്കാന്‍ കഴിയാത്തവിധം ദാനിയേലിന്റെ ജീവിതം വിശുദ്ധിയുള്ളതായിരുന്നു.
നമ്മെ ദൈവം ഈ ലോകത്തില്‍ പലയിടത്തായി പലസ്ഥാനങ്ങളില്‍ അവന്റെ ജീവനുള്ള സാക്ഷികളാകുവാന്‍ നിര്‍ത്തിയിരിക്കുന്നു.
അവിടെ നാം അവന്റെ നാമം ഉയര്‍ത്തികാട്ടുന്നതില്‍ വിശ്വസ്തതയോടെ നില്ക്കുക. ദൈവം നിങ്ങളെ ഏവരേയും അനുഗ്രഹിക്കട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.

