പാദരക്ഷകള്‍ക്ക് ഇന്ത്യന്‍ അളവ് നടപ്പാക്കും; യു.കെ, യു.എസ് പാദരക്ഷാ അളവ് ഇനി ഓര്‍മ്മയാകും
ചെന്നൈ: 2025-ഓടെ പാദരക്ഷകള്‍ക്ക് ഇന്ത്യന്‍ അളവ് നല്‍കാനുള്ള നിക്കവുമായി ചെന്നൈയിലെ സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎല്‍ആര്‍ഐ).
ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി പഠനം നടത്തി റിപ്പോര്‍ട്ട് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്സിന് (ബിഐഎസ്) സമര്‍പ്പിച്ചു കഴിഞ്ഞതായി സിഎല്‍ആര്‍ഐ ഡയറക്ടര്‍ ജനറല്‍ എന്‍ കലൈശെല്‍വി മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ പാദരക്ഷാ അളവുകള്‍ക്ക് യു.കെ.യെയും, യു.എസിനെയും ആശ്രയിക്കുന്നത് ഇനി ഓര്‍മ്മയാകും. പഠനത്തിന്റെ ഭാഗമായി അഞ്ചു മുതല്‍ 55 വയസുവരെയുള്ള ഒരു ലക്ഷത്തിലേറെ പേരെയാണ് വിവിധ സംസ്ഥാനങ്ങളിലെ 73 ജില്ലകളില്‍നിന്ന് അഭിമുഖീകരിച്ചത്. ഇവരില്‍നിന്നെല്ലാം പാദരക്ഷാ അളവ് സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഇന്ത്യാക്കാരുടെ പാദങ്ങള്‍ വീതിയേറിയതാണ്. വിദേശികളുടേത് വീതി കുറഞ്ഞതാണ്. നീളത്തിനൊപ്പം അളവുകളും രൂപപ്പെടുത്തുമ്പോള്‍ പാദങ്ങളുടെ വീതിയും പ്രത്യേകം കണക്കാക്കേണ്ടി വരും.
ഇതൊക്കെ പരിഗണിച്ചാണ് പുതിയ അളവ് വരിക. ഇതു കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പാദരക്ഷകള്‍ ഒരുക്കുന്നതിലും സിഎല്‍ആര്‍ഐ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും. ഈ വിഷയത്തില്‍ കൃത്യമായ അറിവുകള്‍ സ്വായത്തമാക്കുന്നതിനായി ഡോക്ടര്‍മാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും സഹായം തേടും.
അസ്ഥി രോഗം, പ്രമേഹം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയ നേരിടുന്നവരെയാണ് ഇതില്‍ പരിഗണിക്കുന്നത്.
10,000 ആളുകളില്‍ പുതിയ പാദരക്ഷകളുടെ ഉപയോഗങ്ങള്‍ക്കായി പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അതിനുശേഷം ഇന്ത്യന്‍ വലിപ്പത്തിലുള്ള പാദരക്ഷകള്‍ വിപണിയില്‍ എത്തിക്കുമെന്നും സിഎല്‍ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു.

