ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ നൂറു രൂപാ വിലയുള്ള പുത്തന്‍ മരുന്ന്
മുംബൈയ്: ക്യാന്‍സര്‍ ചികിത്സയില്‍ പുത്തന്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഗവേഷകര്‍. ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്ക് വീണ്ടും അതേ അവസ്ഥ വരുന്നത് പ്രതിരോധിക്കുന്നതിനുള്ള പുതിയ മരുന്ന് കണ്ടെത്തിയതായി മുംബൈയിലെ ടാറ്റാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍.
ക്യാന്‍സര്‍ ചികിത്സയിലുണ്ടാകുന്ന പാര്‍ശ്വ ഫലങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചെയ്യുന്ന റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയവയുടെ പാര്‍ശ്വഫലങ്ങള്‍ രോഗികള്‍ക്ക് സഹിക്കുന്നതിലും വലുതാണ്.
പുതിയ മരുന്ന് കഴിക്കുന്നതിലൂടെ രോഗികള്‍ക്ക് ഈ അവസ്ഥ പകുതിയായി കുറയ്ക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
പത്ത് വര്‍ഷമെടുത്താണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്ന് ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ സീനിയര്‍ സര്‍ജനായ ഡോ. രാജേന്ദ്ര ബാഡ്വെ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും ചിലവ് കുറഞ്ഞ ക്യാന്‍സര്‍ ചികിത്സയാണിത്. വായ, ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന ക്യാന്‍സറിന് ഈ മരുന്ന് കൂടുതല്‍ ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്ന് ഉപയോഗത്തിനുള്ള അനുമതിക്കായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എഫ്എസ്എസ്എഐ) അപേക്ഷിച്ചിട്ടുണ്ട്.
മൂന്നു മാസത്തിനകം വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജേന്ദ്ര ബാഡ്വെ പറഞ്ഞു. എലികളില്‍ വളര്‍ത്തിയെടുത്ത മനുഷ്യ കാന്‍സര്‍ കോശങ്ങളെ പ്രോഓക്സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണങ്ങളിലൂടെയാണ് സംഘം വിജയം കണ്ടത്.
ക്യാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോഓക്സിഡന്റ് ഗുളികകളാണിത്. റെഡ് വെറാട്രോള്‍, കോപ്പര്‍ സംയുക്തമാണ് മരുന്നിന്റെ ഘടകങ്ങള്‍.

