റോമന്‍ കാലഘട്ടത്തില്‍ മുങ്ങിയ കപ്പലില്‍ ഇന്നത്തേതുപോലെയുള്ള ചില്ല് പാത്രങ്ങള്‍
റോം: രണ്ടായിരം വര്‍ഷം മുമ്പ് കടലില്‍ മുങ്ങി പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ കണ്ട് അമ്പരന്ന് ശാസ്ത്ര ലോകം. കേടുപാടുകളൊന്നും സംഭവിക്കാതെ ചില്ലു പാത്രങ്ങള്‍ക്കൊപ്പം അക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന നിരവധി വസ്തുക്കളാണ് പര്യവേഷകര്‍ കണ്ടെത്തിയത്.
കാപ്പോ-കോര്‍സോ-2 എന്നു വിളിക്കുന്ന റോമന്‍ കപ്പല്‍ ഇറ്റലിക്കും ഫ്രാന്‍സിനും ഇടയിലുള്ള കടലിനടിയിലാണ് തകര്‍ന്നു കിടക്കുന്നത്. കടലിന്റെ ഉപരിതലത്തില്‍നിന്ന് 1,148 അടി താഴെയാണ് കപ്പലുള്ളത്. രണ്ട് വെങ്കല ബേസിനുകള്‍ , ആംഫോറെ എന്നു വിളിക്കുന്ന വെങ്കല യുഗത്തിലെ ചില ജാറുകള്‍ , പാത്രങ്ങള്‍ , കപ്പുകള്‍ , കുപ്പികള്‍ , പ്ളേറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്ളാസ് ടേബിള്‍ വെയര്‍ വസ്തുക്കളുടെ ഒരു വലിയ ശേഖരമാണ് റോബോട്ടുകളുടെ സഹായത്തില്‍ ഗവേഷകര്‍ കരയിലെത്തിച്ചത്.
അസംസ്കൃത ഗ്ളാസ് ബ്ളോക്കുകളും വീണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ പഠനത്തിനും പുനരുദ്ധാരണത്തിനുമായി പുരാവസ്തുക്കള്‍ ഇറ്റലിയിലെ ലബോറട്ടറിയിലേക്കു മാറ്റി.
1912-ല്‍ ഗൈഡോ ഗേ എന്ന എഞ്ചിനീയറാണ് ഈ അവശിഷ്ടം ആദ്യമായി കണ്ടെത്തുന്നത്. പുരാവസ്തു ഗവേഷകര്‍ 2013-ല്‍ സൈറ്റിന്റെ പ്രാഥമിക സര്‍വ്വേ പൂര്‍ത്തിയാക്കി. 2015-ലാണ് വിശദമായ ഗവേഷണം ആരംഭിക്കുന്നത്. കണ്ടെടുക്കപ്പെട്ട വസ്തുക്കള്‍ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ നിര്‍മ്മിക്കപ്പെട്ടവയാകാമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.
കണ്ടെടുത്ത കപ്പല്‍ മിഡില്‍ ഈസ്റ്റിലെ ഒരു തുറമുഖറത്തുനിന്നുമാണ് യാത്ര തിരിച്ചതെന്നാണ് ഗവേഷകരുടെ അനുമാനം. സിറിയ അല്ലെങ്കില്‍ ലെബനനില്‍നിന്ന് ഫ്രഞ്ച് തീരത്തേക്കായിരുന്നു സഞ്ചാരം.

