ഇന്ത്യയില്‍ കഴുത്തിനെയും തലയെയും ബാധിക്കുന്ന അര്‍ബുദ നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കഴുത്തിനെയും തലയെയും ബാധിക്കുന്ന അര്‍ബുദ രോഗ നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട്. ഈ രോഗത്തില്‍ ലോകത്ത് 7-ാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ.
ഈ അര്‍ബുദ കേസുകളില്‍ 57.5 ശതമാനവും ഏഷ്യയില്‍നിന്ന് പ്രത്യേകിച്ച് ഇന്ത്യയില്‍നിന്നാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2040 ഓടു കൂടി ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ 50-60 ശതമാനം വര്‍ദ്ധനയുണ്ടാകാമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് തലയെയും കഴുത്തിനെയും ബാധിക്കുന്ന അര്‍ബുദം കൂടുതലായി കാണപ്പെടുന്നത്. 60ഉം 70ഉം വയസുകളിലാണ് ഇത് കൂടുതലും കണ്ടു വരുന്നത്. എന്നാല്‍ 20-50 പ്രായ വിഭാഗക്കാരില്‍ 24.2 മുതല്‍ 33.5 ശതമാനം വരെ വര്‍ദ്ധന ഈ അര്‍ബുദത്തിന്റെ കാര്യത്തില്‍ ഉണ്ടാകാമെന്ന് കണക്കാക്കപ്പെടുന്നു.
മാറുന്ന ജീവിതശൈലി, പുകവലി, പുകയില ഉപയോഗം, മദ്യപാനം, പോഷണക്കുറവ് എന്നിവയാണ് ഇതിനുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. പുകയിലയും മദ്യവും അമിതമായി ഉപയോഗിക്കുന്നവരില്‍ ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിനുള്ള സാദ്ധ്യത 35 ശതമാനം അധികമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വൈറ്റമിന്‍ എ, സി, ഇ, അയണ്‍ , സെലനിയം, സിങ്ക് എന്നിവയുടെ ഭക്ഷണത്തിലെ അപര്യാപ്തതയും അര്‍ബുദത്തിലേക്ക് നയിക്കപ്പെടുന്ന ഘടകങ്ങളാണെന്നും അതുപോലെ ഉയര്‍ന്ന അളവില്‍ ഉപ്പു ചേര്‍ത്ത ബക്ഷണത്തിന്റെയും ഗ്രില്‍ഡ് ബാര്‍ബിക്യു മാംസത്തിന്റെയും തണുപ്പിച്ചതും സംസ്ക്കരിച്ചതുമായ ഭക്ഷണത്തിന്റെയും അമിത ഉപയോഗവും അര്‍ബുദ സാദ്ധ്യത വര്‍ദ്ധിപ്പിച്ചേക്കാം എന്നു ചൂണ്ടിക്കാണിക്കുന്നു.

