തീ ഉപയോഗിച്ച പാചകം ചെയ്തതിന്റെ പുരാതന തെളിവുമായി ഗവേഷകര്‍
യെരുശലേം: മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭക്ഷണം പാകം ചെയ്യാന്‍ മനുഷ്യര്‍ തീ ഉപയോഗിച്ചിരുന്നുവെന്ന് യിസ്രായേല്‍ പുരാവസ്തു ഗവേഷകന്മാരുടെ സംഘം കണ്ടെത്തി.
വടക്കന്‍ യിസ്രായേലില്‍ നിന്നു കണ്ടെത്തിയ 780,000 വര്‍ഷം പഴക്കമുള്ള വലിയ കരിമീന്‍ പോലുള്ള ഒരു തരം മത്സ്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഹീബ്രു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇതിനുള്ള തെളിവുകള്‍ കണ്ടെത്തിയത്. പാചകം ചെയ്തിരുന്നതിനെക്കുറിച്ച് ഇതുവരെയുള്ള ആദ്യ തെളിവ് ബിസി 170,000 ലാണെന്നായിരുന്നു കണ്ടെത്തല്‍ .
അസംസ്കൃത ഭക്ഷണം കഴിക്കുന്നതില്‍നിന്ന് പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിലേക്കുള്ള മാറ്റം മനുഷ്യന്റെ വികാസത്തിനും പെരുമാറ്റത്തിനും വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ വാദം.
ഗലീല കടലിനു വടക്ക് യോര്ദ്ദാന് നദീതിരത്ത് ഏകദേശം 14 കിലോമീറ്റര്‍ വ്യപിച്ചു കിടക്കുന്ന ഗെഷര്‍ ബെനോട്ട് യാക്കോബ് പുരാവസ്തു ഗവേഷണ സ്ഥലത്തുനിന്നാണ് 2 മീറ്റര്‍ (6.5 അടി) നീളമുള്ള മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്.
മത്സ്യത്തിന്റെ പല്ലിലെ ഇനാമലില്നിന്നുള്ള പരലുകള്‍ ഗവേഷകര്‍ പഠനവിധേയമാക്കി. ഇവ വലിയ തോതില്‍ സ്ഥലത്തുനിന്നും കണ്ടെത്തി.
ക്രിസ്റ്റലുകള്‍ വികസിച്ച രീതി അവ നേരിട്ട് തീ ഏല്ക്കാതെ കുറഞ്ഞ താപ നിലയില്‍ പാകം ചെയ്തിരുന്നതിന്റെ അടയാളമാണെന്നാണ് ഗവേഷകരുടെ വാദം.
ലക്ഷ്യമായ ഭക്ഷ്യ വിഭവങ്ങള്‍ പരമാവധി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്ന നിലയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യമായ വൈദഗ്ദ്ധ്യം നേടിയത് ഒരു സുപ്രധാന പരിണാമ മാറ്റമാണെന്ന് ഉല്ഖനനത്തിനു നേതൃത്വം നല്കിയ യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ നാമ ഗോറന്‍ ഇന്‍ബാര്‍ പറഞ്ഞു.
യിസ്രായേല്‍ , ബ്രിട്ടന് , ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരുടെ സംയുക്ത പഠനത്തിലാണ് ഈ കണ്ടെത്തല്‍ .

