കൊറോണയെ കൊല്ലാന്‍ പ്ളാസ്റ്റിക് ഫിലിം വികസിപ്പിച്ച് ഗവേഷകര്‍
ലണ്ടന്‍ : കോവിഡിനു കാരണമായി സാര്‍സ് കോവ് 2 ഉള്‍പ്പെടെയുള്ള വൈറസുകളെ നിര്‍ജ്ജീവമാക്കുവാന്‍ ശേഷിയുള്ള പ്ളാസ്റ്റിക് ഫിലിം വികസിപ്പിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ .
ഈ ഫിലിമില്‍ സാധാരണ വെളിച്ചം പതിച്ചാല്‍ വൈറസുകള്‍ നശിക്കും. ആശുപത്രികളില്‍ ഒറ്റ തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മേശവിരിപ്പ്, കര്‍ട്ടന്‍ , ജീവനക്കാരുടെ കുപ്പായം എന്നിവയില്‍ ഇതു പ്രയോഗിക്കാന്‍ കഴിയും.
അള്‍ട്രാ വയലറ്റ് വെളിച്ചം ആഗീരണം ചെയ്യാന്‍ കഴിയുന്ന കണങ്ങളുടെ നേര്‍ത്ത ഒരു പാളി ഈ ഫിലിമില്‍ പൂശിയിട്ടുണ്ട്.
വെളിച്ചം പതിക്കുമ്പോള്‍ അവ റിയാക്ടീവ് ഓക്സിജനില്‍ നിന്നു രൂപം കൊള്ളുന്ന വന്‍ പ്രതിപ്രവര്‍ത്തന ശേഷിയുള്ള രാസവസ്തുക്കളാണ് ആര്‍ ഒ എസ്. ഇവയാണ് വൈറസുകളെ നിര്‍ജ്ജീവമാക്കുന്നതെന്ന് ഫിലിം വികസിപ്പിച്ച ബെല്‍ ഫാസ്റ്റ് ക്വീന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു.
ഈ പ്ളാസ്റ്റിക് ഫിലിം മണ്ണില്‍ അലിയുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്നങ്ങളില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കി. രണ്ടു തരം ഇന്‍ഫ്ളുവന്‍സ് എ വൈറസ്, ഇ എംസി വൈറസ്, സാര്‍സ് കോവ് 2 വൈറസ് എന്നിവയുപയോഗിച്ച് ഈ ഫിലിമില്‍ പരീക്ഷണം നടത്തി.
വൈറസ് കണങ്ങള്‍ പുരണ്ട ഫിലിം അള്‍ട്രാ വയലറ്റ് വെളിച്ചത്തിലോ ഫ്ളൂറസന്റ് വിളക്കിന്റെ വെളിച്ചത്തിലോ കാണിച്ചപ്പോള്‍ വൈറസ് നിര്‍ജ്ജീവമായി.
വൈറസ് വ്യാപനം കാര്യമായി കുറയ്ക്കാന്‍ ഈ ഫിലിമിനാകുമെന്നാണ് ഗവേഷകരുടെ കണക്കു കൂട്ടല്‍ .

