അണ്ഡമില്ല, ബീജവുമില്ല; ആദ്യ ഭ്രൂണം നിര്‍മ്മിച്ച് യിസ്രായേല്‍ ഗവേഷകര്‍
യെരുശലേം: അണ്ഡം, ബിജം എന്നിവയില്ലാതെ ഭ്രൂണം നിര്‍മ്മിച്ചെടുത്ത് യിസ്രായേലി ഗവേഷകര്‍ .
മൂല കോശങ്ങളെ ഭ്രൂണമാക്കി മാറ്റിയത് യിസ്രായേലിലെ വെയ്സ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ്. എലികളിലെ മൂല കോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയമുള്ള ഭ്രൂണ രൂപങ്ങള്‍ വികസിപ്പിച്ചെടുക്കാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
3ഡി ബയോപ്രിന്റര്‍ എന്ന ലക്ഷ്യത്തിലേക്ക് ശാസ്ത്രലോകം ഒരു പടികൂടെ ചുവടുവെച്ചതായി ഗവേഷണ സംഘാംഗമായ പ്രൊഫ. ജേക്കബ് ഹന്ന അറിയിച്ചു. ഇത്തരം ഭ്രൂണത്തെ സിന്തറ്റിക് ഭ്രൂണമെന്നാണ് വിശേഷിപ്പിക്കുന്നത്.
ബീജ സങ്കലനം നടത്തിയ അണ്ഡങ്ങള്‍ ഉപയോഗിക്കാതെ നിര്‍മ്മിച്ചതിനാലാണ് ഈ വിശേഷണം. സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും പേശികളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഗവേഷണം സഹായകമാകുമെന്നാണ് ശാസ്ത്രത്തിന്റെ പ്രതീക്ഷ.
ഭാവിയില്‍ മനുഷ്യരില്‍ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സിന്തറ്റിക് ഭ്രൂണങ്ങള്‍ സഹായകരമാകും. എന്നാല്‍ ഇത് യഥാര്‍ത്ഥ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.
എലികളുടെ ഭ്രൂണത്തെ അപേക്ഷിച്ചു മനുഷ്യ ഭ്രൂണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നതാണ് കാരണം. മനുഷ്യ ഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുള്ള ശേഷിയില്ലെന്ന് പ്രൊഫ ഹന്ന പറഞ്ഞു.

