ലൌ ജിഹാദ്: ന്യൂനപക്ഷ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി
ന്യൂഡെല്‍ഹി: ലൌജിഹാദ് സംബന്ധിച്ച പരാതികളിലെ അന്വേഷണ പുരോഗതി വിശദീകരിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ കേരള ചീഫ് സെക്രട്ടറിയോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ .
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സംസ്ഥാനത്തു സന്ദര്‍ശനം നടത്തി ബന്ധപ്പെട്ടനരുമായി ചര്‍ച്ച നടത്തുമെന്നു കമ്മീഷന്‍ ദേശീയ ചെയര്‍മാന്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തുടര്‍ നടപടി സ്വീകരിക്കും.
ലൌജിഹാദ് കേസുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വ്വാഹണ സമിതി അംഗം അഡ്വ. ജോജോ ജോസ് നല്‍കിയ പരാതിയിന്മേലാണ് നടപടി.
പ്രണയക്കെണിയില്‍പ്പെടുത്തി പെണ്‍കുട്ടികളെ മതം മാറ്റുന്ന സംഭവങ്ങളെ ഗൌരവത്തോടെ കാണുന്നതായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സിക്ക് സമുദായത്തില്‍നിന്നുള്ള ആദ്യ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷനുമായ ലാല്‍പുര പറഞ്ഞു.
പരാതിയില്‍ കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ കണക്കിലെടുത്ത് ഇടപെടലുകള്‍ നടത്തുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചതായി ചെയര്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ജോജോ അറിയിച്ചു.
നിരവധി ക്രൈസ്തവ പെണ്‍കുട്ടികളെ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടത്തിയിട്ടുണ്ട്. നിര്‍ബന്ധിത മതംമാറ്റത്തെപ്പറ്റിയും പെണ്‍കുട്ടികളെ വിദേശത്തേക്കു കടത്തുന്നതിനെപ്പറ്റിയും സമഗ്ര അന്വേഷണം ആവശ്യമാണെന്ന് പരാതിയില്‍ പറയുന്നു.

