സദാചാരപ്പോലീസിന് ആളുമാറി; പാസ്റ്റര്‍ക്ക് ക്രൂര മര്‍ദ്ദനം
പുല്‍പ്പള്ളി: സദാചാരപോലീസ് ആളുമാറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു. വയനാട് ആനപ്പാറ നടുവിലെ വീട്ടില്‍ പാസ്റ്റര്‍ ബേബിക്കാണ് (പീറ്റര്‍ 49) മര്‍ദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ പാസ്റ്ററെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 7.30നായിരുന്നു സംഭവം. സ്ഥലത്തെ ഒരു അദ്ധ്യാപകന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. കര്‍ണ്ണാടക സിദ്ധാപുരത്ത് കര്‍ത്താവിന്റെ വേല ചെയ്തു വരുന്ന ബേബി കഴിഞ്ഞ ഞായറാഴ്ചയാണ് ആനപ്പാറയിലെ വീട്ടിലെത്തിയത്. തിങ്കഴാള്ച രാത്രി സമീപത്തെ തറവാട് വീട്ടില്‍ പോയി. മടങ്ങുമ്പോള്‍ വഴിയില്‍ പതിയിരുന്ന് സംഘം ആക്രമിക്കുകയായിരുന്നു.
അദ്ധ്യാപകനായ ഭരണകക്ഷിപ്രവര്‍ത്തകന്റെ ഭാര്യയെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് ഇവര്‍ക്ക് ആളുമാറിയെന്ന് ബോദ്ധ്യമായത്. ഇതോടെ സംഘം സ്ഥലം വിട്ടു. പിന്നീട് ഇവര്‍തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അര്‍ദ്ധരാത്രിയോടെ പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മര്‍ദ്ദനമേറ്റ് അവശിലയില്‍ കിടക്കുന്ന ബേബിയെ കണ്ടെത്തിയത്.
പിന്നീട് ബന്ധുക്കളെ വിവരം അറിയിക്കുകയും ഇവരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ബേബിയുടെ കര്‍ണ്ണപടം പൊട്ടി, കണ്ണിനും മുറിവേറ്റു. റോഡിലൂടെ വലിച്ചിഴച്ചതിനാല്‍ ശരീരത്തിന്റെ തൊലിയും ഇളകി. കൈകാലുകളിലും പുറത്തും മുറിവുണ്ട്.

