ഹാരപ്പന്‍ കാലഘട്ടത്തെ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ കണ്ടെത്തി
ഗുരുഗ്രാം: ഹരിയാനയില്‍ 5000 വര്‍ഷങ്ങള്‍ മുമ്പുള്ള ഹാരപ്പന്‍ കാലഘട്ടത്തെ ശവക്കല്ലറയില്‍നിന്നും ലഭിച്ച രണ്ടു മനുഷ്യ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ കണ്ടെത്തി.
ഹാരപ്പന്‍ കാലഘട്ടത്തിലെ ജനങ്ങളുടെ ഭക്ഷണ രീതി ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) പറഞ്ഞു.
അസ്ഥികൂടങ്ങള്‍ ലഭിച്ച സ്ഥലത്തിനു സമീപത്തുനിന്നും കുടങ്ങളും കരകൌശല വസ്തുക്കളും ലഭിച്ചിട്ടുണ്ട്. ഹാരപ്പന്‍ കാലഘട്ടത്തില്‍ മൃതദേഹങ്ങള്‍ക്കൊപ്പം ഇത്തരം വസ്തുക്കള്‍ അടക്കം ചെയ്യുന്ന പതിവുണ്ടായിരുന്നു. ആര്‍ജിആര്‍ -7 എന്നു പേരിട്ടിരിക്കുന്ന പ്രദേശത്തുനിന്നാണ് അസ്ഥികൂടം ലഭിച്ചത്.
ആര്‍ജിആര്‍ -1 മുതല്‍ ഏഴു വരെ വ്യത്യസ്ത പ്രദേശത്താണ് രാഖിഗര്‍ഹിയില്‍ ഉല്‍ഖനനം നടത്തുന്നത്. രാഖി ഖാസ, രാഖി സഹ്പൂര്‍ ഗ്രാമങ്ങളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ആര്‍ജിആര്‍ -7 ഹാരപ്പന്‍ യുഗത്തിലെ ശവപ്പറമ്പായിരുന്നു.
രണ്ടു സ്ത്രീകളുടെ അസ്ഥികൂടം ആര്‍ജിആര്‍ -7-ല്‍നിന്ന് രണ്ടു മാസം മുമ്പ് ലഭിച്ചു. അതില്‍നിന്നും വിദഗ്ദ്ധ സംഘം ഡിഎന്‍എ ശേഖരിച്ച് ഒരാഴ്ച മുമ്പ് പരിശോധനയ്ക്ക് അയച്ചതായി എഎസ്ഐ ജോയിന്റ് ഡയറക്ടര്‍ എസ്.കെ. മഞ്ജുള്‍ പറഞ്ഞു.