ആയിരക്കണക്കിനു മ്യാന്‍മര്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ അഭയം തേടി
ന്യൂഡെല്‍ഹി: മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന്റെ പീഢനങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിനു ക്രൈസ്തവര്‍ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് അഭയം തേടിയതായി ക്രൈസ്തവ നേതാക്കളും സന്നദ്ധ പ്രവര്‍ത്തകരും അറിയിച്ചു. മ്യാന്‍മറില്‍ 2021 ഫെബ്രുവരിയില്‍ അധികാരം ഏറ്റെടുത്ത പട്ടാളം ആയിരക്കണക്കിനു നിരപരാധികളായ പൌരന്മാരെയാണ് കൊന്നൊടുക്കിയതെന്ന് പ്രമുഖ ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പട്ടാളം ജനങ്ങളെ ഉപദ്രവിക്കുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ഗ്രാമങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കുകയും സ്ത്രീകളെയും, കുട്ടികളെയും മാനഭംഗപ്പെടുത്തുകയും ചെയ്തതായും വാര്‍ത്തകളുണ്ട്. സാധാരണക്കാരായ ആളുകളെ പട്ടാളക്കാര്‍ കൊള്ളയടിക്കുകയും അവരുടെ വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്നു.
ഇതിന് ഇരയാകുന്നവര്‍ നല്ലൊരു വിഭാഗവും ക്രൈസ്തവരാണ്. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളാണ് സമീപ രാജ്യങ്ങളിലേക്ക് അഭയം തേടിയത്. അടുത്തിടെ സ്വന്തം വീടും നാടും ഉപേക്ഷിച്ച് ഏകദേശം 5540 പുരുഷന്മാരും, സ്ത്രീകളും കുട്ടികളും, ശിശുക്കളും, വൃദ്ധരുമൊക്കെ ഇന്ത്യയിലെ മിസോറാം സംസ്ഥാനത്ത് അഭയം തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
മ്യാന്‍മറിലെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ ചിന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശമാണ് മിസോറാം. വലിയ ഒരു നദി കടന്നാണ് മ്യാന്‍മര്‍ ക്രൈസ്തവര്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെത്തിയത്. അവര്‍ വളരെ ക്ഷീണിതരായും വിശന്നവരായുമാണ് ഇവിടെ എത്തിയതെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു.
ഇന്ത്യാക്കാരായ വിശ്വാസികള്‍ അഭയാര്‍ത്ഥികളായെത്തിയ സഹോദരങ്ങള്‍ക്ക് ടിന്‍ഷീറ്റുകള്‍കൊണ്ട് ഷെഡ്ഡുകള്‍ ഒരുക്കിയാണ് മ്യാന്‍മര്‍ പൌരന്മാരെ സംരക്ഷിക്കുന്നത്. അവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രങ്ങള്‍ , മറ്റ് അത്യാവശ്യ സാധനങ്ങള്‍ക്കായുള്ള പണം ആവശ്യമായി വരുന്നു. ഇതിനായി പ്രത്യേക ഫണ്ടു ശേഖരണവും നടത്തുന്നുണ്ട്. 50 ഓളം ഇന്ത്യന്‍ ഗ്രാമങ്ങളിലാണ് ഇതുവരെ മ്യാന്‍മര്‍ ക്രൈസ്തവര്‍ താമസിക്കുന്നത്.
അഭയാര്‍ത്ഥികളെ സഹായിക്കാനായി ക്രൈസ്തവ സഭകളും ചില സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അഭയാര്‍ത്ഥികള്‍ക്ക് വളരെയേറം ആശ്വാസമാണ് ലഭിച്ചത്.

