റഷ്യ ആണവ മിസൈല്‍ പരിശീലനം നടത്തി; ആശങ്കയില്‍ ലോകം
മോസ്ക്കോ: യുക്രൈനില്‍ റഷ്യയുടെ ആക്രണം തുടരുന്നതിനിടയില്‍ ആണവായുധ പരിശീലനമാരംഭിച്ച് റഷ്യ. പടിഞ്ഞാറന്‍ നഗരമായ ലെനിന്‍ ഗ്രാഡിലാണ് റഷ്യ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തൊടുത്ത് പരിശീലനം നടത്തുന്നത്.
പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള ബാള്‍ട്ടിക് സമുദ്ര മേഖലയിലാണ് ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഇസ്കാന്‍ഡര്‍ മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ സംവിധാനത്തിന്റെ ഇലക്ട്രോണിക് ലോഞ്ച് നടത്തിയത്. ഇതില്‍ നൂറോളം സൈനികര്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യു.എസ്. ഉള്‍പ്പെടെയുള്ള നാറ്റോ അംഗരാജ്യങ്ങള്‍ യുക്രൈനിന് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതിനെതിരെ റഷ്യ രംഗത്തെത്തിയിരുന്നു.
ഈ നടപടി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ആണവായുധം പോലും പ്രയോഗിക്കാന്‍ മടിക്കില്ലെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് പരിശീലനവും ആരംഭിച്ചത്. റഷ്യയുടെ ഈ നടപടിയില്‍ ലോകം ആശങ്കയിലാണ്.

