32 ക്രൈസ്തവരെ കൊന്നു; 200 വീടുകള്‍ തകര്‍ത്തു
അബുജ: നൈജീരിയായില്‍ നൂറോളം വരുന്ന സായുധരായ ഫുലാനി മുസ്ളീം തീവ്രവാദികള്‍ ക്രൈസ്തവരുടെ വീടുകളില്‍ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ 32 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
200 വീടുകളും തകര്‍ക്കപ്പെട്ടു. മാര്‍ച്ച് 20-ന് ഞായറാഴ്ച രാത്രി 8 മണിക്കും 11 മണിക്കും ഇടയിലായി 3 മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് അക്രമികള്‍ നരനായാട്ട് നടത്തിയത്.
കഡുന സംസ്ഥാനത്ത് കൌര കൌണ്ടിയില്‍ ക്രൈസ്തവരുടെ കേന്ദ്രമായ കഗോരോ നഗരത്തിലാണ് ആക്രമണം നടന്നത്. 25 ഓളം ക്രൈസ്തവര്‍ തല്‍ക്ഷണം മരിച്ചതായി പ്രദേശവാസിയായ വയലറ്റ് പീറ്റര്‍ പറഞ്ഞു. രണ്ടു പട്ടാളക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കഗോരോ നഗരത്തിലെ ടിസോഞ്ചി, അഗബാന്‍ , കതാംഗ, കഡാര്‍കോ ഏരിയാകളിലാണ് ആക്രമണമുണ്ടായതെന്ന് കഡുന സ്റ്റേറ്റ് ആഭ്യന്തരമന്ത്രി ലയം കമ്മീഷ്ണര്‍ സാമുവല്‍ അരുവാന്‍ പറഞ്ഞു. പരിക്കേറ്റ 7 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അബിഗയില്‍ ജോഷ്വാ എന്ന സ്ത്രീയെ അക്രമികള്‍ തട്ടിക്കൊണ്ടു പോവുകയുണ്ടായി. 200 വീടുകളും 32 കടകളും തീവെച്ചു നശിപ്പിച്ചു. 3 വാഹനങ്ങളും 17 മോട്ടോര്‍ സൈക്കിളുകളും തകര്‍ത്തു. പിറ്റേദിവസം സര്‍ക്കാര്‍ കൌര, ജെമ എന്നീ കൌണ്ടിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. സംഭവത്തില്‍ റവ. ജോണ്‍ ജോസഫ് ഹയാബ് (ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നൈജീരിയ കഡുന സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ ) പ്രതിഷേധിച്ചു.
നൈജീരിയായില്‍ ക്രൈസ്തവര്‍ വളരെ ദുഃഖത്തോടും ഭീതിയോടും കൂടിയാണ് ജീവിക്കുന്നത്. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ , തട്ടിക്കൊണ്ടുപോകലുകള്‍ മറ്റു അതിക്രമങ്ങള്‍ എന്നിവ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന ഭരണകൂടം ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്നു ആരോപിക്കുകയുണ്ടായി.

