ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് ആക്രമണം പെരുകുന്നു
ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നതായി വസ്തുതാ പഠന റിപ്പോര്‍ട്ട്. യു.പി.യിലെ മൌവില്‍ ഉര്‍സുലിന്‍ ഫ്രാന്‍സിസ്ക്കന്‍ സന്യാസ സഭാംഗങ്ങളായ രണ്ടു കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ളവ ഇതിന്റെ തുടര്‍ച്ചയാണ്.
വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസ പ്രകാരമുള്ള ആരാധനാ ക്രമങ്ങള്‍ പാലിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം ആരോപിച്ചു പോലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി അറസ്റ്റു ചെയ്യിക്കുന്ന സാഹചര്യമാണുള്ളത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ് എന്നിവ സംയുക്തമായി നടത്തിയ വസ്തുതാ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ 273 ദിവസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള 305 ആക്രമണ സംഭവങ്ങള്‍ രാജ്യത്തുണ്ടായി.
ഒരു ദിവസം ഒന്നിലേറെ ആക്രമണങ്ങള്‍ നടക്കുന്നു. വസ്തുതാ പഠന സംഘം പ്രസ് ക്ളബ്ബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ദേശീയ കോ ഓര്‍ഡിനേറ്റര്‍ എ.സി. മൈക്കിള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 9 മാസങ്ങള്‍ക്കുള്ളില്‍ യു.പി. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 169 ആക്രമണങ്ങളുണ്ടായി.
ഇക്കാലയളവില്‍ കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരായ 32 ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 1331 വനിതകള്‍ക്കും പരിക്കേറ്റു. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി 300 ലധികം ആള്‍ക്കൂട്ട ആക്രമണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 28 സ്ഥലങ്ങളില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു.

