എലികളില്‍ കൊമ്പ് വളര്‍ത്തി; മനുഷ്യരില്‍ നഷ്ടപ്പെട്ട അവയവങ്ങള്‍ പുനസൃഷ്ടിക്കാമെന്ന് ശാസ്ത്രജ്ഞര്‍
ബീജിംഗ്: മൂലകോശ സാങ്കേതിക വിദ്യ ഉപയോഗിച്ച് എലികളില്‍ കൊമ്പ് ഉയര്‍ത്തി ചൈനീസ് ശാസ്ത്രജ്ഞര്‍ . ഈ സാങ്കേതിക വിദ്യയിലൂടെ മനുഷ്യരില്‍ നഷ്ടപ്പെട്ട അവയവങ്ങള്‍ വീണ്ടും വളര്‍ത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ചൈനയിലെ സിയാനിലെ നോര്‍ത്ത് വെസ്റ്റേണ്‍ പോളിടെക്നിക്കല്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പദ്ധതിക്കു പിന്നില്‍ . മാനുകളുടെ കൊമ്പുകള്‍ ഇടയ്ക്കിടയ്ക്ക് പൊഴിയാറുണ്ട്, വീണ്ടും വളര്‍ന്നു വരികയും ചെയ്യും.
ഇതാണ് ഗവേഷകര്‍ക്ക് ഇത്തരമൊരു പരീക്ഷണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ . കൊമ്പുകളുടെ പുനരുജ്ജീവനത്തിനു കാരണമാകുന്ന കോശങ്ങളെ തിരിച്ചറിഞ്ഞതാണ് വഴിത്തിരവായത്. തുടര്‍ന്നു എലികളുടെ നെറ്റിയിലേക്ക് മാനുകളുടെ കോശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
45 ദിവസത്തിനുശേഷം ചെറിയ കൊമ്പുകള്‍ വളരാന്‍ തുടങ്ങി. ഇതേ സാങ്കേതിക വിദ്യ മനുഷ്യരിലെ അസ്ഥികളിലെ തകരാര്‍ പരിഹരിക്കാന്‍ ഉപയോഗിക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഒരു ഘട്ടം കൂടിക്കഴിഞ്ഞാല്‍ അവയവങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പോലും കഴിയുമെന്നാണ് അവരുടെ വിശ്വാസം.
എല്ലാ വര്‍ഷവും പുനരുജ്ജീവിക്കുന്ന മാനുകളുടെ ശരീര ഭാഗമാണ് കൊമ്പുകള്‍ . പ്രകൃതിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ജീവനുള്ള കോശങ്ങളില്‍ ഒന്നാണിത്. ചില മൃഗങ്ങള്‍ക്ക് ഒരു അവയവം നഷ്ടപ്പെട്ടതിനു ശേഷം ബ്ളാസ്റ്റെമ എന്നറിയപ്പെടുന്ന കോശങ്ങള്‍ രൂപപ്പെടും.
ഒടുവില്‍ ആ അവയവങ്ങള്‍ തിരികെ വളരുന്ന കോശങ്ങളായി രൂപാന്തിരപ്പെടും. ബ്ളാസ്റ്റെമ കോശങ്ങളാണ് മാന്‍ കൊമ്പുകള്‍ വീണ്ടും വളരാന്‍ സഹായകരമാകുന്നത്.
2020-ലാണ് ചൈനീസ് ഗവേഷകര്‍ എലികളില്‍ കൊമ്പ് വളര്‍ത്തല്‍ പരീക്ഷണം തുടങ്ങിയത്. സിങ്ക മാനിന്റെ ആര്‍എന്‍എ പഠിച്ചാണ് കൊമ്പ് വളര്‍ത്തല്‍ സൂത്രം കണ്ടെത്തിയത്. കൊഴിയുന്നതിനു 10 ദിവസം മുമ്പ് കൊമ്പുകളോടു ചേര്‍ന്ന ഭാഗത്ത് മൂല കോശങ്ങള്‍ ധാരാളമുണ്ടായതായി കണ്ടെത്തി.
അഞ്ച് ദിവസത്തിനുശേഷം അവയില്‍ നേരിയ മാറ്റമുണ്ടായി. മാറ്റമുണ്ടായ കോശങ്ങളെ എ.ബി.പി.സി. കോശങ്ങളെന്നാണ് വിളിക്കുന്നത്. 10 ദിവസമായപ്പേഴേക്കും എ.ബി.പി.സികള്‍ തരുണാസ്ഥിയും അസ്ഥിയുമായി മാറാന്‍ തുടങ്ങി.
ഈ മാതൃക മനുഷ്യരിലേക്കു പകര്‍ത്താനുള്ള ഗവേഷണമാണ് നടന്നു വരുന്നത്.

