യേശുക്രിസ്തുവിന്റെ പുനര്ജന്മമാണെന്നു പറഞ്ഞു വിലസി നടന്നയാള്‍ അറസ്റ്റില്‍
മോസ്ക്കോ: യേശുക്രിസ്തുവിന്റെ പുനര്‍ ജന്മമാണെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങളായി വിലസി നടന്ന 59 കാരനായ ആള് ദൈവത്തെ പോലീസ് അറസ്റ്റു ചെയ്തു.
അനുയായികളെ കൈയ്യിലെടുത്ത് അവരെ മാനസികമായി ചൂഷണം ചെയ്യുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത സെര്‍ജി ടോറൊപിണയെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
സൈബീരിയയില്‍ വച്ച് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ നേതൃത്വത്തില്‍ ഹെലികോപ്ടറുകളുടെയും സായുധ സേനയുടെയും അകമ്പടിയോടുകൂടി പ്രത്യേക ഓപ്പറേഷനിലൂടെയാണ് അനുയായികള്ക്കിടയില്നിന്നും ഇയാളെ അറസ്റ്റു ചെയ്തത്. സെര്‍ജിയെ ഹെലികോപ്ടര്‍ വഴിയാണ് സൈബീരിയയില്‍നിന്നും കൊണ്ടുപോയത്.
ഒരു മുന്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ സെര്‍ജി അനുയായികള്‍ക്കിടയില്‍ കുപ്രസിദ്ധി ആര്ജ്ജിച്ചിരുന്നത് ‘വിസാരിയോണ്‍ ’ എന്ന പേരിലായിരുന്നു. മുടി നീട്ടി വളര്‍ത്തി താടിയുമായി രൂപത്തിലും ഭാവത്തിലും ആത്മീയത പുലര്‍ത്തിയ ഇയാള്‍ അനുയായികളെ മാനസികമായി അടിമകളാക്കി മാറ്റുകയാണ് രീതി.
1989-ല്‍ ട്രാഫിക് പോലീസിലെ ജോലി നഷ്ടപ്പെട്ട സെര്‍ജിക്ക് ഒരു പ്രത്യേക ബോധോദയം ഉണ്ടായതായും തുടര്‍ന്ന് 1991-ല്‍ ദ ചര്‍ച്ച് ഓഫ് ലാസ്റ്റ് ടെസ്റ്റമെന്റ് എന്ന സംഘടന രൂപീകരിച്ച് സ്വയം ആത്മീയ നേതാവായി രംഗ പ്രവേശനം ചെയ്യുകയുമായിരുന്നു.
“ഞാന്‍ ദൈവമല്ല, യേശുവിനെ ദൈവമായി കാണുന്നത് തെറ്റാണ്, ഞാന്‍ പിതാവായ ദൈവത്തിന്റെ ജീവനുള്ള വചനമാണ്. ദൈവം പറയാന്‍ ആഗ്രഹിക്കുന്നതെല്ലാം എന്നിലൂടെ പറയുന്നു”. ഇങ്ങനെയൊക്കെയാണ് ഇത്രയും കാലം ഇയാള്‍ അനുയായികളെ പറഞ്ഞു പഠിപ്പിച്ചിരുന്നത്.
ഒരു ലക്ഷണമൊത്ത കള്‍ട്ടു നേതാവായി വളര്‍ന്നു വന്ന സെര്‍ജിക്ക് സൈബീരിയന്‍ വനാന്തരങ്ങളില്‍ 20-ഓളം ആരാധനാലയങ്ങളുണ്ടെന്നാണ് വിവരം. ഇവിടെ 4,000-ത്തിലധികം അനുയായികളുമുണ്ടത്രെ. സെര്‍ജിയുടെ അടുത്ത അനുയായികളായ വ്ളാഡിമര്‍ റെഡ്കീന് , വ്ളാഡിമര്‍ ഫെഡര്നികോവ് എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
സൈബീരിയായിലെ വിദൂര പ്രദേശമായ ക്രാസ്നോയാര്‍സ്ക് ആണ് സെര്‍ജിയുടെ സംഘടനയുടെ ആസ്ഥാനം.
റഷ്യയിലെ ഉദ്യോഗസ്ഥര്‍ മുതല്‍ തീര്‍ത്ഥാടകര്‍ വരെ പലരും ഈ കള്‍ട്ടിലേക്ക് ചേര്‍ന്നിട്ടുണ്ടായിരുന്നു. സെര്‍ജിയുടെ ജന്മദിനമായ ജനുവരി 14-നാണ് ഇയാളുടെ അനുയായികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്.
യേശു ഭൂമിയോടടുത്തുള്ള ഒരു ഭ്രമണ പഥത്തില്നിന്നും മനുഷ്യരെ നിരീക്ഷിക്കുന്നുണ്ടെന്നും കന്യാമറിയാമാണു റഷ്യയെ നയിക്കുന്നതെന്നുമായിരുന്നു സെര്‍ജി ആജ്യ കാലങ്ങളില്‍ അനുയായികളെ പഠിപ്പിച്ചിരുന്നത്.
എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായപ്പോള്‍ സൂത്രത്തില്‍ താന്‍ തന്നെയാണ് ‘യേശു’ എന്ന പ്രഖ്യാപനം നടത്തി അനുയായികള്‍ക്കിടയില്‍ സാമ്രാജ്യം സ്ഥാപിക്കുകയായിരുന്നു.

