നൈജീരിയായില്‍ 45 വിശ്വാസികളെ ചര്‍ച്ചില്‍നിന്നും തട്ടിക്കൊണ്ടുപോയി
കഡുന: നൈജീരിയായില്‍ ചര്‍ച്ച് ഹാളില്‍ ആരാധിച്ചുകൊണ്ടിരുന്ന 45 ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.
സെപ്റ്റംബര്‍ 19-ന് തിങ്കളാഴ്ച കഡുന സംസ്ഥാനത്തെ കസുവാന്‍ മഗാനി ടൌണിലെ ഖെരുബീം ആന്‍ഡ് സെറാഫിം ചര്‍ച്ചിലാണ് സംഭവം നടന്നതെന്ന് സതേണ്‍ കഡുന പീപ്പിള്‍സ് യൂണിയന് (എസ്ഒകെഎപിയു) എന്ന സംഘടനയുടെ പ്രസിഡന്റ് അവേമി മൈസാമാരി മാധ്യമങ്ങളോട് അറിയിച്ചു.
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കുടുംബാംഗങ്ങളോട് വന്‍ തുക മോചന ദ്രവ്യം ആവശ്യപ്പെടുകയുമുണ്ടായി. 4 ലക്ഷം യു.എസ്. ഡോളറാണ് (എന്‍ 200 മില്യണ്‍ ) മോചന ദ്രവ്യമായി ആവശ്യപ്പെടുന്നത്.
ഇവിടത്തെ ക്രൈസ്തവ സമൂഹത്തിനു നന്നായി ശ്വസിക്കാന്‍ പോലുമുള്ള അന്തരീക്ഷമല്ല ഉള്ളതെന്നും മൈസാമാരി പറഞ്ഞു. കഡുവാനിനു സമീപമുള്ള ജാന്മുരിയ ഗ്രാമത്തിലും ആക്രമണം നടത്തിയിരുന്നു.
ചര്‍ച്ചില്‍നിന്നും സമീപ വീടുകളില്‍നിന്നുമായി 60 ഓളം പേരെ തട്ടിക്കൊണ്ടുപോയതായാണ് വിവരമെന്നും ഇതില്‍ കുട്ടികളും ആരോഗ്യസ്ഥിതി മോശമായവരുമുള്പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 40 പേര് മാത്രമേ തടവില്‍ ഉള്ളുവെന്നാണ് തീവ്രവാദികളുടെ വാദം.
2021-ല്‍ മാത്രം 2500 ക്രൈസ്തവരെയാണ് മോചന ദ്രവ്യത്തിനായി തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. തീവ്രവാദികള്‍ , ജിഹാദികള്‍ , കൊള്ളക്കാര്‍ എന്നിവ തെക്കന്‍ നൈജീരിയായില്‍ ജനങ്ങളുടെ ധൈര്യം നഷ്ടപ്പെടുത്തുന്നുവെന്നും മൈസാമാരി പറഞ്ഞു.

