കഷ്ടതകള്‍ കാര്യമാക്കണ്ട

കഷ്ടതകള്‍ കാര്യമാക്കണ്ട

Articles Others Top News

കഷ്ടതകള്‍ കാര്യമാക്കണ്ട പി. ജെ. തോമസ്

ക്രിസ്തീയ ജീവിതം ഒഴുക്കിനൊപ്പം ഒഴുകുന്നതല്ല, മറിച്ച് ഒഴുക്കിനെതിരെ നീന്തുന്നതാണ്. അതിനുള്ള പ്രാപ്തി നമുടെ സ്വന്തമല്ല. ദൈവത്തില്‍ പൂര്‍ണ്ണമായും ശരണപ്പെടുന്നതിനാല്‍ ദൈവം നമ്മെ പ്രാപ്തരാക്കുകയാണ്. ഒരു സാധാരണ മനുഷ്യനും ദൈവത്തില്‍ പൂര്‍ണ്ണ ആശ്രയം ഉറപ്പിച്ചിരിക്കുന്ന ഒരു വിശ്വാസിയും തമ്മിലുള്ള വ്യത്യാസം ഈ ജീവിതവീക്ഷണത്തിലാണ്.

കഷ്ടങ്ങളില്‍ പ്രശംസിക്കണമെങ്കില്‍ കഷ്ടങ്ങള്‍ നമ്മില്‍ ഉളവാക്കുന്ന ഗുണത്തെക്കുറിച്ചും തന്നിമിത്തം നമുക്കുണ്ടാകുന്ന നേട്ടത്തെക്കുറിച്ചും നാം ബോധവാന്മാരാകണം. ഈ അറിവ് കഷ്ടതകളോടുള്ള നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുത്തും. കഷ്ടതകളില്‍ നൈരാശ്യമുള്ളവരായി തളര്‍ന്നാല്‍ ജീവിതം ദുഷ്കരമാകും.

ഭൂമിയിലെ നമ്മുടെ ജീവിതത്തില്‍ കഷ്ടതകളെ നാം അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. ‘ലോകത്തില്‍ നിങ്ങള്‍ക്ക് കഷ്ടം ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിന്‍, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’ (യോഹന്നാന്‍ 16:33) എന്ന് കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നുവല്ലോ. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയെല്ലാം പരീക്ഷണങ്ങളായി കാണണം.

അത് വിശ്വാസ ജീവിതത്തിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനും ക്രിസ്തുവിന്‍റെ സ്വരൂപത്തോടു നമ്മെ അനുരൂപപ്പെടുത്തുവാനുള്ള അവസരവും മാര്‍ഗവുമാണ്. കഷ്ടതയില്‍ നിന്ന് സഹിഷ്ണുത ഉളവാക്കപ്പെടണം. സഹിഷ്ണുതയ്ക്ക് ഇയ്യോബ് നല്ല മാതൃകയാണ്. (യാക്കോബ് 5:11) സഹിഷ്ണുതയുടെ ആധാരം ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയുമാണ്.

സഹിഷ്ണുത സിദ്ധതയെ ഉളവാക്കുന്നതാണ്. സിദ്ധതയെന്നത് സ്വഭാവത്തിന്‍റെ ശക്തിയാണ്. സിദ്ധതയാണ് പ്രത്യാശയ്ക്ക് ബലം പകരുന്നത്. നമ്മുടെ പ്രത്യാശ ക്രിസ്തു കേന്ദ്രീകൃതമാണ്. ക്രിസ്തുവിലുള്ള പ്രത്യാശ സിദ്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധിയും പ്രത്യാശയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ക്രിസ്തുവിന്‍റെ സ്വഭാവത്തോട് അനുരൂപപ്പെട്ടുകൊണ്ടുള്ള സ്വഭാവരൂപീകരണം നമ്മില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കര്‍ത്താവിന്‍റെ വരവിനായുള്ള ആഗ്രഹവും ഒരുക്കവും നമ്മില്‍ നടക്കുകയാണ്. കര്‍ത്താവിനോട് സദൃശ്യരായിത്തീരുവാനുള്ള ഒരു ഞരക്കം തന്നിമിത്തം നമ്മില്‍ വളരുന്നു. അതാണ് പ്രത്യാശയുടെ ശക്തി. പ്രത്യാശയില്‍ ബലപ്പെടുവാന്‍ കഴിയുമ്പോള്‍ നമുക്ക് കഷ്ടങ്ങളിലും പ്രശംസിക്കുവാന്‍ കഴിയും.

*വായനഭാഗം*: റോമ. 5:1-5 ‘അതുതന്നെ അല്ല, കഷ്ടത…..കഷ്ടങ്ങളിലും പ്രശംസിക്കുന്നു.’ (റോമ. 5:3,4)

*ഇന്നത്തെ വാഗ്ദത്തം*: ‘യഹോവയുടെ ദൂതന്‍ അവനു പ്രത്യക്ഷനായി…..അവനോട് പറഞ്ഞു.’ (ന്യായാ. 6:12)

*ഓര്‍ത്തിരിക്കേണ്ട ഉദ്ധരണി*: ലോകം നമുക്ക് യോഗ്യമല്ലെന്ന് തിരിച്ചറിയുവാന്‍ ലോകത്തിലെ കഷ്ടങ്ങള്‍ നമ്മെ സഹായിക്കും.

*പ്രാര്‍ത്ഥനാ മുറിയില്‍ ഒരുനിമിഷം*: നിസാമാബാദിൽ സബ്-ഡിവിഷനൽ ലീഡറായി പ്രവർത്തിക്കുന്ന അരപ്പള്ളി ആലിയയ്ക്കും കുടുംബത്തിനുമായി പ്രാർത്ഥിക്കുക. ഒപ്പമുള്ള സുവിശേഷകരുടെ ശുശ്രൂഷ അനു​ഗ്രഹിക്കപ്പെടുന്നതിനും കർതൃവേലയിൽ മുന്നോട്ടു കുതിക്കുവാൻ കർത്താവ് കരുത്തുപകരുന്നതിനും പ്രാർത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.