പാപം നിറഞ്ഞ പ്രസംഗങ്ങൾ? സെനോ ബെൻ സണ്ണി
വാട്സാപ്പ് സുവിശേഷം
പാപം എന്ന വാക്ക് നാം കേൾക്കുമ്പോൾ ‘ഹമാർഷിയാ’ എന്ന ഒരു യവനായ പദമാകാം നമ്മുടെ മനസിലേക്ക് ആദ്യം വരുന്നത്.
ലക്ഷ്യം തെറ്റിപോകുക, ലക്ഷ്യത്തിൽ എത്താതെ ഇരിക്കുക എന്നിങ്ങനെ ഒക്കെയാണ് ആ വാക്കിന് അർഥം.
ദൈവീക കല്പനകളെ ലംഘിക്കുന്നതിനെയാണല്ലോ പാപം എന്ന് പറയുന്നത്.
യേശുക്രിസ്തു സകല മാനവരാശിയുടെയും പാപത്തിനു പരിഹാരമായി ക്രൂശിൽ മരിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു, അവനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കുന്നു എന്നുള്ള സദ്വാർത്തയാണ് സുവിശേഷം.
അപ്പോൾ സുവിശേഷത്തിന്റെ കേന്ദ്രവിഷയം യേശുക്രിസ്തുവാണ്.
യേശുവിനു വഴി ഒരുക്കുവാൻ വന്നവനായ യോഹന്നാൻ സ്നാപകന്റെയും പ്രസംഗത്തിലെ പ്രധാന വിഷയം “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നായിരുന്നു. യേശുവിന്റെ എല്ലാ പ്രസംഗങ്ങളിലുമുള്ള മുഖ്യവിഷയം ദൈവരാജ്യം തന്നെ ആയിരുന്നു.
പ്രസംഗങ്ങളിലൂടെയും ഉപമകളിലൂടെയും യേശു പങ്കുവച്ച ചിന്താധാരകൾ മിക്കതും ദൈവരാജ്യ കേന്ദ്രീകൃതം ആയിരുന്നു. മത്തായി 13-ആം അദ്ധ്യായത്തിലെ ഉപമകൾ അല്ലെങ്കിൽ സദൃശ്യങ്ങൾ മിക്കതും ദൈവരാജ്യവുമായി ബന്ധപ്പെട്ടതാണ്. സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോട് സദൃശ്യം (24 -30); സ്വർഗ്ഗരാജ്യം കടുകുമണിയോട് സദൃശ്യം (31-32); സ്വർഗ്ഗരാജ്യം പുളിച്ച മാവിനോട് സദൃശ്യം (33-35);
വയലിൽ ഒളിച്ചുവച്ച നിധി (44);
നല്ലമുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോട് സദൃശ്യം (45-46); സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാ വക മീനും പിടിക്കുന്നതുമായൊരു വലയോട് സദൃശ്യം (47-50).
അതുപോലെ തന്നെ പാപവും പാപക്ഷമയും നിത്യജീവനും ന്യായവിധിയും എല്ലാം നിറഞ്ഞു നിന്ന പ്രസംഗങ്ങൾ ആയിരുന്നു യേശുവിന്റേത്.
യേശുവിനെ രക്ഷിതാവും കർത്താവുമായ അംഗീകരിച്ച ഏതൊരു വ്യക്തിയുടെയും മേലുള്ള പ്രധാന കർത്തവ്യമാണ് സുവിശേഷം അറിയിക്കുക എന്നത്. സുവിശേഷം അറിയിക്കേണ്ട നമ്മുടെ ഓരോരുത്തരുടെയും കേന്ദ്രവിഷയം യേശുക്രിസ്തു മാത്രമായിരിക്കേണം.
യേശുക്രിസ്തുവും ദൈവരാജ്യവും മാനസാന്തരവും നിത്യജീവനും പ്രസംഗിക്കാതെ കർണരസമുള്ള തമാശകളും വിദ്വേഷപ്രചരണങ്ങളും പിന്നെ മനസ്സിൽ ഒരല്പ്പം തണുപ്പേകുന്ന മോട്ടിവേഷണൽ പ്രസംഗങ്ങളും തട്ടിവിടുന്ന പ്രസംഗകർ ഒന്ന് ചിന്തിക്കുക, നിങ്ങളെ വിളിച്ചത് ഇതിനു വേണ്ടിയാണോ?.
നിങ്ങൾ ഇപ്പോൾ ലക്‌ഷ്യം മറന്നു പായുന്ന അമ്പു പോലെ പോകുകയാണ്. ഓർക്കുക! “ഹമാർഷിയാ.”
ദൈവം വിളിച്ച വേലയിലേക്കു മടങ്ങി വരാം.
“രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപെടും. അപ്പോൾ അവസാനം വരും.” (മത്തായി 24:14)
നോട്ടെണ്ണൽ മെഷീനുകളെക്കുറിച്ചുള്ള പൊങ്ങച്ചവും അന്യോന്യമുള്ള വെല്ലുവിളികളും സഭാ പോരുകളും ആത്മീക വർദ്ധനവ് വരുത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ശുശ്രൂഷയുടെ ആദ്യ നാളുകളിലെ ആ ദിവ്യസ്നേഹത്തിന്റെ ശുശ്രൂഷയിലേക്കു മടങ്ങി വരാം.
“ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു” എന്നതാകട്ടെ നമ്മുടെ ആപ്തവാക്യം.
ബ്ലെസ്സ് കോൺഫറൻസ്, ഫയർ കോൺഫറൻസ്, പവർ കോൺഫറൻസ് എന്നീ പേരുകളേക്കാൾ സുവിശേഷ യോഗങ്ങൾ എന്നുതന്നെ വിളിച്ചു പറയുവാനുള്ള ആർജവം കാണിക്കട്ടെ. നിർമലസുവിശേഷം പ്രസംഗിക്കാം. നിത്യതയ്ക്കായി ഒരുങ്ങാം.
ദൈവം നമ്മെ സഹായിക്കട്ടെ.
Comments are closed.