രോഗങ്ങളെ ശ്രദ്ധിക്കുക (എഡിറ്റോറിയൽ)

രോഗങ്ങളെ ശ്രദ്ധിക്കുക (എഡിറ്റോറിയൽ)

Articles Breaking News Editorials

രോഗങ്ങളെ ശ്രദ്ധിക്കുക (എഡിറ്റോറിയൽ)

കേരളത്തില്‍ പകര്‍ച്ചപ്പനി വീണ്ടും വ്യാപകമായി. പതിവു വൈറല്‍പ്പനി, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി എന്നീ വ്യാധികളാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. രോഗം വന്നു മൂര്‍ച്ഛിക്കുമ്പോഴാണ് പലരും തിരിച്ചറിഞ്ഞ് ചികിത്സതേടുന്നത്.

അപ്പോഴേക്കും ചികിത്സ ഫലിക്കാതെ വരുന്നു. ഇതുമൂലം മരണസംഖ്യ ഉയരുന്നു. ആയിരങ്ങളാണ് ചികിത്സതേടി വിവിധ ആശുപത്രികളില്‍ അഭയം തേടുന്നത്.

പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനു കാരണം നമ്മുടെതന്നെ വീഴ്ചകളാണ്. വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിഹീനമാകുന്നതുമൂലമാണ് എലികളും കൊതുകുകളും ക്ഷുദ്രജീവികളും പെരുകുവാന്‍ ഇടവരുന്നത്. ആദ്യം നമ്മള്‍ വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി സംരക്ഷിക്കണം.

എലിപ്പനി വന്ന് മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും മദ്യപാനം മൂലമുള്ള കരള്‍രോഗങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് നേരത്തേ പഠനം നടത്തിയ കേന്ദ്രസംഘം വിലയിരുത്തിയത്. ഈ വസ്തുത ശരിയാണെങ്കില്‍ മദ്യപാനം മൂലം സംഭവിക്കുന്ന അനര്‍ത്ഥങ്ങള്‍ക്ക് പുതിയൊരു കാരണംകൂടി മനുഷ്യര്‍ തന്നെ വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

മദ്യപാനം ശരീരത്തിനും മനസ്സിനും മാത്രമല്ല കുടുംബത്തിനും പൊതുസമൂഹത്തിനുംകൂടി ദോഷകരമാണെന്ന വസ്തുത പണ്ടുതൊട്ടേ പ്രസിദ്ധമാണ്. ഈ സത്യം ആരും അറിയാഞ്ഞിട്ടല്ല മദ്യപാനം തുടരുന്നത് അറിഞ്ഞുകൊണ്ടുതന്നെയാണ്. അതുകൂടാതെ പകര്‍ച്ചവ്യാധികള്‍ കൂടി മദ്യപാനികളെ വേഗത്തില്‍ നശിപ്പിക്കുന്ന രംഗം നാം കാണുവാന്‍ തുടങ്ങി. എലിപ്പനിമൂലം മരിച്ച ഭൂരിപക്ഷംപേരിലും ഇത് കാണാന്‍കഴിഞ്ഞത് നമുക്കു ദുഖം പകരുന്നു.

മദ്യപാനം പലര്‍ക്കും വിഷമതകള്‍ മാറ്റാനും ടെന്‍ഷന്‍ അകറ്റാനും എതിരാളികളെ അക്രമിക്കാനുള്ള വീര്യത്തിനും ശക്തിക്കുമുള്ള താല്‍ക്കാലിക മരുന്നായാണ് കരുതിപ്പോകുന്നത്. ഈ താല്‍ക്കാലിക ചികിത്സകൊണ്ട് ലഹരിയില്‍ മുങ്ങിനിന്നുകൊണ്ട് അല്പം സമയം മാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളൂവെന്ന് ആരും അപ്പോള്‍ ഓര്‍ക്കാറില്ല.

പണവും മാനവും ആരോഗ്യവും കുറേക്കൂടി നഷ്ടമാക്കുന്നു. മാത്രമല്ല പഴയ ദുഖങ്ങളും പ്രതികൂലങ്ങളും വര്‍ദ്ധിത വീര്യത്തോടെ മടങ്ങിവരികയും ചെയ്യുമെന്നുള്ളകാര്യം ഓര്‍ക്കുക നല്ലത്.

മദ്യപാനം പാപമാണ്. മദ്യപാനത്തെ ദൈവം വെറുക്കുന്നു. ബൈബിള്‍ പറയുന്നു “ആര്‍ക്ക് കഷ്ടം, ആര്‍ക്ക് സങ്കടം, ആര്‍ക്ക് കലഹം, ആര്‍ക്ക് ആവലാതി, ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍ ‍, ആര്‍ക്ക് കണ്‍ചുവപ്പ്? വീഞ്ഞുകുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവര്‍ക്കും, മദ്യം രുചിച്ചുനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നെ. വീഞ്ഞ് ചുവന്ന് ചുവന്ന് പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്”(സദൃശ്യ :23:29-34).

മദ്യപാനംകൊണ്ട് മനുഷ്യര്‍ ഒന്നും നേടുന്നില്ല. എല്ലാം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. മദ്യപാനം ഒന്നിനും പരിഹാരമല്ല. ഈ ലോകത്ത് പരിഹരിക്കുവാന്‍ കഴിയാത്ത ഒരു പ്രശ്നങ്ങളും യഹോവയായ ദൈവത്തിനില്ല.

നമ്മുടെ വിഷമതകള്‍ മാറ്റുവാനും സന്തോഷ ജീവിതം ലഭിക്കുവാനും ദൈവകരത്തിലേക്കു ഏല്പിച്ചുകൊടുക്കുക. ദൈവം നമ്മെ സഹായിക്കും. സകല പ്രശ്നങ്ങള്‍ക്കും ഉത്തരം ദൈവപുത്രനായ യേശുവില്‍ക്കൂടി ലഭിക്കും.

മദ്യപാനത്തിനും ലഹരിപദാര്‍ത്ഥങ്ങള്‍ക്കും എതിരായി ഇന്ന് നിരവധി ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നുണ്ട്. പെന്തെക്കോസ്തു സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ മദ്യപാനത്തിനെതിരായി ഇന്ന് വിവിധ ഇടങ്ങളില്‍ ബോധവല്‍ക്കരണം നടക്കുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും വലിയ നന്മയാണ്.

ഈ പ്രചരണത്തിലൂടെ ഒരാത്മാവെങ്കിലും രക്ഷനേടിയാല്‍ സ്വര്‍ഗ്ഗം സന്തോഷിച്ചുവെന്നു ഉറപ്പുണ്ട്. മദ്യപാനികള്‍ അറിയട്ടെ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ‍. അതിനായി നമുക്കും ഉണര്‍ന്നു പ്രവര്‍ത്തിക്കാം.
പാസ്റ്റര്‍ ഷാജി. എസ്.