യുദ്ധം: ലോകത്ത് അഞ്ചിലൊരാള്‍ പട്ടിണിയിലേക്ക്
ന്യുയോര്‍ക്ക്: റഷ്യ-യുക്രൈന്‍ യുദ്ധം മൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ലോകത്ത് അഞ്ചിലൊരാളെ പട്ടിണിയിലേക്ക് തള്ളിയിട്ടേക്കാമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ്.
107 കോടിയോളം പേര്‍ പട്ടിണിയിലാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധം യുക്രൈനെ മാത്രമല്ല അതിര്‍ത്തികള്‍ക്കപ്പുറമുള്ള വികസ്വര രാജ്യങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ധാന്യ കയറ്റുമതിയെയും വിതരണ ശൃംഖലകളെയും യുദ്ധം തകര്‍ക്കും. വിലക്കയറ്റം രൂക്ഷമാകും. ധനികരെ വീണ്ടും ധനികരും പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരാക്കുമെന്നും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും ചെക്ക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗുട്ടെറസ് പറഞ്ഞു.
യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആഗോള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക ഭക്ഷ്യപദ്ധതി, ലോക വ്യാപാര സംഘടന എന്നിവ സംയുക്ത പ്രസ്താവന ഇറക്കിയരുന്നു.

