ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി

ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി

Breaking News Global Top News

ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി
ഹെനാന്‍ ‍: ചൈനയില്‍ മെഗാ ചര്‍ച്ചില്‍ ചൈനീസ് പോലീസ് അതിക്രമിച്ചു കയറി വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആരാധനാലയത്തിനു നാശനഷ്ടം വരുത്തുകയും ബൈബിളുകള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുകയും ചെയ്തു.

ഹെനാന്‍ പ്രവിശ്യയിലെ അനുപിങ് നഗരത്തിലെ ട്രൂ ജീസസ് ചര്‍ച്ചിലാണ് അതിക്രമങ്ങള്‍ നടന്നത്. കഴിഞ്ഞ ജനുവരി മാസം 4-ന് നടന്ന സംഭവം ഒരു പ്രമുഖ ക്രിസ്ത്യന്‍ മാദ്ധ്യമം ഏപ്രില്‍ 10-നാണ് പുറത്തു വിട്ടത്.

ഷി ചെങ് കൌണ്ടിയിലെ ഡപ്യൂട്ടി ഗവര്‍ണറിന്റെ നേതൃത്വത്തില്‍ പോലീസും, വെള്ള വസ്ത്രം ധരിച്ച പോലീസ് ഉദ്യോഗസ്ഥന്മാരും പ്രാദേശിക അധികാരികളും കൂടി നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ട്രൂ ജീസസ് ചര്‍ച്ചിന്റെ ആരാധനാലയത്തില്‍ എത്തി അകത്തേക്കു പ്രവേശിക്കാനൊരുങ്ങിയപ്പോള്‍ പാസ്റ്റര്‍മാരും വിശ്വാസികളും കാര്യം അന്വേഷിച്ചപ്പോള്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും കൂടി വിശ്വാസികളെ മര്‍ദ്ദിക്കുകയും, കസേരകളും ബഞ്ചുകളും, ചര്‍ച്ചിനുള്ളിലെ എല്ലാ സാധന സാമഗ്രികളും തകര്‍ക്കുകയും ബൈബിളുകള്‍ ‍, പാട്ടു പുസ്തകങ്ങള്‍ എന്നിവ കൂട്ടത്തോടെ ചര്‍ച്ചിനു മുമ്പില്‍ കുഴിച്ചിട്ടു മണ്ണിട്ടു മൂടുകയും ചെയ്തു.

കൂടാതെ ചര്‍ച്ചിനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്തോത്ര-ദശാംശ വഴിപാട് പെട്ടിയും അവര്‍ കൈക്കലാക്കി. ബോക്സില്‍ ആയിരക്കണക്കിനു യുവാന്‍ പണം (നൂറുകണക്കിനു ഡോളര്‍ ‍) ഉണ്ടായിരുന്നതായി വിശ്വാസികള്‍ പറഞ്ഞു.

ചര്‍ച്ചിന്റെ പാസ്റ്ററെ 15 ദിവസത്തേക്കു റിമാന്റു ചെയ്തിരുന്നു. വിദേശികളുടെ പണം ഉപയോഗിച്ച് ആരാധനാലയം പണിതെന്നും മതപരിവര്‍ത്തനം നടത്തുന്നു എന്നുമാരോപിച്ചായിരുന്നു അതിക്രമമെന്നു വിശ്വാസികള്‍ പറഞ്ഞു. ചര്‍ച്ചിനു മുമ്പില്‍ മണ്ണുമാന്തിയെന്ത്രം ഉപയോഗിച്ച് മണ്ണ് ഇളക്കി മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്തിട്ടാണ് സംഘം മടങ്ങിയത്.

2018 ജൂലൈ മാസത്തില്‍ ഈ സഭ 3 ലക്ഷം യു.എസ്. ഡോളര്‍ മുടക്കി പുതുതായി നിര്‍മ്മിച്ച ആരാധനാലയമാണിത്. ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രവിശ്യയാണ് ഹെനാന്‍ ‍. നൂറുകണക്കിനു വിശ്വാസികള്‍ ആരാധിക്കുന്ന ഒരു സഭാഹാളാണിത്.

ചര്‍ച്ചിനോടനുബന്ധിച്ച് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. വിശ്വാസികളും പാസ്റ്റര്‍മാരും വളരെ കഷ്ടപ്പെട്ട് സ്വരൂപിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചാണ് ആരാധനാലയം ഉണ്ടാക്കിയത്. എന്നാല്‍ വിദേശ പണമാണെന്നാണ് അധികാരികളുടെ ഭാഷ്യം.