ലോകത്തിലെ ഏറ്റവും വലിയ ഉപ്പു ഗുഹ സോദോം കുന്നില്‍ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ ഉപ്പു ഗുഹ സോദോം കുന്നില്‍ കണ്ടെത്തി

Breaking News Middle East

ലോകത്തിലെ ഏറ്റവും വലിയ ഉപ്പു ഗുഹ സോദോം കുന്നില്‍ കണ്ടെത്തി
യെരുശലേം: ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം 19-ാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന സോദോം പ്രദേശത്ത് ദൈവം ഉന്മൂലനാശം വരുത്തുവാന്‍ പോകുന്നു എന്ന് അരുളപ്പാട് ഉണ്ടായപ്പോള്‍ ലോത്തും കുടുംബവും രക്ഷനേടുവാന്‍ ശ്രമിക്കുമ്പോള്‍ ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ച സംഭവത്തിന്റെ സ്ഥലമായ ചാവു കടലിനടുത്തുള്ള സോദോം കുന്നിനു സമീപം ലോകത്തിലെ ഏറ്റവും വലിയ ഉപ്പു ഗുഹ കണ്ടെത്തി.

ചാവു കടലിനോടു ചേര്‍ന്ന് സോദോം കുന്നിലുള്ള മല്‍ഹാം എന്നു പേരുള്ള ഗുഹയ്ക്ക് 10 കിലോമീറ്റര്‍ നീളമുണ്ട്. ഇറാനിലുള്ള 6.85 കിലോമീറ്റര്‍ നീളമുള്ള ഗുഹയ്ക്കായിരുന്നു ഈ പദവി. യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് സോദോം കുന്നില്‍ ഗുഹ കണ്ടെത്തിയത്.

ഗുഹയ്ക്കുള്ളില്‍ തിളങ്ങുന്ന ഉപ്പു സ്ഫടികങ്ങള്‍ ദൃശ്യമാണ്. മല്‍ഹാം ഗുഹ ഒരു നദീഗുഹയാണെന്ന് ഹീബ്രു യൂണിവേഴ്സിറ്റിയിലെ കേവ് റിസേര്‍ച്ച് സെന്റര്‍ (സി.ആര്‍ ‍.സി.) ഡയറക്ടര്‍ പ്രൊഫസര്‍ ആമോസ് ഫ്രംകിന്‍ അഭിപ്രായപ്പെടുന്നു. നദിയുടെ ഉപരി തലത്തില്‍ നിന്നും ജലം അടിവാരത്തിലേക്കു ഒഴുകിയെത്തി ഉപ്പുമായി ലയിച്ചു ഗുഹകളായി മാറുന്നു.

വര്‍ഷകാലത്ത് മൌണ്ട് സോദോമില്‍ നിന്നും ശക്തമായി ലഭിക്കുന്ന മഴവെള്ളമാണ് ഈ പ്രക്രീയ സൃഷ്ടിക്കുന്നതെന്നും ഫ്രംകിന്‍ പറഞ്ഞു. ഈ ഗുഹയ്ക്ക് 7000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 1980കളിലാണ് ഈ ഗുഹയെപ്പറ്റി അറിവു ലഭിച്ചത്. തുടര്‍ന്നു നിരന്തരമായി നടത്തിയ പഠനത്തിലാണ് 2018-2019-ല്‍ കൂടുതല്‍ സ്ഥിരീകരണമുണ്ടായത്.

മികച്ച സാങ്കേതിക വൈദഗ്ധ്യമുള്ള മുങ്ങല്‍ വിദഗ്ദ്ധരും ഗവേഷകരും പഠനത്തിനു പിന്നിലുണ്ട്. യിസ്രായേല്‍ ‍, ബള്‍ഗേറിയ, ഫ്രാന്‍സ്, യു.കെ., ക്രെയേഷ്യ, ജര്‍മ്മനി, ചെക്ക് റിപ്പബ്ളിക്ക് തുടങ്ങിയ രാജ്യങ്ങളിലെ സാഹസികരും വിദഗ്ദ്ധരുമായ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍ ‍.