ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മാന്യതകള്‍
ഇന്നത്തെക്കാലത്ത് ഫോണ്‍ ഇല്ലാത്ത വീടുകള്‍ തന്നെ ഇല്ലെന്നു പറയാം. മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണ് ഫോണുകള്‍.
ഫോണില്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ കാണിക്കേണ്ടതായ മാന്യതകളും മര്യാതകളുമുണ്ട്. നമ്മള്‍ ആദ്യം സ്വയം പരിചയപ്പെടുത്തി സംസാരിക്കുക. തെറ്റായ നമ്പരാണ് കിട്ടുന്നതെങ്കില്‍ ക്ഷമാപണത്തോടെ കട്ടു ചെയ്യുക.
ഫോണ്‍ ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പ് പറയുവാനുള്ള കാര്യങ്ങള്‍ ചുരുക്കമായി മുന്‍കൂട്ടി തീരുമാനിക്കുക. നീണ്ട ഫോണ്‍ സംഭാഷണം കഴിവതും ഒഴിവാക്കുക.
സംസാരിക്കാനുള്ള വ്യക്തിയുടെ സമയവും സ്ഥലവും മനസില്‍ കണ്ടുകൊണ്ടുവേണം സംസാരിക്കുവാന്‍.
ഉച്ചയുറക്കത്തിന്റെ സമയം, രാത്രി വൈകിയശേഷമുള്ള ഫോണ്‍ വിളി എന്നിവ ഒഴിവാക്കുക. (അപകടങ്ങളോ അനര്‍ത്ഥങ്ങളോ ആയ വിവരങ്ങള്‍ ഒഴികെ).
അപ്പുറത്തു കേള്‍ക്കുന്നയാള്‍ക്ക് വ്യക്തമായ തരത്തില്‍ മിതമായി സ്പഷ്ടമായി സംസാരിക്കുക.അവര്‍ക്കു കൂടി പറയുവാനുള്ള അവസരം നല്‍കി കേള്‍ക്കാന്‍ ക്ഷമ കാണിക്കുക. വെള്ളം കുടിക്കുമ്പോഴോ, ഭക്ഷണം കഴിക്കുന്ന സമയത്തോ ഫോണില്‍ക്കൂടിയുള്ള സംസാരം ഒഴിവാക്കുക. വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും സംസാരിക്കുക.
കാരണം ഇന്നത്തെ ഫോണുകളില്‍ റിക്കാര്‍ഡിംഗ് സിസ്റ്റം ഉണ്ടെന്നുള്ള കാര്യം മറക്കരുത്. ആവശ്യമില്ലാതെ വെറുതേ സംസാരിക്കണം എന്ന മനോഭാവത്തോടെ ഫോണ്‍ വിളിക്കരുത്.
കാരണം മറുവശത്തുള്ള വ്യക്തി ചിലപ്പോള്‍ തിരക്കിലോ അഥവാ നിങ്ങളുടെ മനോഭാവം മനസ്സിലാക്കിയതുകൊണ്ട് തുടര്‍ന്നു സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയോ ആയിരിക്കാം.

