കോഴികളിലെ ദു:ശീലങ്ങളും പരിഹാരമാര്‍ഗവും

കോഴികളിലെ ദു:ശീലങ്ങളും പരിഹാരമാര്‍ഗവും

Convention Karshika Vartha Others

കോഴികളിലെ ദു:ശീലങ്ങളും പരിഹാരമാര്‍ഗവും:-
മനുഷ്യര്‍ക്കെന്നപോലെ കോഴികള്‍ക്കും ചില ദുഃശീലങ്ങളൊക്കെയുണ്ട്. എന്നാല്‍ കോഴികളിലെ ദുഃശീലങ്ങള്‍ നമ്മുടെ വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ അവ മുളയിലെ നുള്ളണം. പരസ്പരം കൊത്തുകൂടല്‍, മുട്ടകൊത്തിക്കുടിക്കല്‍, മുട്ട ഒളിപ്പിച്ചു വയ്ക്കല്‍, പൈക എന്ന അവസ്ഥ എന്നിവയൊക്കെയാണ് കോഴികളിലെ പ്രധാനദുഃശീലങ്ങള്‍.

1. കൊത്തുകൂടല്‍

പരസ്പരം കൊത്തി മുറിവേല്‍പ്പിക്കുകയും ചില അവസരങ്ങളില്‍ അങ്ങനെ മുറിവേറ്റ് അവശരായ കോഴികളെ കൊത്തിത്തിന്നുന്ന അവസ്ഥയുമാണ് കൊത്തൂകൂടല്‍. കൊത്തു കൊണ്ട് മുറിവേല്‍ക്കുന്ന കോഴികളെ പറ്റം ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ അവ രക്തംവാര്‍ന്നു ചാകുന്നു. ഇത്തരം അവസ്ഥ വരാതിരിക്കാന്‍ നിതാന്ത ജാഗ്രത ആവശ്യമാണ്. പലപ്പോഴും കൂട്ടിലെ സ്ഥലലഭ്യതക്കുറവാണ് കൊത്തുകൂടലിന് ഒരു പ്രധാന കാരണം. വിരിപ്പ് രീതിയില്‍ വളര്‍ത്തുമ്പോള്‍ ബ്രോയ്‌ലര്‍ കോഴിക്ക് ഒരു ചതുരശ്ര അടിയും മുട്ടക്കോഴിക്ക് രണ്ടു ചതുരശ്ര അടി സ്ഥലവും ലഭ്യമാക്കേണ്ടതുണ്ട്.

മാംസ്യാഹാരത്തിന്റെ കുറവും ആര്‍ജിനിന്‍, മെത്തിയാന്നില്‍ എന്നീ അമിനോ അമ്ലങ്ങളുടെ കുറവും തീറ്റയില്‍ ഉപ്പിന്റെ കുറവുമൊക്കെ കൊത്തുകൂടലിന് പ്രധാന കാരണമാണ്. അതോടൊപ്പം തൂവലുകള്‍ കൊത്തിപ്പിഴുതെടുക്കുന്ന അവസ്ഥയും, മുറിവേല്‍പ്പിക്കുന്ന ഭാഗത്തെ ചോരകണ്ട് ആകൃഷ്ടരായി കൂട്ടമായി വന്ന് ആ പക്ഷിയെ മൊത്തമായിത്തന്നെ തിന്നുന്ന അവസ്ഥയും കോഴികള്‍ക്കിടയിലുണ്ട്.

വലിയ ഫാമുകളില്‍ ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും കുറെ എണ്ണം ഇത്തരത്തില്‍ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഈ അവസ്ഥ ഒഴിവാക്കാനായി കോഴികളുടെ ചുണ്ട് മുറിക്കുകയാണ് സാധാരണയായി ചെയ്യുന്നത്. ചുണ്ട് മുറിക്കാനായി ഡീബീക്കിംഗ് ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ ചുണ്ടിന്റെ കൂര്‍ത്ത ഭാഗം ഈ ഉപകരണത്തിന്റെ ചുടേറിയ ബ്ലേഡില്‍ചേര്‍ത്തു പിടിച്ച് കരിച്ചുകളയുകയാണ് സാധാരണ ചെയ്യുന്നത്.

വലിയ കോഴികളുടെ ചുണ്ടിന്റെ അഗ്രം മുറിച്ചു കളയാനുള്ള സംവിധാനവും ഈ ഉപകരണത്തിലുണ്ട്. മേല്‍ച്ചുണ്ടിന്റെ 2/3 ഭാഗവും കീഴ് ചുണ്ടിന്റെ 1/3 ഭാഗവുമാണ് മുറിക്കേണ്ടത്. ഇത്തരത്തില്‍ മുറിക്കുമ്പോള്‍ അവയ്ക്ക് തീറ്റ കൊത്തിത്തിന്നാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ചുണ്ട് മുറിക്കുന്ന ഉപകരണത്തിലെ ചൂടുള്ള ബ്ലേഡിനോടു ചേര്‍ത്ത് മുറിവേറ്റ ചുണ്ട് രണ്ട് സെക്കന്റോളം അമര്‍ത്തിപ്പിടിക്കുമ്പോള്‍ രക്തം വാര്‍ന്നു പോകുന്നുണ്ടെങ്കില്‍ അത് നിലയ്ക്കും. അതിനാല്‍ തന്നെ ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം.

എന്നാല്‍ ഏതാനും കോഴികളെ മാത്രം വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് നഖം വെട്ടികൊണ്ടോ ബ്ലേഡുകൊണ്ടോ ചുണ്ടിന്റെ കൂര്‍ത്ത ഭാഗം മാത്രമായി മുറിച്ചുമാറ്റാം. അധികം താഴ്ത്തി വെട്ടിയാല്‍ മുറിവു സംഭവിക്കുമെന്നതിനാല്‍ നഖം വെട്ടുന്നതുപോലെ സൂക്ഷിച്ച് കൂര്‍ത്ത ഭാഗം മാത്രം കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊത്തു കൂടി മുറിവേല്‍ക്കുന്ന കോഴികളെ ഉടന്‍ തന്നെ കൂട്ടില്‍ നിന്നുമാറ്റി, വേണ്ട പ്രാഥമിക ചികിത്സ നല്‍കണം. എല്ലാ കോഴികള്‍ക്കും ഒരേസമയം തീറ്റ തിന്നാനുള്ള സാഹചര്യം കൂട്ടിലുണ്ടോ എന്നുറപ്പുവരുത്തണം. കൂടാതെ കോഴിക്കൂട്ടില്‍ ചുവന്ന ബള്‍ബിടുക, പച്ചപ്പുല്ല് കെട്ടിത്തൂക്കിക്കൊടുക്കുക, കുടിക്കാന്‍ ഉപ്പ് കലര്‍ത്തിയ വെള്ളം നല്‍കുക എന്നീ പൊടിക്കൈകളും കൊത്തുകൂടല്‍ ഒഴിവാക്കാനായി പരീക്ഷിക്കാവുന്നതാണ്.

2. മുട്ടകൊത്തിക്കൂടിക്കല്‍

പല കര്‍ഷകരരും വിഷമത്തോടെ പറയുന്ന ഒരവസ്ഥയാണ് കോഴിതന്നെ അവയുടെ മുട്ട കൊത്തിക്കുടിക്കുന്നെന്നത്. പലപ്പോഴും വീടുകളിലെ മുട്ട ഉപയോഗത്തിനു ശേഷം പലരും മുട്ടത്തോട് കോഴികള്‍ക്കു കൊത്തിത്തിന്നാനായി നല്‍കാറുണ്ട്. കുറച്ച് കാത്സ്യം കിട്ടിക്കോട്ടേ എന്നു കരുതിചെയ്യുന്ന ഈ പ്രവര്‍ത്തി കോഴികള്‍ക്കു പിന്നീട് തന്റെ മുട്ടതന്നെ കൊത്തിക്കുടിക്കുവാന്‍ പ്രേരണയാകുന്നു.

കേജ് രീതിയില്‍ പരിപാലിക്കുമ്പോള്‍ മുട്ട ഉരുണ്ടു പുറത്തേക്കു വരുന്നസംവിധാനം ഘടിപ്പിക്കുന്നതു വഴി ഈ പ്രവണത ഒഴിവാക്കാം. വിരിപ്പു രീതിയില്‍ വളര്‍ത്തുന്ന കോഴികളാണെങ്കില്‍ മുട്ടയിടാനായി നെസ്റ്റ് ബോക്‌സ് സംവിധാനം ഒരുക്കുകയോ, തുടര്‍ച്ചയായി ഈ പ്രവണത കാണിക്കുന്ന കോഴികളുടെ ചുണ്ട് മുറിക്കുകയോ ആവാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മുട്ട അധിക നേരം കൂട്ടില്‍ കിടക്കുന്ന സാഹചര്യം ഓഴിവാക്കുക എന്നതു തന്നെയാണ്.

3. മുട്ട ഒളിപ്പിക്കല്‍

മാതൃത്വ ഗുണം കാണിക്കാറുള്ള കോഴികളില്‍ കാണപ്പെടുന്ന പ്രവണതയാണ് മുട്ട ഒളിപ്പിച്ചുവയ്ക്കല്‍. ചിറകിനടിയിലോ, വിരിപ്പിനടിയിലോ മുട്ടകള്‍ ഒളിപ്പിച്ചുവയ്ക്കുന്ന രസകരമായ പ്രവണതയാണിത്. നെസ്റ്റ് ബോക്‌സുകള്‍ ക്രമീകരിച്ച് മുട്ടയിടാന്‍ സ്വസ്ഥമായ സ്ഥലം ഏര്‍പ്പെടുത്തുക വഴി കോഴികളിലെ ഈ പ്രവണത ഒരു പരിധിവരെ ഒഴിവാക്കാം.

4. പൈക

കോഴികള്‍ തീറ്റയല്ലാതെ തൂവലുകള്‍, വിരിപ്പിന്റെ ഭാഗം, നൂല്‍, കമ്പി കഷണങ്ങള്‍ എന്നിവയൊക്കെ കൊത്തിത്തിന്നുന്ന പ്രവണതയ്ക്ക് പറയുന്ന പേരാണ് പൈക. തീറ്റയില്‍ ഫോസ്ഫറസിന്റെ കുറവ്, വിരബാധ എന്നിവയാണ് പ്രധാന കാരണങ്ങള്‍. സാന്ദ്രീകൃത തീറ്റ നല്‍കുകയും സമയാസമയങ്ങളില്‍ വിരയിളക്കുകയും നല്ല പരിചരണം ലഭ്യമാക്കുകയും ചെയ്യുന്നതു വഴി ഈ ദുഃശീലം മാറ്റിയെടുക്കാവുന്നതാണ്.

ഡോ. എസ്. ഹരികൃഷ്ണന്‍
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി സര്‍വകലാശാല, മണ്ണൂത്തി, തൃശൂര്‍
ഫോണ്‍: ഡോ. എസ്. ഹരികൃഷ്ണന്‍- 9446443700.