യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഗവേഷകര്‍ പഠനം നടത്തുന്നു
യെരുശലേം: പഴയ നിയമ കാലത്ത് യിസ്രായേലില്‍ യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് പുരാവസ്തു ഗവേഷകര്‍ കൂടുതല്‍ പഠനം നടത്തുന്നു.
ബൈബിളില്‍ 1 ശമുവേല്‍ 6,7 അദ്ധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്ന യഹോവയുടെ നിയമ പെട്ടകം ഫെലിസ്ത്യര്‍ മടക്കി അയയ്ക്കുന്നു. അവരുടെ ഇടയില്‍ ബാധകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് യിസ്രായേലിലേക്കു കൊണ്ടുപോകാന്‍ ഫെലിസ്ത്യര്‍ ആവശ്യപ്പെട്ടതിനാല്‍ “കിര്യത്ത് യെയാരീം നിവാസികള്‍ വന്ന് യഹോവയുടെ പെട്ടകം എടുത്തു കന്നിന്മേല്‍ അബിനാദാബിന്റെ വീട്ടില്‍ കൊണ്ടുപോയി.
അവന്റെ മകനായ എലയാസരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിനു ശുദ്ധീകരിച്ചു.
പെട്ടകം കിര്യത്ത് യെയാരീമില്‍ ആയിട്ട് ഏറിയകാലം, ഇരുപതു സംവത്സരം തന്നേ കഴിഞ്ഞു, യിസ്രായേല്‍ ഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു” 1 ശമു. 7:1-2) എന്നു വായിക്കുന്നു. കിര്യത്ത് യെയാരീമില്‍ പെട്ടകം സൂക്ഷിച്ചിരുന്നു എന്ന് പുരാവസ്തു ഗവേഷകര്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം കണ്ടെത്തിയിരിക്കുന്നു.കിര്യത്ത് യെയാരീം പടിഞ്ഞാറന്‍ യെരുശലേമിനു 12 കിലോമീറ്റര്‍ ദൂരമുള്ള ഒരു യഹൂദ പട്ടണമായിരുന്നു.
ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഒരു സംഘം പുരാവസ്തു ഗവേഷകര്‍ കഴിഞ്ഞ ആഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 1 വരെ ഈ സ്ഥലത്ത് കടന്നു വന്ന് പഠനം നടത്തിയിരുന്നു. തുടര്‍ന്നു കൂടുതല്‍ പഠനത്തിനാവശ്യമായ ഉല്‍ഖനനം നടത്തുവാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ്. യഹോവയുടെ നിയമ പെട്ടകം ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രകാരം കിര്യത്ത് യെയാരീമില്‍ ഇരുപതു വര്‍ഷം സൂക്ഷിച്ചിരുന്നുവെന്നും ഇതു സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഗവേഷക സംഘത്തിന്റെ തലവനായ യിസ്രായേല്‍ ഫിങ്കല്‍സ്റ്റീന്‍ അഭിപ്രായപ്പെടുന്നു.
പെട്ടകം കിര്യത്ത് യെയാരീമില്‍ നിന്നും പീന്നീട് ദാവീദ് രാജാവ് യെരുശലേമിലേക്കു കൊണ്ടുപോയി. അവിടെ ഒരു കൂടാരമുണ്ടാക്കി അതില്‍ സ്ഥാപിച്ചു. (2 ശമു. 6:12, 2 ദിന.1:4) തുടര്‍ന്നു ശലോമോന്‍ രാജാവ് ദൈവാലയം പണിയും വരെ അത് കൂടാരത്തിലായിരുന്നു. യെരുശലേമിന്റെ നാശത്തിനുശേഷം പെട്ടകത്തിന്റെ സ്ഥിതിയെക്കുറിച്ച് അജ്ഞാതമാണ്. പിന്നീട് 600 വര്‍ഷങ്ങള്‍ക്കുശേഷം യിരെമ്യാവ് പ്രവാചകന്‍ തന്റെ പ്രവചനത്തിനിടയില്‍ പെട്ടകത്തെക്കുറിച്ച് ഇപ്രകാരം പരാമര്‍ശിക്കുന്നു.
“അങ്ങനെ നിങ്ങള്‍ ദേശത്തു വര്‍ദ്ധിച്ചു പെരുകുമ്പോള്‍ ആ കാലത്ത് യഹോവയുടെ നിയമ പെട്ടകം എന്നു ഇനി പറയുകയില്ല, അതു മനസ്സില്‍ വരികയില്ല, അതിനെ ഓര്‍ക്കുകയില്ല, ചെന്നു കാണുകയില്ല, ഇനി അതു ഉണ്ടാകുകയില്ല എന്നു യഹോവയുടെ അരുളപ്പാടു”. (യിരെ.3:16) കിര്യത്ത് യെയാരീമില്‍ പണ്ട് പാഗണ്‍ ക്ഷേത്രം സ്ഥിതിചെയ്തിരുന്നതായും ചില ഗവേഷകര്‍ കണക്കു കൂട്ടുന്നു.
അറബ് ഗ്രാമമായ അബുഘോഷിന്റെ അതിര്‍ത്തി സ്ഥലമാണ് കിര്യത്ത് യെയാരീം. ഇപ്പോള്‍ ഇവിടെ ഒരു സന്യാസി മഠവും സ്ഥിതി ചെയ്യുന്നുണ്ട്.