ടൈറ്റാനിക്കിന്റെ അപരന്‍ വരുന്നു, നിര്‍മ്മാണം പുരോഗമിക്കുന്നു

Breaking News Global Middle East

ടൈറ്റാനിക്കിന്റെ അപരന്‍ വരുന്നു, നിര്‍മ്മാണം പുരോഗമിക്കുന്നു
ദുബായ്: കടലിലെ ആഡംബര യാത്രയുടെ അവസാന വാക്കായി ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പലായ തകര്‍ന്നു മുങ്ങിയ ടൈറ്റാനിക്കിന്റെ അപരന്‍ വരുന്നു.

 

2018-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ഈ കപ്പലിന് പേരിട്ടിരിക്കുന്ത് ടൈറ്റാനിക് 2 എന്നാണ്. കപ്പലിന്റെ നിര്‍മ്മാണത്തിന് പണം ചിലവാക്കുന്നത് ആസ്ട്രേലിയന്‍ കോടിശ്വരനായ ക്ലൈവ് പാമറാണ്. ചൈനയിലെ ഷിപ്പ്യാര്‍ഡില്‍ കപ്പലിന്റെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

 

കപ്പലിന്റെ ആദ്യ യാത്ര ചൈനയിലെ ജിയാങാസു തുറമുഖത്തുനിന്ന് ദുബായിലേക്കായിരിക്കുമെന്നാണ് സൂചന. ഒരിക്കലും മുങ്ങില്ലെന്ന അവകാശവാദത്തോടെ 1912 ഏപ്രില്‍ 10-ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍നിന്നും 2223 യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റാനിക് കപ്പല്‍ കന്നിയാത്രയില്‍ത്തന്നെ ഏപ്രില്‍ 15-നു മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്നു മുങ്ങുകയായിരുന്നു.

 

രണ്ടു മണിക്കൂര്‍ 40 മിനിറ്റുകൊണ്ടായിരുന്നു മുങ്ങിയത്. യാത്രക്കാരില്‍ 1517 പേര്‍ മരിച്ചു. ലോകത്തിന്റെ മുന്നില്‍ എന്നെന്നും ഒരു നൊമ്പരമായിരുന്നു ടൈറ്റാനിക് ദുരന്തം.
ഈ കപ്പലിന്റെ അതേ മാതൃകയില്‍ തന്നെയായിരിക്കും ടൈറ്റാനിക് 2 നിര്‍മ്മിക്കുന്നത്. എന്നാല്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ ആയിരിക്കും പുതിയ കപ്പല്‍ രൂപപ്പെടുക. അപകടമുണ്ടായാല്‍ ആളുകളെ എത്രയും പെട്ടെന്ന് രക്ഷപെടുത്താന്‍ ഈ സംവിധാനം സഹായകരമാകും. ഇതിനു പുറമേ ഉപഗ്രഹ നിയന്ത്രിത ഡിജിറ്റല്‍ നാവിഗേഷന്‍ റഡാര്‍ സംവിധാനങ്ങളുമുണ്ടാകും.

 

ഒരിക്കലും മുങ്ങില്ലെന്ന അഹങ്കാര മനോഭാവത്താല്‍ ടൈറ്റാനിക്കില്‍ ലൈഫ് ബോട്ടുകള്‍ കുറവായിരുന്നതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടിയത്. ഈ പാളിച്ച മനസ്സിലാക്കി പുതിയ കപ്പലില്‍ കൂടുതല്‍ ലൈഫ് ബോട്ടുകള്‍ ഒരുക്കും. പഴയ കപ്പലിനെപ്പോലെതന്നെ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സ് ടിക്കറ്റുകളുണ്ടായിരിക്കും. 300 യാര്‍ഡ് നീളവും, 57 യാര്‍ഡ് ഉയരവുമാണ് ടൈറ്റാനിക്ക് -2-നുണ്ടാവുക. 9 നിലകളിലായി 840 ക്യാബിനുകളുണ്ടാകും. 2400 യാത്രക്കാര്‍ക്കും 900 ജീവനക്കാര്‍ക്കും സഞ്ചരിക്കാനാകും. സ്വിമ്മിങ് പൂള്‍ ‍, ടര്‍ക്കിഷ് ബാത്ത്, ജിംനേഷ്യം എന്നീ സൗകര്യങ്ങളുമുണ്ടാകും.

 

ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും രണ്ടു വര്‍ഷംകൂടി നീളുമെന്നാണ് ഉടമ ഇപ്പോള്‍ പറയുന്നത്. ചൈനയില്‍നിന്ന് ദുബായിലേക്കുള്ള കന്നി യാത്രയ്ക്ക് ഒരാളില്‍നിന്ന് 10 ലക്ഷം ഡോളര്‍ ചാര്‍ജ്ജ് ഈടാക്കുമെന്നാണ് ക്ലൈവ് പാമറിന്റെ ബ്ലൂസ്റ്റാര്‍ ലൈന്‍ കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മനുഷ്യന്‍ എന്നും സഞ്ചാര പ്രീയനാണ്. അന്യരും പരദേശികളുമായ മനുഷ്യര്‍ ഈ ഭൂമിയില്‍ ജീവിതം കരുപ്പിടിപ്പിക്കാനായി പലയിടങ്ങളിലേക്കും യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ജീവിതം ആസ്വദിച്ചു തീര്‍ക്കാനായും ചിലര്‍ യാത്രകള്‍ ചെയ്യുന്നു. ഭൂമിയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു കുതിക്കുന്നു. കരയിലൂടെയും, കരയിലൂടെയും, ആകാശത്തിലൂടെയും ഉള്ള ഇത്തരം യാത്രകള്‍ പലപ്പോഴും ആഡംബരത്തില്‍ ലയിച്ചുള്ളതായിരിക്കും. ലഹരി പദാര്‍ത്ഥങ്ങളില്‍ മുഴുകിയുള്ള ഇത്തരം യാത്രകളില്‍ മനുഷ്യന്‍ തന്നെത്തന്നെ മറക്കുന്നു, ദൈവത്തേയും.
യാത്രകള്‍ ഒരിക്കലും പണം ധൂര്‍ത്തടിച്ചു കളയാനുള്ള അവസരമാക്കരുത്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തെ മറന്ന് ഒന്നും ചിന്തിക്കുകപോലുമരുത്. മനുഷ്യരുടെ കരവിരുതുകളും പ്രകൃതി സൗന്ദര്യങ്ങളും കണ്ട് ആസ്വദിക്കാനായി യാത്രകള്‍ ചെയ്യുമ്പോള്‍ പ്രകൃതിയേയും മനുഷ്യനേയും സൃഷ്ടിച്ച ദൈവത്തേയാണ് നാം ഓര്‍ക്കേണ്ടത്. ദൈവത്തിന് സ്തുതിയും മഹത്വവും നാം അര്‍പ്പിക്കണം. അഹങ്കാരവും, അമിത ആത്മവിശ്വാസവും മൂലം ആദ്യത്തെ ടൈറ്റാനിക് കപ്പലിന്റെ യാത്ര വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന്റെ ആഴത്തില്‍ അവസാനിപ്പിക്കേണ്ടിവന്നു. 104 വര്‍ഷത്തിനുശേഷം ഇന്നും അതിന്റെ അവശിഷ്ടങ്ങള്‍ കടലിന്റെ അടിത്തട്ടില്‍ ഇരുട്ടറയില്‍ മറഞ്ഞു കിടക്കുന്നു.

 

ദൈവപുരുഷനായിരുന്ന മോശെ ഇപ്രകാരം പ്രാര്‍ത്ഥിച്ചു “കര്‍ത്താവേ നീ തലമുറ തലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു, പര്‍വ്വതങ്ങള്‍ ഉണ്ടായതിനും, നീ ഭൂമിയേയും ഭൂതലത്തേയും നിര്‍മ്മിച്ചതിനും മുമ്പേ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു” (സങ്കി. 90:1,2). ഇതുപോലൊരു പ്രാര്‍ത്ഥനയും ധ്യാനവും നമ്മുടെ ജീവിത യാത്രകളില്‍ ഉണ്ടാകട്ടെ.

Leave a Reply

Your email address will not be published.