മെഗിദ്ദോയ്ക്കു സമീപം റോമന്‍ പട്ടാള ക്യാമ്പിന്റെ അവശിഷ്ടം കണ്ടെത്തി
മെഗിദ്ദോ: ബൈബിളില്‍ ചരിത്ര പ്രാധാന്യമുള്ള പല യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ളതും അന്ത്യകാലത്ത് അവസാന ലോകമഹായുദ്ധം നടക്കേണ്ട നിര്‍ദ്ദിഷ്ട ദേശവുമായ മെഗിദ്ദോ താഴ്വരയ്ക്കു സമീപം ജസ്രീല്‍ താഴ്വരയില്‍ പുരാതന റോമന്‍ പട്ടാള ക്യാമ്പ് സ്ഥിതി ചെയ്തതിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
വടക്കന്‍ ഇസ്രായേലിലെ പ്രസിദ്ധമായ ടെല്‍ മെഗിദ്ദോയ്ക്കു സമീപമാണ് റോമന്‍ ചക്രവര്‍ത്തി ഹാഡ്രിയന്റെ 6-ാമത് റീജിയന്‍ ക്യാമ്പ് കണ്ടെത്തിയത്. എ.ഡി. 117-138 വരെയായിരുന്നു ഹാഡ്രിയന്റെ ഭരണ കാലം. 5000 വരുന്ന പട്ടാളക്കാര്‍ക്ക് ലെഗിയോന്‍ എന്നാണ് പേര്‍ വിളിക്കപ്പെട്ടിരുന്നത്.
പഴയ യെരുശലേമിനും ഗലീലയ്ക്കും മദ്ധ്യേയുള്ള സ്ഥലത്താണ് അവശിഷ്ടം കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്. 300 മീറ്റര്‍ വീതിയും 500 മീറ്റര്‍ നീളവുമുള്ള സ്ഥലത്താണ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത്. ജസ്രീല്‍ വാലിയില്‍ ഡബ്ല്യു.എഫ്. ആള്‍ ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിക്കല്‍ റിസേര്‍ച്ചും ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയും ചേര്‍ന്നു നടത്തിയ ഉല്‍ഖനനത്തിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വിശാലമായ ക്യാമ്പ് സ്ഥലത്തിനു ചുറ്റും കിടങ്ങ്, ജലസേചനത്തിനുള്ള പൈപ്പ്, മലിനജലം ഒഴുക്കുവാനുള്ള ഓട, പുരാതന നാണയങ്ങള്‍ , ടൈല്‍സുകള്‍ റോമന്‍ റീജന്റെ അടയാളം രേഖപ്പെടുത്തിയ പൊട്ടിയ ഫലകം എന്നിവയും കണ്ടെടുത്തിട്ടുണ്ട്. മാത്യു ജെ. ആഡംസ് ഖനനത്തിനു നേതൃത്വം നല്‍കി. വിശദമായ പഠനത്തിനുശേഷമാണ് 2015- ജൂലൈ മാസം ഈ വിവരം പുറത്തുവിട്ടത്.
മെഗിദ്ദോ താഴ്വര പഴയനിയമ കാലത്ത് നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്ന സ്ഥലമാണ്. ബാരാക്കും ദെബോരയും കനാന്യ രാജാവായ യാബീനുമായി യുദ്ധം നടത്തി (ന്യായാ. 4,5 അദ്ധ്യായങ്ങള്‍ ), മിദ്യാന്യരുമായുള്ള ഗിദയോന്റെ യുദ്ധം (ന്യായാ. 6,7), ഫെലിസ്ത്യരുമായി ശൌലിന്റെ യുദ്ധവും അന്ത്യവും (1 ശമു. 31), യേഹുവും യോരാമും തമ്മിലുള്ള യുദ്ധം (2 രാജാ. 9), മിസ്രയിം രാജാവായ ഫറവോനും യോശിയാരാജാവും തമ്മിലുള്ള യുദ്ധം (2 രാജാ. 23), അമസ്യാവും ഏദോമ്യരുമായുള്ള യുദ്ധം (2 ദി. 1) മുതലായവ അതില്‍ പ്രധാനമായ സംഭവങ്ങളാണ്.
കൂടാതെ ഭാവികാലത്ത് ഭൂലോക ചരിത്രത്തില്‍ ഏറ്റവും ഘോരമായ യുദ്ധം എന്നു വിശേഷിപ്പിക്കാവുന്ന ഹര്‍മ്മഗെദ്ദോന്‍ യുദ്ധം നടക്കേണ്ടുന്ന സ്ഥലവും കൂടിയാണ് മെഗിദ്ദോ താഴ്വര. മെഗിദ്ദോ എന്ന വാക്കിന്റെ എബ്രായ രൂപമാണ് ‘ഹര്‍മ്മഗെദ്ദോന്‍’ എന്നത്. എതിര്‍ ക്രിസ്തു (ആന്റി ക്രൈസ്റ്റ്) ന്റെ 7 വര്‍ഷത്തെ ഭരണത്തിന്റെ ഏറ്റവും ഒടുവിലായിരിക്കും ഈ യുദ്ധം നടക്കുക. യേശുക്രിസ്തുവും തന്റെ വിശുദ്ധ സഭയും സ്വര്‍ഗ്ഗീയ ദൂതസേനയുടെ അകമ്പടിയോടെ യെരുശലേമിനു കിഴക്കുള്ള ഒലിവു മലയില്‍ , യെഹൂദ ജാതി എതിര്‍ ക്രിസ്തുവിന്റെ മഹാ പീഢനത്തില്‍ ഹൃദയം തകര്‍ന്നു നിലവിളിക്കുമ്പോള്‍ പ്രത്യക്ഷനാകും.
യെഹൂദാ ജാതിയുടെ വീണ്ടെടുപ്പിനായി യേശു മശിഹാ എഴുന്നെള്ളിവന്ന് തന്റെ പരിശുദ്ധ പാദങ്ങള്‍ ഒലിവു മലയില്‍ സ്പര്‍ശിക്കുമ്പോള്‍ അത് രണ്ടായി പിളരുകയും പ്രകൃതിയില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. (സെഖ. 14:4, 50) ഭൂലോകത്തിന്റെ നാലു ദിക്കുകളില്‍നിന്നുമുള്ള രാജ്യങ്ങളിലെ സൈന്യം ഹര്‍മ്മഗെദ്ദാനില്‍ അണി നിരക്കും പടിഞ്ഞാറുനിന്ന് പുനരുദ്ധരിക്കപ്പെടുന്ന പുരാതന റോമാ സാമ്രാജ്യത്തിലെ ദശരാഷ്ട്ര സഖ്യ സേനകള്‍ വന്നു ചേരും.
വടക്കുനിന്നു റഷ്യയും സഖ്യ സേനകളും എത്തിച്ചേരും. അവരും പ്രാപ്തിക്കൊത്വണ്ണം കഴിവു പ്രയോഗിക്കും. യൂഫ്രട്ടീസിനു കിഴക്കുനിന്നും ഏഷ്യന്‍ ശക്തികളായ ഇന്ത്യാ, ചൈന, ജപ്പാന്‍ തുടങ്ങിയ രാഷട്രങ്ങളുടെ വലിയ സേനാ സന്നാഹവും ഇവിടെ അണി നിരക്കും. കൂടാതെ തെക്കുനിന്നും ആഫ്രിക്കന്‍ രാജ്യങ്ങളുടെ സംയുക്ത സേനയും എത്തിച്ചേരും.
അങ്ങനെ നാനാ ദിക്കില്‍നിന്നുമായി ശക്തരായ സേനാ വിഭാഗങ്ങള്‍ സംയുക്തമായ യേശുക്രിസ്തുവിനോടും സ്വര്‍ഗ്ഗീയ സേനകളോടും യിസ്രായേലിനോടും ഏറ്റു മുട്ടുന്ന അതി ഭയങ്കരവും ഘോരവുമായ യുദ്ധമാണ് ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തില്‍ സംഭവിക്കുന്നത്. (സെഖ. 12:2,3, 14:2,3, സങ്കീ.2:2, യെശയ്യാവ് 34:2, വെളി.16:14, 17:14, 19:11-21) രക്തപ്പുഴയൊഴുകുന്ന യുദ്ധത്തില്‍ എതിര്‍ ക്രിസ്തുവും സേനകളും അതിദാരുണമായി പരാജയപ്പെടും. എതിര്‍ക്രിസ്തുവും കള്ള പ്രവാചകനും യുദ്ധത്തടവുകാരായി പിടിക്കപ്പെടും. അവരെ ന്യായം വിധിച്ച് ഇരുവരേയും തീയും ഗന്ധകവും കത്തുന്ന തീപ്പൊയ്കയിലേക്ക് ജീവനോടെ തള്ളിയിടും (വെളി. 19:20).
തുടര്‍ന്ന് പഴയ പാമ്പായ പിശാചിനെ ആയിരം വര്‍ഷത്തേക്ക് അഗാധകൂപത്തില്‍ അടച്ചു മുദ്രയിടുമെന്നും വിശുദ്ധ ബൈബിള്‍ വ്യക്തമാക്കുന്നു. (വെളി. 20:1-4) ദൈവത്തിന്റെ സ്വന്തജനമായ യെഹൂദാ ജനതയുടെ സമ്പൂര്‍ണ്ണമായ ഉദ്ധാരണം ലക്ഷ്യമാക്കിയുള്ള യേശുക്രിസ്തുവിന്റെ ജാതികളുടെമേലുള്ള അവസാന യുദ്ധ വിജയമായിരിക്കും ഈ മഹായുദ്ധത്തോടെ ലക്ഷ്യം നേടുന്നത്.
നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മെഗിദ്ദോ താഴ്വര ഒരു രണ ഭൂമിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന ദൈവീക പദ്ധതിയുടെ ഒരു നേര്‍ക്കാഴ്ചയായി വിശ്വാസികള്‍ക്ക് പരിശുദ്ധാത്മാവ് ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയുമാണ് യിസ്രായേലിലെ ഈ സ്ഥലത്തിനു സമീപമുള്ള ചരിത്ര ശേഷിപ്പുകള്‍ പുറം ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തിത്തരുന്നത്. ഇത് ഓരോ വിശുദ്ധന്മാരുടെയും പ്രത്യാശ വര്‍ദ്ധിപ്പിക്കുന്നുവെന്നതില്‍ സംശയമില്ല.

