അക്ഷര നഗരിയില്‍ വിശ്വാസിയുടെ ശവസംസ്ക്കാരം തടഞ്ഞ് പ്രാദേശിക നേതാവും നാട്ടുകാരും

അക്ഷര നഗരിയില്‍ വിശ്വാസിയുടെ ശവസംസ്ക്കാരം തടഞ്ഞ് പ്രാദേശിക നേതാവും നാട്ടുകാരും

Kerala

അക്ഷര നഗരിയില്‍ വിശ്വാസിയുടെ ശവസംസ്ക്കാരം തടഞ്ഞ് പ്രാദേശിക നേതാവും നാട്ടുകാരും
കോട്ടയം: കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ച വിശ്വാസിയുടെ ശവസംസ്ക്കാരം ബി.ജെ.പി. പ്രാദേശിക നേതാവും നഗരസഭാ കൌണ്‍സിലറും ഒരു സംഘം ആളുകളും തടഞ്ഞത് വന്‍ വിവാദമായി.

നഗര മധ്യത്തിലെ സി.എം.എസ്. കോളേജ് ഭഗത്തു നടുകാലില്‍ ഔസേഫ് ജോര്‍ജ്ജിന്റെ (83) മൃതദേഹം മുട്ടമ്പലത്തെ വൈദ്യുതി ശ്മശാനത്തില്‍ സംസ്ക്കരിക്കാതെ തടഞ്ഞതും രാത്രിയില്‍ ജനപ്രതിനിധികളേപ്പോലും അറിയിക്കാതെ ശവസംസ്ക്കാരം നടത്തിയതുമാണ് വിവാദമായത്.

ഞായറാഴ്ച ഉച്ചയോടെയാണ് കേരളത്തിനാകമാനം നാണക്കേടുണ്ടാക്കിയ സംഭവങ്ങളുടെ തുടക്കം. മൃതദേഹം മുട്ടമ്പലത്തു സംസ്ക്കരിക്കാനുള്ള നീക്കത്തെ ബി.ജെ.പി. കൌണ്‍സിലര്‍ ടി. എന്‍ ‍. ഹരികുമാറിന്റെ നേതൃത്വത്തില്‍ റോഡില്‍ കൂട്ടം കൂടിയിരുന്നു തടയുകയും ശ്മശാനത്തിലേക്കുള്ള വഴി അടയ്ക്കുകയും ചെയ്തു.

എന്നാല്‍ പ്രതിരോധത്തിനൊടുവില്‍ രാത്രി വൈകി മൃതദേഹം സംസ്ക്കരിച്ചു. വന്‍ പോലീസ് സംഘത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്ക്കാരം. എ.എസ്.പി. നിസാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്ളാന്‍ തയ്യാറാക്കിയായിരുന്നു മൃതദേഹം മെഡിക്കല്‍ കോളേജില്‍നിന്നും എത്തിച്ചത്.

സംഭവത്തില്‍ നഗരസഭാ കളക്ടറേറ്റ് വാര്‍ഡ് കൌണ്‍സിലറായ ഹരികുമാറിനെ ഒന്നാം പ്രതിയാക്കിയും പ്രദേശവാസികളായ കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കും എതിരെയുമാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അനധികൃതമായി കൂട്ടംകൂടിയതിനും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, മൃതദേഹത്തോട് അനാദരവ് കാട്ടി തുടങ്ങിയ വകുപ്പ് പ്രകാരവുമാണ് കേസ്. സംഭവത്തിനെതിരെ സമൂഹ്യ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പുകകൊണ്ട് കോവിഡ് പകരുമെന്ന നേതാവിന്റെ ഭാഷ്യം ജനങ്ങളെ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നു.
ഔസേഫ് അസ്സംബ്ളീസ് ഓഫ് ഗോഡ് സഭയിലെ അംഗമായിരുന്നു. മാങ്ങാനത്തെ സെമിത്തേരിയില്‍ സംസ്ക്കാരിക്കാനായിരുന്നു തീരുമാനം. ചര്‍ച്ചില്‍നിന്നും അനുമതിയും ലഭിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ സെല്ലില്‍ അടക്കാന്‍ കഴിയുകയില്ല. കുഴി എടുത്ത് അടക്കണം.

അല്ലെങ്കില്‍ ശരീരം ദഹിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇതോടെ നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ടു മുട്ടമ്പലത്തു സംസ്ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. സഭയും ഇത് അംഗീകരിച്ചു. ഭാര്യ പരേതയായ മറിയാമ്മ ജോര്‍ജ്ജ്. മക്കള്‍ ‍: സാറാമ്മ, ഏലിയാമ്മ, അന്നമ്മ, പരേതരായ മറിയാമ്മ, റോസമ്മ. മരുമക്കള്‍ ‍. ഫിലിപ്പോസ്, ദേവസ്യ മത്തായി, കെ.കെ. സാം, അല്‍ഫോന്‍സ്.