ക്രൈസ്തവ പീഢനം: 2017 വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉത്തര കൊറിയ ഒന്നാം സ്ഥാനത്ത്
കാലിഫോര്‍ണിയ: ക്രൈസ്തവ പീഢനങ്ങളില്‍ ആഗോള തലത്തില്‍ ഉത്തര കൊറിയ ഒന്നാം സ്ഥാനത്ത് തുടരുന്നു.
തുടര്‍ച്ചയായി 14 വര്‍ഷമായി ഉത്തര കൊറിയയാണ് മുന്നില്‍ . അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ 2017 വേള്‍ഡ് വാച്ച് ലിസ്റ്റിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ക്രൈസ്തവ പീഢനങ്ങള്‍ നടക്കുന്ന ആദ്യത്തെ 50 രാഷ്ട്രങ്ങളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടതിലാണ് ഉത്തര കൊറിയ 92 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
രണ്ടാം സ്ഥാനത്ത് 91 പൊയിന്‍റുമായി സൊമാലിയയും 89 പോയിന്‍റുമായി അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമായി നില്‍ക്കുന്നു. ആദ്യത്തെ 10 രാഷ്ട്രങ്ങളില്‍ 4-ാം സ്ഥാനം മുതല്‍ 10-ാം സ്ഥാനം വരെ യഥാക്രമം പാക്കിസ്ഥാന്‍ , സുഡാന്‍ , സിറിയ, ഇറാഖ്, ഇറാന്‍ , യെമന്‍ , എറിത്രിയ എന്നീ രാഷ്ട്രങ്ങളും ക്രൈസ്തവ പീഢനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യ ലിസ്റ്റില്‍ 15-ാം സ്ഥാനത്താണ്.
ഇന്ത്യയില്‍ 2016-ല്‍ ഓരോ മാസവും ആവറേജ് കണക്കു പ്രകാരം 40 ക്രൈസ്തവ പീഢനങ്ങള്‍ നടന്നതായി വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പറയുന്നു. ലോകത്ത് 215 മില്യണ്‍ ക്രൈസ്തവര്‍ ശക്തമായ പീഢനങ്ങളെ നേരിടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ആദ്യ നൂറു ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവര്‍ക്ക് ഏറെ ഗുണങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഓപ്പണ്‍ ഡോര്‍സ് പ്രസിഡന്റും സി.ഇ.ഒ.യുമായ ഡേവിഡ് ക്യൂറി പറഞ്ഞു.

