ഛത്തീസ്ഗഢില്‍ സഭാ ആരാധനയ്ക്കിടയില്‍ പാസ്റ്ററേയും വിശ്വാസികളേയും തല്ലിച്ചതച്ചു

Breaking News India

ഛത്തീസ്ഗഢില്‍ സഭാ ആരാധനയ്ക്കിടയില്‍ പാസ്റ്ററേയും വിശ്വാസികളേയും തല്ലിച്ചതച്ചു
കൊഹ്കമേട്ട : ഛത്തീസ്ഗഢില്‍ ഗ്രാമത്തിലെ ഒരു സ്വതന്ത്ര പെന്തക്കോസ്ത് സഭയുടെ ആരധനയ്ക്കിടയില്‍ പുറത്തുനിന്നും എത്തിയ ഹിന്ദു വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണത്തില്‍ പാസ്റ്റര്‍ക്കും നിരവധി വിശ്വാസികള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

 

ഒക്ടോബര്‍ 25ന് ഞായറാഴ്ച രാവിലെ ബസ്തര്‍ ജില്ലയിലെ കൊഹ്കമേട്ട ഗ്രാമത്തിലെ ഒരു സ്വതന്ത്ര പെന്തക്കോസ്തു സഭയുടെ ആരാധനാ സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. സഭാ ശുശ്രൂഷകന്‍ മേട്ടു കര്‍മ്മയുടെ (31) നേതൃത്വത്തില്‍ സഭായോഗം നടക്കുകയായിരുന്നു. ഈ സമയം കുട്ടികള്‍ ‍, യുവാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 35-ഓളം ഗ്രാമീണര്‍ വടികളും മറ്റ് ആയുധങ്ങളുമായെത്തി സഭായോഗം തടസ്സപ്പെടുത്തി.

 

തുടര്‍ന്ന് പാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തേക്കു വലിച്ചിഴെച്ചുകൊണ്ടുപോയി വടികള്‍ ഉപയോഗിച്ച് അടിച്ചും മര്‍ദ്ദിച്ചും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പാസ്റ്ററുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. അക്രമികള്‍ കരുതിക്കൂട്ടിയായിരുന്നു വന്നത്. അവര്‍ 20 രൂപാ സ്റ്റാമ്പ് പേപ്പറില്‍ ഈ സഭയിലെ വിശ്വാസികളുടെ പേരും, അഡ്രസ്സും എഴുതിച്ചേര്‍ത്ത്, തങ്ങള്‍ ഹിന്ദു മതത്തിലേക്കു തിരികെ വരികയാണെന്നും മേലില്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ നടത്തുകയില്ലെന്നും എഴുതിയ സ്ഥാനത്ത് നിര്‍ബന്ധിച്ച് ഒപ്പിടീക്കാന്‍ ശ്രമം നടത്തി.

 

ഇതിനെ എതിര്‍ത്തപ്പോഴായിരുന്നു ക്രൂരമായ ആക്രമണം. ഭീഷണികളുള്ളതിനാല്‍ പരിക്കേറ്റവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. തങ്ങളെ തല്ലിച്ചതച്ച വിവരം പോലീസിനെ അറിയിച്ചാല്‍ എല്ലാവരുടെയും വീടുകള്‍ കത്തിച്ച് ചമ്പലാക്കുമെന്നും ഭീഷണി മുഴക്കിയാണ് അക്രമികള്‍ പിരിഞ്ഞു പോയത്. അക്രമികള്‍ തന്നെ നേരിട്ട് പോലീസിലെത്തി തങ്ങളുടെ ദേവന്മാരേയും, ദേവതകളേയും ക്രിസ്ത്യാനികള്‍ വീടുകളില്‍നിന്നും വലിച്ചെറിഞ്ഞെന്നും തങ്ങളെ മര്‍ദ്ദിച്ചെന്നും വ്യാജ പരാതി നല്‍കി.

 

പരിക്കേറ്റ പാസ്റ്ററേയും വിശ്വാസികളേയും പിന്നീട് മറ്റ് ക്രൈസ്തവ സഭാ നേതക്കള്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ക്ക് ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു.

5 thoughts on “ഛത്തീസ്ഗഢില്‍ സഭാ ആരാധനയ്ക്കിടയില്‍ പാസ്റ്ററേയും വിശ്വാസികളേയും തല്ലിച്ചതച്ചു

Leave a Reply

Your email address will not be published.