മുറിവ് തുന്നിക്കൊട്ടേണ്ട, ഉണങ്ങാന്‍ ഇനി പുതിയ ലേസര്‍ ചികിത്സ

Breaking News Global India

മുറിവ് തുന്നിക്കൊട്ടേണ്ട, ഉണങ്ങാന്‍ ഇനി പുതിയ ലേസര്‍ ചികിത്സ
ടെല്‍ അവീവ്: വൈദ്യശാസ്ത്രം പുതിയൊരു വിപ്ളവത്തിനു തുടക്കം കുറിക്കുന്നു. മനുഷ്യ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ നിലവില്‍ തുന്നിക്കെട്ടുന്ന രീതിക്ക് ഉടനെ പരിഹാരമുണ്ടാകുന്നു.

 

തുന്നിക്കെട്ടുന്നതിനു പകരം ലേസറുകളുടെ സഹായത്തോടെ മുറിവ് ഉണക്കുന്ന രീതി ഇനി യാഥാര്‍ത്ഥ്യമാകുന്നതിന്റെ അവസാന ഘട്ടത്തിലാണ് യിസ്രായേലില്‍നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍. ഈ ചികിത്സാരീതി യഥാര്‍ത്ഥ്യമായാല്‍ വൈദ്യശാസ്ത്രരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ അപ്ളൈഡ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

 

നിലവില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി രാസ സ്വഭാവമുള്ള പശയും പ്രത്യേകതരം നൂലുകളുമൊക്കെ ഉപയോഗിച്ചാണ് മുറിവ് തുന്നിക്കെട്ടിയിരുന്നത്. ഇവയെല്ലാംതന്നെ ശരീരത്തിന് ഹാനികരമാകാനുള്ള സാദ്ധ്യതയും ഏറെയാണ്. എന്നാല്‍ മുറിവിന്റെ യഥാര്‍ത്ഥ സ്ഥാനം മനസിലാക്കിയശേഷം ഓരോ സ്ഥലവും ലേസറുകളുടെ സഹായത്താല്‍ ഉണക്കുന്ന രീതിയാണ് ഇനി വരാന്‍ പോകുന്നത്. സാധാരണ മുറിവുകള്‍ തുന്നിക്കെട്ടിയാലും അവ പൊട്ടിപ്പോകുവാനുള്ള സാദ്ധ്യതയുണ്ട്. ഒരു പക്ഷേ മുറിവ് പഴുക്കുവാനും ഇടയാകും.

 

എന്നാല്‍ ലേസര്‍ ചികിത്സ ഇതിനൊരു പരിഹാരമാണ്. അതു മാത്രമല്ല തുന്നിക്കെട്ടുമ്പോഴുണ്ടാകുന്ന പാടുകള്‍ നൂലിനേക്കാള്‍ വളരെ നേര്‍ത്തതായിരിക്കും. നഗ്നനേത്രങ്ങള്‍കൊണ്ട് പെട്ടന്ന് തിരിച്ചറിയുവാന്‍ കഴിയില്ല. ശരീരത്ത് പാടുകള്‍ വീഴുന്നതും വഴിമാക്കിക്കിട്ടുമെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. ഏബ്രഹാം കാറ്റ്സിര്‍ പറയുന്നു. ലേസര്‍ ലൈറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചൂടിനെ നിയന്ത്രിച്ചാണ് ലേസര്‍ ചികിത്സാ രീതി പ്രാവര്‍ത്തികമാക്കുന്നത്.

 

മുറിവുണ്ടാകുന്ന ഭാഗത്തെ അറ്റങ്ങളില്‍ സ്ഥിതി ചെയ്യുന്ന കൊളാജന്‍ എന്ന പ്രോട്ടീനാണ് മുറിവേറ്റ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. ചൂടേറ്റ് അവ യോജിക്കുകയും കലകള്‍ തണുക്കുന്നതോടെ മുറിവ് ഉണങ്ങുകയുമാണ് ചെയ്യുക. 1970-80 കാലഘട്ടത്തില്‍ ഇത്തരം ഒരു പരീക്ഷണത്തിനു ശാസ്ത്രജ്ഞര്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.