ഉപ്പുമാവിനു പകരം ബിര്‍ണാണി തന്നെ കൊടുക്കണമോ? മുരളി തുമ്മാരുകൂടി പ്രതികരിക്കുന്നു
കേരളത്തിലെ അങ്കണവാടിയിലെ ഒരു കുട്ടി തനിക്ക് ഉച്ച ഭക്ഷണമായി ഉപ്പുമാവ് വേണ്ട ബിര്‍ണാണിയും (ബിരിയാണി) പൊരിച്ച കോഴിയും മതിയെന്നു പറയുന്ന വീഡിയോ വൈറല്‍ ആയല്ലോ.
ഉച്ചഭക്ഷണമായി എന്തൊക്കെ നല്‍കാമെന്ന് പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രിയും പറഞ്ഞു. നല്ല കാര്യമാണ്. കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കണം. ചെറുപ്പകാലത്ത് തന്നെ ഇത് തുടങ്ങുരയും ചെയ്യണം. പക്ഷെ അങ്കണവാടികളിലോ, സ്കൂളിലോ പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കുന്നതു നല്ല കാര്യമാണെന്നു തോന്നുന്നില്ല.
ഇപ്പോള്‍ത്തന്നെ മലയാളികളുടെ ഭക്ഷണശീലം ഏറെ അനാരോഗ്യകരമാണ്. അതേ സയമം തന്നെ വേണ്ടത്ര വ്യായാമങ്ങള്‍ ചെയ്യുന്നുമില്ല. കേരളം ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥനമായി മാറുന്ന കാഴ്ചയാണ് ഈ തലമുറയില്‍ കാണുന്നത്.
ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. മൂന്നു നേരത്തെ ഭക്ഷണം ഒരു നേരം കഴിക്കുന്ന ശീലം രൂപപ്പെടുത്തിക്കഴിഞ്ഞു. മദ്ധ്യവയസ്സില്‍തന്നെ ജീവിതത്തിന്റെ ഗുണനിലവാരും കുറയ്ക്കുന്ന ജീവിതശൈലീ രോഗങ്ങളായി ഈ ശീലം പരിണമിക്കുന്നു.
ചികിത്സാ ചിലവുകള്‍ താങ്ങാന്‍ വ്യക്തികള്‍ക്കും, സമൂഹത്തിന്റെ ആരോഗ്യപരിപാലന ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനും സാധിക്കാത്ത ഒരു പ്രതിസന്ധിയില്‍ എത്തുമ്പോള്‍ മാത്രമാണു മാറ്റത്തിന്റെ ഗുരുതരാവസ്ഥ നമ്മള്‍ മനസ്സിലാക്കു. പുതിയ തലമുറയെ എങ്കിലും രക്ഷിക്കാന്‍ നമുക്കാകണം.
വികസിത രാജ്യങ്ങളില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം എന്താകണം എന്നത് ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ്. ഒരു കുട്ടിയുടെ നിഷ്ക്കളങ്കമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അങ്കണവാടിയില്‍ ബിരിയാണി ഫെസ്റ്റിവല്‍ നടത്തുകയോ ഉപ്പുമാവ് മാറ്റി ബിരിയാണിയാക്കുകയോ അല്ല വേണ്ടത്.
പകരം കേരളത്തിലെ ഡയറ്റീഷ്യന്മാരും ഡോക്ടര്‍മാരും സെലിബ്രിറ്റി ഷെഫുമാരും ഒക്കെ ചേര്‍ന്ന് എങ്ങനെയാണ് കേരളത്തിന്റെ സാഹചര്യത്തിനു യോജിച്ച കുട്ടികള്‍ ഇഷ്ടപ്പെടുന്ന അവര്‍ക്ക് ആരോഗ്യകരമായ അവരില്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുന്ന ഉച്ചഭക്ഷണം സ്കൂളുകളില്‍ കൊടുക്കുന്നതെന്ന് ആലോചിക്കുകയാണ് വേണ്ടത്.