എയര്‍ ഏഷ്യാ വിമാന ദുരന്തം: മരിച്ചവരില്‍ ഒരു സഭയിലെ 41 വിശ്വാസികളും
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍നിന്നും ഡിസംബര്‍ 28ന് രാവിലെ പുറപ്പെട്ട ഇന്തോനേഷ്യയുടെ എയര്‍ ഏഷ്യ ക്യു ഇസഡ് 8501 വിമാനത്തിലെ മരിച്ച യാത്രക്കാരില്‍ 41 പേര്‍ സുരബായിലെ മാവാര്‍ ഷാരോണ്‍ സഭയിലെ അംഗങ്ങളാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉണര്‍വ്വു സഭയായ മാവാര്‍ ഷാരോണ്‍ സഭയില്‍ 30,000 അംഗങ്ങളാണുള്ളത്.
72 ഓളം പ്രാദേശിക സഭകളുമുണ്ട്. ഇതില്‍ സുരബായ സഭയിലെ വിശ്വാസികളാണ് അപകടത്തില്‍പ്പെട്ടതെന്ന് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഫിലിപ്പ് മണ്ടോഫ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതായി പാസ്റ്റര്‍ ഫിലിപ്പ് പറഞ്ഞു. മരിച്ച വിശ്വാസികള്‍ സഭയുടെ നെടുംതൂണുകള്‍ ആയിരുന്നു. ദൈവം അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കട്ടെ എന്നു ദുഃഖത്തോടെ പാസ്റ്റര്‍ ഫിലിപ്പ് പറഞ്ഞു. ഞായറാഴ്ച രാവിലെ 5.35ന് പറന്നുയര്‍ന്ന വിമാനം സിംഗപ്പൂരിലേക്കു യാത്ര തിരിച്ചതായിരുന്നു. രാവിലെ 6.17നു വിമാനത്തിന് ജക്കാര്‍ത്ത എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
അപ്രത്യക്ഷമായ വിമാനത്തിന്റെ അവശിഷ്ടം മൂന്നാം ദിവസം ജാവാ കടലില്‍ ബര്‍ണിയോ ദ്വീപിനു സമീപത്തുനിന്നും കണ്ടെത്തി. 40 ഓളം പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്. മൊത്തം 162 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 16 കുട്ടികളും ഒരു ശിശുവും ഉണ്ടായിരുന്നു. യാത്രക്കാരില്‍ 149 പേര്‍ ഇന്തോനേഷ്യക്കാരാണ്. 3 തെക്കന്‍ കൊറിയക്കാരും സിംഗപ്പൂര്‍ , മലേഷ്യ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ ഓരോരുത്തരുമാണ് മറ്റു യാത്രക്കാര്‍ . ഇതില്‍ കൊറിയക്കാരായ 3 പേര്‍ പ്രസ്ബിറ്റീരിയന്‍ സഭയുടെ മിഷണറി പാര്‍ക്ക് സിയോങ് (37), ഭാര്യ ലീ ക്വീങ് ഹവ (36) പതിനൊന്നു മാസം പ്രായമുള്ള മകള്‍ പാര്‍ക്ക് യുന എന്നിവരാണ്. മരിച്ചവരില്‍ മറ്റു സഭയിലെ വിശ്വാസികളുമുണ്ട്. ബഥനി ചര്‍ച്ചിലെ 8 പേര്‍ കൊല്ലപ്പെട്ടു.

