പോഷക സമൃദ്ധമായ പ്രാതലും മിതമായ അത്താഴവും പ്രമേഹം നിയന്ത്രിക്കും
ടെല്‍ അവീവ്: ആഹാരം കഴിക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധ കാണിച്ചാല്‍ പ്രമേഹം നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് പുതിയ പഠനം.
പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണവും മിതമായ അത്താഴവും കഴിച്ചാല്‍ അത് പ്രമേഹ നിയന്ത്രണത്തിനുത്തമാണെന്നാണ് ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ പ്രൊഫ. ഡാനിയേല്‍ ജാക്കോവിച്ചും സംഘവും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
രാവിലെ വയറുനിറയെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത്, തുടര്‍ന്ന് അമിതമായ ഭക്ഷണം കഴിക്കാനുള്ള പ്രരണയില്ലാതാക്കുമെന്നും ഇതുവഴി രക്തത്തിലെ പഞ്ചസാര നില നിയന്ത്രിച്ചു നിര്‍ത്താനാവുമെന്നുമാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കായിരിക്കും ഈ ഭക്ഷണ നിയന്ത്രണം കൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്ന് ജാക്കോവിച്ച് പറഞ്ഞു. 30നും 70നും ഇടയില്‍ പ്രായമുള്ള ടൈപ്പ് 2 പ്രമേഹബാധിതരായ 10 സ്ത്രീകളിലും എട്ടു പുരുഷന്മാരിലുമാണ് പഠനം നടത്തിയത്.

