21 പെണ്‍കുട്ടികളെ ബോക്കോഹറാം വിട്ടയച്ചു

Breaking News Global Top News

21 പെണ്‍കുട്ടികളെ ബോക്കോഹറാം വിട്ടയച്ചു
ലാഗോസ്: നൈജീരിയയിലെ ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 21 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ വിട്ടയച്ചു.

2014 ഏപ്രില്‍ മാസത്തില്‍ വടക്കു കിഴക്കന്‍ പട്ടണമായ ചിബോക്കില്‍ സ്കൂള്‍ ക്യാമ്പസില്‍ അതിക്രമിച്ചു കയറി ഭീകരര്‍ 276 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവം ലോകത്തെ ഞെട്ടിച്ചിരുന്നു. ഇവരില്‍ 57 പേര്‍ പലപ്പോഴായി രക്ഷപെട്ടിരുന്നു.

എന്നാല്‍ ബോക്കോ ഹറാമും, അന്താരാഷ്ട്ര റെഡ്ക്രോസും, സ്വിസ് സര്‍ക്കാരും, നൈജീരിയന്‍ സര്‍ക്കാരും ഒരുമിച്ചു നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് 21 പെണ്‍കുട്ടികളെ കഴിഞ്ഞ വ്യാഴാഴ്ച വിട്ടയച്ചത്. പെണ്‍കുട്ടികള്‍ തങ്ങളുടെ വീടുകളിലെത്തി മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടു മുട്ടിയത് എല്ലാവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു.

ഭീകരര്‍ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു എന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെല്ലാവരും തങ്ങളുടെ മക്കള്‍ മോചിതരായോ എന്നന്വേഷിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക കേന്ദ്രത്തിലെത്തിയത് വികാരഭരിതമായ രംഗങ്ങള്‍ സൃഷ്ടിച്ചു.

മോചിതരായ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ വിളിച്ചു വരുത്തിയാണ് സര്‍ക്കാര്‍ കൈമാറിയത്.

എന്നാല്‍ ഇനിയും തടവില്‍ കഴിയുന്ന 198 പെണ്‍കുട്ടികളെക്കുറിച്ച് ആശങ്ക മാതാപിതാക്കള്‍ക്കുണ്ട്. അതിനിടെ 83 പെണ്‍കുട്ടികളെക്കൂടി മോചിപ്പിക്കുവാന്‍ ബോക്കോഹറാമിലെ ഒരു വിഭാഗം സന്നദ്ധമായതായി പ്രസിഡന്റിന്റെ വക്താവ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബോക്കോഹറാമിനെ ഭയമില്ലെന്നും തന്റെ മകളെ വീണ്ടു സ്കൂളില്‍ വിടുമെന്നും ഒരു പിതാവ് പ്രതികരിച്ചു.

Leave a Reply

Your email address will not be published.