കോംഗോയില്‍ തീവ്രവാദികള്‍ 9 ക്രൈസ്തവരെ വെട്ടിക്കൊന്നു
ഒയിക്ക: മദ്ധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 9 ക്രൈസ്തവരെ വെടിവെച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്തി.
കിഴക്കന്‍ കോംഗോയിലെ ഒയിക്ക നഗരത്തിനു സമീപമുള്ള ക്രൈസ്തവ ഗ്രാമത്തിലെ വീടുകളില്‍ ഉറങ്ങിക്കിടന്നവരെയാണ് കൊലപ്പെടുത്തിയത്.
അലയ്ഡ് ഡെമോക്രാറ്റിക് ഫോര്‍സസ് (എഡിഎഫ്) എന്ന തീവ്രവാദി സംഘത്തില്‍പ്പെട്ട അക്രമികള്‍ അവരുടെ യൂണീഫോം ധരിച്ചുകൊണ്ട് ക്രൈസ്തവരുടെ വീടുകളില്‍ക്കയറി വെടിവെച്ചശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
5 സ്ത്രീകളും 4 പുരുഷന്മാരുമാണ് മരിച്ചത്.
ആക്രമണത്തിനു ശേഷം തീവ്രവാദികള്‍ ഇവരുടെ വീടുകള്‍ കൊള്ളയടിക്കുകയും വളര്‍ത്തു മൃഗങ്ങളെ അപഹരിച്ചുകൊണ്ടുപോവുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു സഭാ മൂപ്പനും ഉള്‍പ്പെടും. രണ്ടു മാസം മുമ്പു നടന്ന സമാനമായ ആക്രമണത്തില്‍ ഇവിടെ 30 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു.
ഈ മേഖലയിലെ ഗ്രാമങ്ങളില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. 2014 മുതല്‍ 2016 മെയ് വരെ ഇവിടെ ആയിരത്തോളം ക്രൈസ്തവര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ 1500-ലധികം ആളുകളെ തട്ടിക്കൊണ്ടുപോവുകയുമുണ്ടായി. 34,000 ആളുകള്‍ക്ക് തങ്ങളുടെ വീടും നാടും ഉപേക്ഷിച്ചു പോകേണ്ടി വന്നു. പുരുഷന്മാര് ഭയന്നു വീടുവിട്ടു പോകുമ്പോള്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അതിക്രമങ്ങള്ക്കുപയോഗിക്കുകയാണ് പതിവ്.
കോംഗോയിലെ ജനവിഭാഗങ്ങളില്‍ 80% പേര് ക്രൈസ്തവരാണ്. ഇവരില്‍ 50% പേര് കത്തോലിക്കരും, 20% പേര് പ്രൊട്ടസ്റ്റന്റു വിഭാഗക്കാരും, 10 ശതമാനം പേര് ഗോത്ര വിഭാഗങ്ങളുമാണ്.
10% പേര് മാത്രമാണ് മുസ്ലീങ്ങള്‍ . ഇവരില്‍ ഭൂരിപക്ഷവും സുന്നി വിഭാഗക്കാരാണ്. ഇവര്‍ക്കിടയില്‍നിന്നു രൂപംകൊണ്ട തീവ്രവാദി സംഘടനയാണ് എ.ഡി.എഫ്. തീവ്രവാദികള്‍ പലപ്പോഴും കൊള്ളയ്ക്കും, പണത്തിനും വേണ്ടി മാത്രമാണ് കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നത്. ചില ഗ്രാമങ്ങളില്‍ മാത്രമാണ് മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ളത്. ഇവിടങ്ങളിലാണ് ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നത്.

