വടക്കന്‍ യെരുശലേമില്‍ 7,000 വര്‍ഷം പഴക്കമുള്ള താമസ സ്ഥലം കണ്ടെത്തി
യെരുശലേം: വടക്കന്‍ യെരുശലേമില്‍ 7,000 വര്‍ഷം പഴക്കമുള്ള താമസസ്ഥലത്തിന്റെ അവശിഷ്ടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ അന്നത്തെ ആളുകള്‍ പണിതതെന്നു കരുതുന്ന രണ്ടു വീടുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. വീടിന്റെ തറക്കെട്ടും, കരിങ്കല്‍ പാറയും അതോടൊപ്പം അന്ന് താമസക്കാര്‍ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങള്‍ , തീക്കല്ലില്‍ തീര്‍ത്ത ഉപകരണങ്ങള്‍ , വിലയേറിയ രത്നങ്ങള്‍കൊണ്ടുള്ള ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി.
ബി.സി. 5000-ത്തില്‍ ചെമ്പ് യുഗത്തില്‍ ജീവിച്ചിരുന്നവരാണ് ഇവിടത്തെ ആളുകളെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. ഒമ്രി ബാര്‍സിലായി പറഞ്ഞു. വളരെ ചരിചത്ര പ്രാധാന്യമുള്ള കണ്ടെത്തലാണിതെന്നാണ് ഗവേഷകര്‍ ഇതിനെപ്പറ്റി അഭിപ്രായപ്പെടുന്നത്.
ചെമ്പു യുഗത്തിലാണ് മനുഷ്യര്‍ ചെമ്പുകൊണ്ടുള്ള ആയുധങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഒരു റോഡു നിര്‍മ്മാണത്തിനുവേണ്ടി മണ്ണു നീക്കിയപ്പോഴാണ് ഈ സ്ഥലം ശ്രദ്ധയില്‍പ്പെട്ടത്. വടക്കന്‍ ഗലീലയിലെ നെഗവ് മരുഭൂമിക്കടുത്താണ് ഈ സ്ഥലം.

