ആമസോണ്‍ വനത്തില്‍ തിളച്ചൊഴുകുന്ന നദി കണ്ടെത്തി
പെറു: തിളയ്ക്കുന്ന നദിയെക്കുറിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലിലും, പെറുവിലും പണ്ടുമുതലേ ഐതിഹ്യ കഥകള്‍ പ്രചരിക്കുന്നുണ്ട്. തിളച്ചു പൊങ്ങുന്ന നദികളെക്കുറിച്ച്, പ്രത്യേകിച്ച് ഈ നദിയെക്കുറിച്ച് ചെറുപ്പത്തില്‍ പറഞ്ഞുതന്ന കഥ ആന്‍ഡ്രിയാസ് റൂസോ എന്ന വിദ്യാര്‍ത്ഥിയുടെ ഹൃദയത്തില്‍ പതിഞ്ഞത് ഒരു അന്വേഷണത്തിലേക്കു വിരല്‍ ചൂണ്ടുകയുണ്ടായി.
പെറുവിലെ മിത്ത് കഥകളില്‍ ഒളിഞ്ഞുകിടന്നിരുന്ന ഈ നദി, അവസാന ഇന്‍കാ രാജാവിനെക്കുറിച്ചുള്ള മുത്തച്ഛിക്കഥയില്‍നിന്നു കേട്ട റൂസോ 2011-ല്‍ ഈ നദിയെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ബ്രസീലുകാര്‍ക്കും, പെറുക്കാര്‍ക്കും ഒരു പക്ഷേ കെട്ടുകഥയായിരിക്കാം, എന്നാല്‍ അതിന്റെ യാഥാര്‍ത്ഥ്യം കണ്ടുപിടിക്കാനായി ഭൗമശാസ്ത്ര വിദ്യാര്‍ത്ഥിയായ റൂസോ യാത്രയ്ക്കു തയ്യാറായി.
വിഷം നിറഞ്ഞ വെള്ളവും, പാമ്പുകളെ ഭക്ഷിക്കുന്ന മനുഷ്യരും, താഴെ തിളയ്ക്കുന്ന നദിയുമൊക്കെയായി മുത്തച്ഛന്‍ പറഞ്ഞുതന്ന കഥ മനസ്സില്‍ വച്ചുകൊണ്ട് ആ യുവ ശാസ്ത്രജ്ഞന്‍ ആമസോണ്‍ കാടു കയറാനുള്ള തീരുമാനം ഉറപ്പിച്ചു. എന്നാല്‍ യാത്ര തിരിക്കുന്നതിനു മുമ്പ് താന്‍ ഗവേഷണം നടത്തുന്ന സതേണ്‍ മെതഡിസ്റ്റ് സര്‍വ്വകലാശാലയിലെ അദ്ധ്യാപകരോടും, സര്‍ക്കാരിനോടും, എണ്ണ, ഗ്യാസ്, മൈനിംഗ് കമ്പനികളോടും ഈ നദിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ നിലവിലുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ എല്ലാവരും ഇല്ലാ എന്ന മറുപടിയാണ് നല്‍കിയത്.
എങ്കിലും നിരാശനാകാതെ റൂസോ യാത്ര തിരിച്ചു. പലവിധ പ്രതിസന്ധികളേയും തരണം ചെയ്ത് സാഹസികമായി ഘോരവനം താണ്ടി നടത്തിയ അന്വേഷണത്തിലും പഠനത്തിലും നാലു മൈല്‍ തിളച്ചു മറിയുന്ന മായന്‍ തുയോകുവിലെ അഷാനിങ്കയിലെ ജനങ്ങളുടെ നാട്ടിലൂടെ ഒഴുകുന്ന ആ നദി കണ്ടെത്തി. 82 അടി വീതിയല്‍ 20 അടി ആഴവും വരുന്ന നദിയിലെ ജലം ചായയുണ്ടാക്കാന്‍ പാകത്തിലാണെന്ന് ഗിസ്മോഡോ റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ചിലയിടങ്ങളില്‍ വെള്ളം തിളയ്ക്കുന്നുണ്ട്.
നദിയില്‍ ഒരു സെക്കന്‍റില്‍ പകുതിസമയം മുങ്ങിപ്പോയിട്ടുപോലും തനിക്ക് മൂന്നു ഡിഗ്രി പൊള്ളലേറ്റെന്ന് റൂസോ പറയുന്നു. താന്‍ നദിയില്‍ വീണിരുന്നെങ്കില്‍ അപ്പോള്‍തന്നെ മരിക്കുമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. നദിയുടെ പല ഭാഗത്തും കനത്ത ചൂടാണ്. വെള്ളത്തില്‍ വീണ മൃഗങ്ങള്‍ക്കൊന്നും രക്ഷപെടാനായില്ല.
വെള്ളത്തില്‍ വീണ അനേക ജീവജാലങ്ങളെക്കണ്ട് താന്‍ ഞെട്ടിപ്പോയെന്നും റൂസോ പറയുന്നു. ‘തിളയ്ക്കുന്ന നദി, ആമസോണിലെ സാഹസികതയും കണ്ടുപിടുത്തവും’ എന്ന പേരില്‍ നദിയെക്കുറിച് റൂസോ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോയാല്‍ നദിക്കു ചുറ്റുമുള്ള കാട് തന്നെ ഇല്ലാതാകുമെന്നും എന്തെങ്കിലും ചെയ്യണമെന്നും റൂസോ പറയുന്നു.
തീയും ഗന്ധകവും കത്തുന്ന പൊയ്ക, തീപ്പൊയ്ക, നിത്യാഗ്നി, അഗ്നി നരകം മുതലായവയെക്കുറിച്ചു ബൈബിളില്‍ പരാമര്‍ശമുണ്ട്. (മത്തായി 5:22, 18:8, 25:46, വെളി. 20:15, 21:8). ഇതിനെ നരകം എന്നു ബൈബിള്‍ പറയുന്നു. “അവിടെ അവരുടെ പുഴു ചാകുന്നില്ല, തീ കെടുന്നുമില്ല” (മര്‍ക്കോ. 9:48,49). ഈ വസ്തുത ശാസ്ത്രലോകം തെളിയിച്ചുതന്നിട്ടുണ്ട്. ഭൂമിയുടെ ഉള്‍ഭാഗം കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്നു.
ഉദാഹരണമായി കാലിഫോര്‍ണിയായിലെ ‘ഡെത്ത് വാലി’ (മരണ താഴ്വര) എന്ന സ്ഥലത്ത് അനേകം വിള്ളലുകള്‍ കാണാം. ചില സമയങ്ങളില്‍ വിഷവാതകവും തീയും വിള്ളലുകളിലൂടെ പുറത്തു വരുന്നു. അഗ്നിപര്‍വ്വത സ്ഫോടനങ്ങളും ഇത് തെളിയിക്കുന്നു. അന്ത്യ ന്യായവിധിയിലൂടെ പാപികള്‍ എത്തപ്പെടുന്ന സ്ഥലമാണ് നരകമെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു.