അണ്വായുധം നിരോധിക്കാന്‍ യു.എന്‍ ഇടപെടണം: ആഗോള ക്രൈസ്തവ നേതാക്കള്‍
യു.എന്‍ . ആസ്ഥാനം: ലോകരാഷ്ട്രങ്ങള്‍ കരുതിവച്ചിരിക്കുന്ന അണ്വായുധങ്ങള്‍ നിരോധിക്കാന്‍ ഐക്യരാഷ്ട്ര സംഘടന ഉടന്‍ ഇടപെടണമെന്ന് ആഗോള ക്രൈസ്തവ സംഘടനയായ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച യു.എന്‍ . ആസ്ഥാനത്ത് സംഘടിപ്പിച്ച അണ്വായുധ വിരുദ്ധ കാമ്പയിന്റെ പ്രത്യേക സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. വിവിധ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിക്കുന്നു. അണ്വായുധങ്ങള്‍ പ്രയോഗിക്കുവാന്‍ ഇക്കൂട്ടര്‍ മടികാണിക്കുവാന്‍ സാദ്ധ്യതയില്ലെന്നും അതിനാല്‍ ഫലപ്രദമായ നല്ല സമീപനങ്ങള്‍ ഉണ്ടാകുവാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യങ്ങള്‍ തമ്മിലുള്ള വൈരം മറന്ന് യോജിച്ചു പ്രവര്‍ത്തിക്കണം. “സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ” (മത്തായി 6:9) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് ഡബ്ല്യു.ഇ.എ. ചെയര്‍മാന്‍ ടെയ്ലര്‍ വിഗ്ഗ് സ്റ്റീവന്‍സണ്‍ അഭിപ്രായപ്പെട്ടു. അതുപോലെ സമാധാനം സമാധാനം എന്നു പറയുമ്പോഴും സമാധാനം എങ്ങും ഉണ്ടാവുകയില്ലെന്നുള്ള വേദവാക്യവും അദ്ദേഹം ഉദ്ധരിച്ചു.
120 രാഷ്ട്രങ്ങളില്‍നിന്നായി 600 മില്യണ്‍ സുവിശേഷ വിഹിത സഭക്കാരെ പ്രതിനിധീകരിച്ച് നിരവധി നേതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു. ലോകം വല്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ക്രൈസ്തവര്‍ വളരെ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു.