തക്കാളിയില്‍ നിന്നു മികച്ച വിളവിന് പ്രൂണിങ് നടത്താം, താങ്ങു നല്‍കാം

തക്കാളിയില്‍ നിന്നു മികച്ച വിളവിന് പ്രൂണിങ് നടത്താം, താങ്ങു നല്‍കാം

Cookery Karshika Vartha

തക്കാളിയില്‍ നിന്നു മികച്ച വിളവിന് പ്രൂണിങ് നടത്താം, താങ്ങു നല്‍കാം

തക്കാളി, പ്രൂണിങ്‌
അടുക്കളയിലും അടുക്കളത്തോട്ടത്തിലും ഏറെ പ്രധാനിയാണ് തക്കാളി. നിരവധി വിഭവങ്ങളിലെ ചേരുവയായ തക്കാളി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ മറ്റുള്ള പച്ചക്കറികളെപ്പോലെ തക്കാളിയില്‍ നല്ല വിളവ് ലഭിക്കുന്നില്ലെന്ന പരാതിയുള്ളവരാണ് അധികവും.

കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇതിനൊരു കാരണമാണ്. നല്ല പരിചരണവും വളപ്രയോഗവും നല്‍കിയാല്‍ തക്കാളി നമ്മുടെ വീട്ടുമുറ്റത്തും നല്ല വിളവ് തരും. ഇതിനോടൊപ്പം കൊമ്പ്കോതല്‍ അഥവാ പ്രൂണിങ് നടത്തിയും താങ്ങ് നല്‍കിയും പരിചരിക്കുന്നതും നല്ലതാണ്.

*പ്രൂണിങ് അഥവാ കൊമ്പ് കോതല്‍*

അനാവശ്യമായി വളരുന്ന ഇലകളും ശിഖിരങ്ങളും മുറിച്ചു കൊടുക്കയാണ് കൊമ്പ് കോതല്‍ അഥവാ പ്രൂണിങ്. ചെടിപോലെ വളരുന്നതും വള്ളിപോലെ പടര്‍ന്നു കയറുന്നതുമായ തക്കാളിച്ചെടികളുണ്ട്. ഇവയില്‍ രണ്ടിനങ്ങളിലും പ്രൂണിങ് നടത്താമെങ്കിലും വള്ളിപോലെ വളരുന്നവയ്ക്കാണ് കൂടുതല്‍ അനുയോജ്യം.

ആദ്യമായി പൂ വിരിഞ്ഞു കഴിഞ്ഞാല്‍ പ്രൂണിങ് ആരംഭിക്കാം. പൂക്കളുടെ താഴെയായി ഇലകളുടെ ഇടയില്‍ കാണുന്ന മുളകളാണ് നീക്കം ചെയ്യേണ്ടത്. സക്കര്‍ എന്നാണ് ഇവയെ വിളിക്കുക. ഇവ വന്നയുടനെ നീക്കം ചെയ്യണം. തുടക്കത്തിലേ നീക്കം ചെയ്യുകയാണെങ്കില്‍ ജോലി എളുപ്പമാണ്. അല്ലെങ്കില്‍ കത്രികയോ കത്തിയോ ഉപയോഗിച്ച് മുറിച്ചു മാറ്റേണ്ടി വരും. വളരാന്‍ അനുവദിച്ചാല്‍ ഇവ ചെടിക്ക് ആവശ്യമായ വളം വലിച്ചെടുക്കും. കായ്കളുടെ വലിപ്പവും എണ്ണവും കുറയാനിതു കാരണാകും.

*ഗുണങ്ങള്‍*

ആവശ്യമില്ലാത്ത ഇലകളും കൊമ്പും കളഞ്ഞാല്‍ ചെടിക്ക് സൂര്യപ്രകാശവും വായു സഞ്ചാരവും നല്ല പോലെ ലഭിക്കും. വിളവ് വര്‍ധിക്കാനിതു കാരണമാകും. കീടങ്ങളുടെ ആക്രമണം കുറയും. ഇലകള്‍ കുറവാകുന്നതോടെ ചിത്രകീടം, നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ എന്നിവ തക്കാളിച്ചെടി വല്ലാതെ ആക്രമിക്കാന്‍ വരില്ല. മുറിച്ചു കളയുന്ന തണ്ടും ഇലകളും നല്ല വളം കൂടിയാണ് . ഇവ നേരിട്ട് ഗ്രോബാഗിലോ ചെടിയുടെ തടത്തിലോ ഇട്ടു നല്‍കാം.

*താങ്ങ് നല്‍കാം*

തക്കാളിച്ചെടിക്ക് താങ്ങു നല്‍കി പരിപാലിക്കുന്നത് വിളവ് വര്‍ധിക്കാനും ചെടി കരുത്തോടെ വളരാനും സഹായിക്കും. മരക്കമ്പോ മറ്റു ഫ്രെയ്മുകളോ ഉപയോഗിച്ച് താങ്ങ് നല്‍കാം. ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണിത്. ചെടിക്കും ശിഖിരങ്ങള്‍ക്കും കേടുണ്ടാക്കാതെ വേണം ഇതു ചെയ്യാന്‍. ചെടികള്‍ മണ്ണില്‍ കിടന്ന് അഴുകി ബാക്റ്റീരിയ, ഫംഗസ് എന്നിവ ബാധിക്കാതിരിക്കാന്‍ താങ്ങു നല്‍കുന്നത് സഹായിക്കും.

താങ്ങു കൊടുത്താല്‍ ചെടി നല്ല പോലെ നിവര്‍ന്നു നില്‍ക്കും, വളം നല്‍കാനും നനയ്ക്കാനുമെല്ലാം എളുപ്പമാണ്. കീടങ്ങളുടെ ആക്രമണവും കുറവായിരിക്കും. നല്ല പോലെ വായുസഞ്ചാരം കിട്ടുന്നതിനാല്‍ ചെടി കരുത്തോടെ വളരും.

തക്കാളിച്ചെടിയിലെ പ്രൂണിങ് വ്യക്തമാക്കുന്ന വീഡിയോ കണ്ടു നോക്കൂ