ദൈവവുമായി ഒരു ആത്മബന്ധം

ദൈവവുമായി ഒരു ആത്മബന്ധം

Articles Breaking News Editorials

ദൈവവുമായി ഒരു ആത്മബന്ധം
പരസ്പരം സ്നേഹവും, കരുണയും അറ്റുപൊയ്ക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മനുഷ്യ ജീവനു യാതൊരു വിലയും കല്‍പ്പിക്കാത്തവര്‍ പെരുകിക്കൊണ്ടിരിക്കുന്നു.

അപ്പനും, അമ്മയും മക്കളെ കൊല്ലുന്നു. മക്കള്‍ മാതാപിതാക്കളെ കൊല്ലുന്നു. വാര്‍ദ്ധക്യത്തിലായ മാതാപിതാക്കളെ മക്കള്‍ ഉപേക്ഷിക്കുന്നു. ബലഹീനരായ മക്കളെ മാതാപിതാക്കളും പുറംതള്ളുന്നു. ഈ സംഭവങ്ങള്‍ ഇന്ന് ലോകത്ത് വാര്‍ത്തകള്‍ അല്ലാതായിരിക്കുകയാണ്.
കേട്ടു തഴമ്പിച്ച ഇത്തരം വാര്‍ത്തകള്‍ സമൂഹത്തിനു പുതുമ അല്ലാത്തതിനാല്‍ ആര്‍ക്കും മനസാക്ഷി ഇല്ലാതെ വരുന്നു.

ചിലര്‍ ആര്‍ക്കൊക്കെയോവേണ്ടി, എന്തിനോവേണ്ടി മാത്രം ജീവിക്കുന്നവരാണ്. അത്തരക്കാര്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ല. ലക്ഷ്യമില്ലാതെയുള്ള ജീവിതത്തില്‍ കടപ്പാടുകള്‍ വിസ്മരിക്കപ്പെടുന്നു. താല്‍ക്കാലിക സുഖസൌകര്യങ്ങള്‍ക്കുവേണ്ടി മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നവരാണ് സമൂഹത്തിലെ നല്ലൊരു ശതമാനം പേരും.

ഇതിനായി എന്തു കുറ്റകൃത്യങ്ങളും ചെയ്യുവാന്‍ ഇത്തരക്കാര്‍ക്ക് യാതൊരു വൈമനസ്യവുമില്ല. കുടുംബത്തിലെ രക്തബന്ധങ്ങളെ സ്നേഹിക്കുവാനും, കരുതുവാനും കഴിയാത്തവര്‍ സമൂഹത്തിനുപോലും അപകടമാണ്. പലപ്പോഴും ഇരകളാണ് പുതിയ പുതിയ കുറ്റവാളികളായി അവതരിക്കപ്പെടുന്നത്. ജീവിത സാഹചര്യങ്ങള്‍ അവരെ വഴിതെറ്റിക്കുന്നുണ്ടാകാം. ഈ സ്ഥിതി നല്ലതല്ല. നന്നാവുവാന്‍ വേറെ മാര്‍ഗ്ഗമുണ്ട്.

സ്നേഹവും, നീതിയും, സമാധാനവും, സന്തോഷവും നിറഞ്ഞ ഒരു ജീവിത അനുഭവം നമുക്കു മുമ്പിലുണ്ടെന്ന് വിശുദ്ധ ബൈബിള്‍ മനുഷ്യവര്‍ഗ്ഗത്തെ പഠിപ്പിക്കുന്നു. ദൈവം സ്നേഹമാകുന്നു. ദൈവത്തിന്റെ സ്നേഹം തന്റെ സൃഷ്ടികളോട് കണിച്ചതുകൊണ്ടാണ് ഈ ലോകവും നാമും ഇന്ന് ഇവിടെ ശേഷിച്ചിരിക്കുന്നത്.

പാപത്തിന്റെ മലിനത മനുഷ്യവര്‍ഗ്ഗത്തില്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ ദൈവം കണ്ണടച്ചിരുന്നില്ല. തെറ്റിപ്പോയ മനുഷ്യവര്‍ഗ്ഗത്തെ തിരിച്ചുകൊണ്ടുവരുവാന്‍ ദൈവം സന്മനസുകാട്ടി. അതാണ് ഈ ലോകത്ത് ഏറ്റവും വലിയ ദൈവീക കരുതല്‍ ‍. അത് ഒരിക്കലും നഷ്ടപ്പെടുന്നില്ല. ദൈവം തന്റെ പുത്രനായ യേശുവിനെ മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി ഈ ഭൂമിയില്‍ അയച്ചപ്പോള്‍ യഹോവയായ ദൈവത്തിനു വലിയ പ്രതീക്ഷ ഉണ്ടായിരുന്നു.

യേശുവിന്റെ രക്തം കാല്‍വറിയിലെ മരക്കുരിശിലൂടെ ചിന്തിയപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ മോചനത്തിനു തുടക്കമായി. യേശുവിന്റെ രക്തം സകല പാപവും പോക്കി ശുദ്ധീകരിക്കുന്ന അനുഭവം നൂറ്റാണ്ടുകളായി കോടാനുകോടി ജനങ്ങളിലൂടെ പരിവര്‍ത്തിച്ചു. അങ്ങനെ ജീവിതത്തിനു പരിവര്‍ത്തനം സംഭവിച്ചവര്‍ ഇന്ന് ആത്മാവിലും സത്യത്തിലും കര്‍ത്താവിനെ ആരാധിച്ചു വരുന്നു.

ഈ ജീവിതമാറ്റം ഇന്നും ലോകത്ത് രാപകലെന്യേ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ അനുഭവത്തിലേക്കു കടന്നുവരുവാന്‍ കഴിയാത്തവരിലാണ് കോപവും, പകയും, അനീതിയും, അക്രമങ്ങളും നിഴലിക്കുന്നത്. അനുകമ്പയും, സ്നേഹവും സമൂഹത്തിലെ എല്ലാ കുടുംബങ്ങളിലേക്കും കടന്നു വരുവാന്‍ ദൈവത്തിന്റെ വചനത്തിലൂടെ മാത്രമേ സാദ്ധ്യമാകുകയുള്ളു.

പരിപൂര്‍ണ്ണമായ ഈ അവസ്ഥ എല്ലാ ഭവനങ്ങളിലും നിഴലിക്കട്ടെ. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകള്‍ നിറഞ്ഞ വാര്‍ത്തകള്‍ ഇനിയും പുറത്തു വരാതിരിക്കട്ടെ. ദൈവവും മനുഷ്യനും തമ്മിലുള്ള ഉറ്റബന്ധം പുനഃസ്ഥാപിക്കട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.
പാസ്റ്റര്‍ ഷാജി. എസ്.,