ഇയ്യോബിന്റെ മരണഭീതി
പാസ്റ്റര്‍ അജി ഡേവിഡ് വെട്ടിയാര്‍
വിശുദ്ധ ബൈബിളില്‍ പഴയ നിയമത്തില്‍ ഏറ്റവും കഷ്ടത അനുഭവിച്ച ഒരു വ്യക്തിയാണ് ഇയ്യോബ്. വളരെയധികം മൃഗസമ്പത്തിന്റെ ഉടമയായിരുന്ന ഭക്തനായ ഇയ്യോബിന്റെ ജീവിതത്തില്‍ ഒരു വലിയ പരീക്ഷണം തന്നെയുണ്ടായി.
സാത്താന്റെ ഇടപെടലായിരുന്നുവെങ്കിലും ദൈവം അത് അനുവദിക്കുകയായിരുന്നു. കാരണം ഇയ്യോബിനെയൊന്നു പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇയ്യോബിന്റെ സമ്പത്തും, വേലക്കാരും, മക്കളുമെല്ലാം നഷ്ടമായി. ഒടുവില്‍ തനിക്ക് ഉളളം കാല്‍ മുതല്‍ നെറുകവരെ വല്ലാത്ത പരുക്കള്‍ ബാധിച്ചു. അങ്ങനെ കഷ്ടതയുടെ നടുക്കടലിലായ ഈ ഭക്തന്‍ തന്റെ ജന്മദിനത്തേപ്പോലും ശപിക്കുകയുണ്ടായി.
എല്ലാം നഷ്ടപ്പെട്ടപ്പോഴും വേദന വര്‍ദ്ധിച്ചപ്പോഴും തനിക്കു മരണഭീതി ഉണ്ടായി. “ഞാന്‍ പേടിച്ചതു തന്നെ എനിക്കു ഭവിച്ചു, ഞാന്‍ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല” (ഇയ്യോബ് 3:25,26). എന്നാല്‍ തന്നെ ആശ്വസിപ്പിക്കുവാന്‍ വന്ന സ്നേഹിതന്മാരിലൊരാളായ എലീഫസ് ഇയ്യോബിനോട് പറഞ്ഞതു “നീ പലരെയും ഉപദേശിച്ചു, തളര്‍ന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു, വീഴുന്നവനെ നിന്റെ വാക്കു താങ്ങി, കുഴയുന്ന മുഴങ്കാല്‍ നീ ഉറപ്പിച്ചിരിക്കുന്നു, ഇപ്പോള്‍ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു, നിനക്കതു തട്ടിയിട്ടു നീ ഭ്രമിച്ചു പോകുന്നു” (4:3-5).
ഈ വാക്യങ്ങളിലൂടെ നാം ഇയ്യോബിനെ മനസ്സിലാക്കുന്നതു ഈ ഭക്തന്‍ തനിക്കു കഷ്ടതകളും, പരീക്ഷയും കടന്നു വരുന്നതിനു മുമ്പ് സമാനമായ അനുഭവങ്ങളുണ്ടായ പലരെയും താങ്ങുകയും ആശ്വസിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്നാണ്.
പലരെയും ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന ഇയ്യോബ് ഇപ്പോള്‍ തനിക്കു ഇതൊക്കെ നേരിട്ടപ്പോള്‍ മരണഭീതിയുടെ നിഴലില്‍ കഴിയുന്നു. എന്നാല്‍ അഞ്ചാം അദ്ധ്യയത്തിലേക്കു കടന്നു വരുമ്പോള്‍ എലീഫസ് ഇയ്യോബിനോടു ചില കാര്യങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ഇയ്യോബിനു ഭാവിയിലുണ്ടാകുവാന്‍ പോകുന്ന നന്മകളെപ്പറ്റിയും പറയുന്നു (5:26-27).
പക്ഷെ എന്തൊക്കെയായാലും അവസാന അദ്ധ്യായത്തിലേക്കു വരുമ്പോള്‍ ഇയ്യോബിനോടു യഹോവയായ ദൈവം ശക്തമായി ഇടപെടുന്നതായി കാണാം. ഇയ്യോബിനെ ദൈവം ശക്തീകരിക്കുകയും ഈ ഭക്തന്‍ ദൈവത്തില്‍ പ്രത്യാശ വെയ്ക്കുന്നതായും കാണാന്‍ കഴിയുന്നു.
ഇയ്യോബിനു തനിക്കു നഷ്ടപ്പെട്ടിരുന്നതിന്റെയൊക്കെയും ഇരട്ടിയായി ലഭിക്കുകയും പുത്രീപുത്രന്മാരെ ദൈവം നല്‍കുകയും താന്‍ 140 വര്‍ഷം കൂടി ആയുസ്സോടെ വിജയകരമായ ജീവിതം നയിക്കുന്നതിനും കൃപ നല്‍കി.
പ്രിയമുള്ളവരെ! നമുക്കു പ്രതിസന്ധികളോ രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോള്‍ പതറാതെ ദൈവത്തില്‍ ആശ്രയിക്കുക. ദൈവം ശാശ്വത പരിഹാരം വരുത്തും. നമ്മുടെ ദയനീയ അവസ്ഥയ്ക്കു മാറ്റം വരുത്തി നമ്മെ അനുഗ്രഹിക്കും.