വല്ലവിധേനയും.... ഒരു ഉപസംഹാരക്കുറിപ്പു

വല്ലവിധേനയും…. ഒരു ഉപസംഹാരക്കുറിപ്പു

Articles India

*”വല്ലവിധേനയും….” ഒരു ഉപസംഹാരക്കുറിപ്പു!:*
പ്രിയരേ, സ്നേഹവന്ദനങ്ങൾ! സീയോൻപ്രയാണികളുടെ യാത്രയിലുടനീളം അതിജീവിക്കേണ്ട വെല്ലുവിളികളാണ് “വല്ലവിധേനയും” എന്ന പദപ്രയോഗത്തിന്റെ ഏറ്റവുമടുത്തഭാഷ്യമായി കഴിഞ്ഞ പ്രഭാതത്തിൽ ചൂണ്ടിക്കാട്ടിയത്. ഈ പ്രഭാതത്തിൽ അതിന്റെ ഒരു ഉപസംഹാരക്കുറിപ്പെഴുതി കാതൽപ്രമേയമായ യിരമ്യാവിലേക്കു അടുത്ത ദിവസം മുതൽ മടക്കയാത്ര തുടരാം.

ക്രമാനുഗതമായി പുരോഗമനോത്സുകവും പടിപടിയായ വളർച്ചയും ജയിച്ചടക്കുന്ന ആത്മീകജീവിതവും ഇങ്ങനെ ചലനസ്വഭാവമുള്ള ഒരു സംസ്കാരമായി വളർന്നു വരുന്ന ജീവിതനിലവാരമാണ് ക്രിസ്തീയ ജീവിതമെന്നു സംക്ഷേപിക്കാം.

അതേസമയം ഫിലി. 3 :10,11 വാക്യങ്ങളുടെ ചർച്ച ത്രസിപ്പിക്കുന്ന ആത്മീക അനുഭവങ്ങളുടെ കലവറയാണ്. ഞാൻ ആ വാക്യങ്ങളെ നമ്മുടെ പഠനസൗകര്യാർത്ഥം, കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മ, മരണത്തോട് അനുരൂപപ്പെടുക, പുനരുത്ഥാനത്തിന്റെ ശക്തി അറിയുക എന്ന ക്രമത്തിൽ കുറിക്കട്ടെ.

ക്രിസ്തീയജീവിതത്തിന്റെ യഥാർത്ഥ ലക്‌ഷ്യം, ‘ക്രിസ്തുവിനെ അറിയുക’ എന്നതിൽ കുറഞ്ഞതൊന്നുമല്ല. ആ അറിവിന്റെ വിവിധ വശങ്ങളാണ് ഈ വാക്യങ്ങളുടെ പ്രതിപാദ്യവും. യേശുവിന്റെ കഷ്ടാനുഭവങ്ങളും മരണവും പുനരുത്ഥാനവും അനുഭവിച്ചറിയുന്ന ജീവിതമാണ് ക്രിസ്തീയ ജീവിതം. അതായത് സുവിശേഷങ്ങളിൽ കാണുന്ന യേശുകർത്താവിന്റെ പീഡാസഹനങ്ങളുടെ പരിച്ഛേദമായിരിക്കണം യഥാർത്ഥ ക്രിസ്തീയജീവിതമെന്നുള്ള ആഴമായ കാഴ്ചപ്പാടാണ് അതിന്റെ കാമ്പും കാതലും. ചുരുക്കത്തിൽ ഈ തിരിച്ചറിവിൽകൂടെയുള്ള ഒരു സപര്യയാണ് തികഞ്ഞ ക്രിസ്തീയ ജീവിതം.

എന്തുകൊണ്ട് ഞാനൊരു ക്രിസ്താനുഗാമിയെന്നുള്ള ചോദ്യത്തിന് നിസ്സന്ദേഹം ഞാൻ കൊടുക്കുന്ന ഉത്തരം “പുനരുത്ഥാനത്തിന്റെ പ്രത്യാശയുടെ വാഗ്ദാനം യേശു എനിക്കു തന്നു” എന്നുള്ളതാണ് (1 കൊരി. 15 :1 -58; 2 കൊരി. 4 :14; 2 തെസ്സ. 4 :13 -16; ദാനി. 12 :2; യെശ.26 :19). ഏതൊരു ക്രിസ്താനുഗാമിയുടെയും ഉത്തരം ഇതു മാത്രമായിരിക്കുമെന്നും ഞാൻ കരുതുന്നു. മരണവുമായി കേവലമൊരു ശ്വാസത്തിന്റെ മാത്രം അകലം സൂക്ഷിക്കുന്ന താത്കാലികമായ ഈ ജീവിതത്തിനു ശേഷമെന്തു? എന്ന ചോദ്യത്തിന് ചൂണ്ടിക്കാട്ടപ്പെട്ട വ്യക്തവും നിത്യവുമായ ഉത്തരം പുനരുത്ഥാനമാണെന്നു ഞാൻ തിരിച്ചറിഞ്ഞത് യേശുവിൽകൂടെ മാത്രമാണ്. ആ അറിവാണ് യേശുവിനെ ഞാൻ അനുഗമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം.

എന്നാൽ പ്രത്യാശയിലേക്കുള്ള ഈ യാത്ര ആരംഭിക്കുന്നത് കഷ്ടാനുഭവങ്ങളിൽ കൂടെയും അത് പുരോഗമിക്കുന്നത് മരണത്തിൽ കൂടെയും അത് സമാപിക്കുന്നത് പുനരുത്ഥാനത്തിലുമാണ്. കഷ്ടാനുഭവങ്ങളും മരണവുമില്ലാതെ പുനരുത്ഥാനം സാധ്യമല്ല എന്ന സമവാക്യം കോയ്മ ചെയ്യുമ്പോഴാണ് ക്രിസ്തുവിനെ അറിയുക എന്ന പദവിയിലേക്ക് നാം നടന്നു കയറുന്നത്.

പിശാച്, നമ്മുടെ മശിഹാതമ്പുരാനെ പരീക്ഷിക്കുവാൻ അണഞ്ഞപ്പോൾ കഷ്ടതയും ക്രൂശിലെ മരണവുമൊഴിവാക്കിയുള്ള മറ്റൊരു സമവാക്യം അവതരിപ്പിച്ച സംഭവം നമുക്കറിവുണ്ടല്ലോ. അതിന്റെ പിന്നിലുള്ള തന്ത്രം മനസ്സിലാക്കിയ താൻ അനുരഞ്ജനത്തിന്റെയോ അല്ലെങ്കിൽ സൗമ്യതയുടെയോ ഭാഷയിൽ നിന്നകന്നുള്ള ശാസനയുടെ ഭാഷ പ്രയോഗിച്ചതിന്റെ കാരണം മറ്റൊന്നായിരുന്നില്ല.

പിശാചിന്റെ വക ലളിതസമവാക്യം യേശു അംഗീകരിച്ചിരുന്നെങ്കിൽ “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ” (മത്താ. 16 :24; ലൂക്കോ. 14 :27) എന്ന ഉശിരുള്ള വാക്കുകൾ ഉച്ചരിക്കുവാൻ യേശുവിനും “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു” (1 പത്രോ. 1 :21) എന്നു തന്റെ ശിഷ്യശ്രേഷ്ടനായിരുന്ന പത്രോസും പറയുവാൻ തക്ക ആത്മവിശ്വാസം പ്രകടിപ്പിക്കുകയില്ലായിരുന്നു എന്നാണു എന്റെ വീക്ഷണം.

വീഥിയിലൂടെ ക്രൂശെടുത്തു നടന്നുപോയ ഒരുവൻ മടങ്ങി അവന്റെ വീട്ടിലെത്തി അത്താഴം കഴിച്ചു ആശ്വസിച്ചു സ്വന്തകിടക്കയിലന്തിയുറങ്ങിയ ചരിത്രം കേട്ടുകേൾവിപോലുമില്ല, പ്രിയരേ. ക്രൂശിന്റെ വാഹകൻ അതിൽത്തന്നെ തറഞ്ഞുതീർന്ന ചരിത്രമേ നാളിതുവരെ കുറിക്കപ്പെട്ടിട്ടുള്ളു. എന്നാൽ അതേ ക്രൂശിലാണ് നിത്യപ്രത്യാശ പ്രഖ്യാപിക്കപ്പെട്ടതെന്നു നാം അറിയണം: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും” (ലൂക്കോ. 23 :43).

ഈ തിരിച്ചറിവിന്റെ പാരമ്യതയിൽ പൗലോസിന്റെ പ്രഖ്യാപനമാണ് “….ഞാൻ അവന്റെ നിമിത്തം ‘എല്ലാം’ ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു” (ഫിലി. 3 :11) എന്ന വാക്യാംശം. “എല്ലാം” എന്ന വാക്കിനു (കുറഞ്ഞപക്ഷം) 2 കൊരി. 11 : 16 -22 വരെയുള്ള വേദഭാഗത്തിന്റെയും “വല്ലവിധേനയും” എന്ന വാക്കിനു 2 കൊരി. 11 : 23 – 30 വരെയുള്ള വേദഭാഗത്തിന്റെയും വിപുലമായ കൂട്ടിച്ചേർക്കൽ നടത്തുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

പ്രിയരേ, നമ്മുടെ ആത്മീക സഞ്ചാരത്തിനു മേൽപ്പറയപ്പെട്ട തത്വങ്ങളുമായുള്ള ഒരു ആപേക്ഷിക വിലയിരുത്തൽ നടത്തിയാൽ സംജാതമാകുന്ന പരമാർത്ഥതയോട് ക്രിയാത്മകമായ ഒരു പ്രതിസ്പന്ദതയ്ക്ക് തയ്യാറായാൽ ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു നിർവിഘ്‌നമോടുവാൻ നാം പ്രാപ്‌തരാകും; തീർച്ച (ഫിലി. 3 :14).

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

*പാസ്റ്റർ അനു സി സാമുവേൽ, ജയ്പ്പൂർ.*