സെമിത്തേരി ഉപയോഗം: സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് എല്ലാ ചര്‍ച്ചുകള്‍ക്കും ബാധകം

സെമിത്തേരി ഉപയോഗം: സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് എല്ലാ ചര്‍ച്ചുകള്‍ക്കും ബാധകം

Breaking News Kerala

സെമിത്തേരി ഉപയോഗം: സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് എല്ലാ ചര്‍ച്ചുകള്‍ക്കും ബാധകം
തിരുവനന്തപുരം: ശവസംസ്ക്കാരത്തിനു സെമിത്തേരി ഉപയോഗം സംബന്ധിച്ച് കേരളാ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് എല്ലാ ക്രൈസ്തവ സഭകള്‍ക്കും ബാധകമാകും.

ജനുവരി 7-ന് ചൊവ്വാഴ്ച അസാധാരണ ഗസറ്റ് വിജ്ഞാപനവുമായി പുറത്തിറക്കിയ ഓര്‍ഡിനന്‍സ് പ്രാദേശിക ഇടവക രജിസ്റ്ററില്‍ പേരുള്ള എല്ലാവര്‍ക്കും കോണ്‍ക്രീറ്റ് കല്ലറയിലോ മണ്ണില്‍ തീര്‍ത്ത കുഴി മാടത്തിലോ ശവസംസ്ക്കാരം ഉറപ്പു നല്‍കുന്നു.

ഇടവകാംഗമായ ഏതൊരു വ്യക്തിയുടെ മൃതദേഹവും പൂര്‍വ്വികരെ സംസ്ക്കരിച്ച സെമിത്തേരിയില്‍ വിശ്വാസാചാരങ്ങള്‍ അനുസരിക്കുന്ന പുരോഹിതന്റെയോ, പാസ്റ്ററുടെയോ നേതൃത്വത്തില്‍ സംസ്ക്കരിക്കാവുന്നതാണ്. അന്തിമ ശുശ്രൂഷകള്‍ ചര്‍ച്ചുകളിലോ സെമിത്തേരിയിലോ, വിലാപ ഭവനത്തിലോ നടത്താം.

ഓര്‍ഡിനന്‍സില്‍ പള്ളി, ഇടവക, സെമിത്തേരി, കാര്‍മ്മികന്‍ ‍, സഭാംഗം, പ്രാര്‍ത്ഥനാ ഹാള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ നിര്‍വ്വചനം നല്‍കുന്നുണ്ട്. ബൈബിളിലും യേശുവിലും വിശ്വസിക്കുന്ന മാമോദീസ മുങ്ങിയ ഏതൊരാളെയും ക്രൈസ്തവനായി കരുതണമെന്ന് നിഷ്ക്കര്‍ഷിക്കുന്നു.

ഓര്‍ഡിനന്‍സിലെ ഏറ്റവും പ്രത്യേകതയുള്ള ഭാഗങ്ങളിലൊന്ന്, പെന്തക്കോസ്ത്- നവീകരണ സഭകളിലെയും ഇതര സഭകളിലെയും മാറിയവരെ അവര്‍ സ്വയം തീരുമാനിക്കുന്നതുവരെ പള്ളി സെമിത്തേരിയില്‍നിന്നും ഒഴിവാക്കാനാവില്ലെന്നും ഉറപ്പു തരുന്നതാണ്.

നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. പരേതന്റെ ബന്ധുക്കള്‍ക്കു നേരെ ആക്രമണമുണ്ടായാല്‍ മറ്റു നിയമ നടപടികളുണ്ടാകും. അതുപോലെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇടവക വികാരിക്കോ പാസ്റ്റര്‍ക്കോ, ശവ സംസ്ക്കാര ശുശ്രൂഷയില്‍ കാര്‍മ്മികത്വം വഹിച്ച പുരോഹിതനോ അധികാരമുണ്ടാകും.

ശവസംസ്ക്കാരം സംബന്ധിച്ച് തടസ്സങ്ങളുണ്ടാകരുതെന്ന് നേരത്തെ കേന്ദ്ര-സംസ്ഥാന-മനുഷ്യാവകാശ കമ്മീഷനുകള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇടവക പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച് യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായതിനെതുടര്‍ന്നാണ് സര്‍ക്കാരിനെ ഇത്തരത്തിലൊരു നടപടിയിലേക്ക് നയിച്ചതെങ്കിലും ഓര്‍ഡിനന്‍സില്‍ ഒരിടത്തും ഇക്കാര്യം പരാമര്‍ശിക്കുന്നില്ല.