മ്യാന്‍മറില്‍ വിമത സൈന്യം അടച്ചു പൂട്ടിയ 100 ചര്‍ച്ചുകളില്‍ 51 എണ്ണം തുറന്നു

മ്യാന്‍മറില്‍ വിമത സൈന്യം അടച്ചു പൂട്ടിയ 100 ചര്‍ച്ചുകളില്‍ 51 എണ്ണം തുറന്നു

Africa Breaking News Europe

മ്യാന്‍മറില്‍ വിമത സൈന്യം അടച്ചു പൂട്ടിയ 100 ചര്‍ച്ചുകളില്‍ 51 എണ്ണം തുറന്നു
യാങ്കൂണ്‍ ‍: മ്യാന്‍മറില്‍ വിമത ഗ്രൂപ്പായ യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മി (യു.ഡബ്ള്യുഎസ്എ) കഴിഞ്ഞ വര്‍ഷം നിര്‍ബന്ധിച്ച് അടച്ചുപൂട്ടിയ 100 ക്രൈസ്തവ ആരാധനാലയങ്ങളില്‍ 51 എണ്ണം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി ലഭിച്ചു.

വടക്കന്‍ ഷാന്‍ സംസ്ഥാനത്തെ 51 ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍ക്കാണ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയതെന്നു യു.ഡബ്ള്യുഎസ്എ തന്നെ കഴിഞ്ഞ ആഴ്ച അറിയിച്ചു.

കഴിഞ്ഞ 14 മാസങ്ങള്‍കൊണ്ട് വിമത സൈന്യം ചര്‍ച്ചുകളില്‍ നടത്തിയ പരിശോധനയിലും അന്വേഷണങ്ങള്‍ക്കൊടുവിലുമാണ് കുഴപ്പങ്ങളൊന്നുമില്ലെന്നു കണ്ടെത്തി ഈ ചര്‍ച്ചുകള്‍ക്ക് അനുമതി നല്‍കിയത്.

ചര്‍ച്ചുകളില്‍ തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാരോപിച്ചായിരുന്നു 100 ചര്‍ച്ചുകള്‍ അടച്ചു പൂട്ടിയത്. 10 ഓളം ചര്‍ച്ച് കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുകയുമുണ്ടായി. അതോടൊപ്പം വിവിധ സ്ഥലങ്ങളില്‍നിന്നും 200 ക്രൈസ്തവരെയും അറസ്റ്റു ചെയ്ത് തടവിലാക്കിയിരുന്നു. ഇവരെ ഇപ്പോള്‍ മോചിപ്പിക്കുകയും ചെയ്തു.

“ഞങ്ങള്‍ നടത്തിയ അന്വേഷണങ്ങളില്‍ പല ചര്‍ച്ചുകളിലും തീവ്രവാദി പ്രര്‍ത്തനങ്ങള്‍ നടന്നിരുന്നു. അതിനെത്തുടര്‍ന്നാണ് ചര്‍ച്ചുകള്‍ പൂട്ടിയത്”. യു.ഡബ്ള്യു.എസ്.എയുടെ ലാഷിയോ ലെയ്സണ്‍ ഓഫീസ് ഇന്‍ ചാര്‍ജ്ജ് നയി റങ് പറഞ്ഞു.

എന്നാല്‍ യു.ഡബ്ള്യു.എസ്.എ.യുടെ ആരോപണങ്ങളും കണ്ടെത്തലുകളും തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും ക്രൈസ്തവര്‍ കൂടിവന്നു ആരാധിക്കുന്ന സ്ഥലമാണ് ഇവിടമെന്നും ആരും തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരല്ലെന്നും ലാഹു ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ ജനറല്‍ സെക്രട്ടറി റവ. ലാസറസ് മറുപടിയായി പറഞ്ഞു.