ക്രിസ്ത്യാനികളെ കലാപത്തില്‍നിന്നും രക്ഷിച്ച ഇമാമിന് യു.എസ്. അവാര്‍ഡ്
വാഷിംഗ്ടണ്‍ : നൈജീരിയായില്‍ ക്രിസ്ത്യാനികളെ മതമൌലിക വാദികളുടെ ആക്രമണത്തില്‍നിന്നും രക്ഷിച്ച മുസ്ളീം ഇമാമിന് അമേരിക്കയുടെ അവാര്‍ഡ്.
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 2019 ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം അവാര്‍ഡിന് അര്‍ഹരായ ലോകത്തെ അഞ്ചു വ്യക്തികളില്‍ ഒരാളായ നൈജീരിയന്‍ ഇമാം അബുബക്കര്‍ അബ്ദുള്ളയ്ക്കാണ് ആദരവ് ലഭിച്ചത്.
2018 ജൂണ്‍ 23-ന് ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായിലെ ബൌച്ചി സംസ്ഥാനത്ത് നഗറിലെ ബാര്‍കിന്‍ ലാഡിയിലെ 10 ഗ്രാമങ്ങളില്‍ ഇസ്ളാമിക ഫുലാനി മതമൌലിക വാദികള്‍ വ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്ന സമയത്ത് പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ച ക്രൈസ്തവരെ രക്ഷിക്കുകയായിരുന്നു ഇമാം.
ഉച്ചയ്ക്കു മോസ്ക്കിലെ പുരോഹിത ശുശ്രൂഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ചുറ്റുവട്ടത്ത് വെടിയൊച്ചയും കൂട്ട നിലവിളിയും കേട്ടു. ക്രൈസ്തവരെ വെടിവെച്ചും വാളിനിരയാക്കിയും കൊല്ലുന്നതു നേരില്‍ കണ്ട ഇമാം അബ്ദുള്ള തന്റെ മോസ്ക്കിനുള്ളിലേക്ക് നിരാലംബരായ ക്രൈസ്തവരെ വിളിച്ചു കയറ്റുകയും അവരെ അവിടെ ഒളിപ്പിക്കുകയും ചെയ്തു.
262 പേര്‍ക്കാണ് അഭയം നല്‍കിയത്. അവരെ തേടി അക്രമികള്‍ എത്തിയപ്പോള്‍ മോസ്ക്കിനുള്ളിലേക്കു കയറിപ്പോകരുതെന്ന് ഇമാം ശക്തമായി പ്രതികരിച്ചു അവരെ വിലക്കി. തുടര്‍ന്നു പിറ്റേ ദിവസം വരെ ക്രൈസ്തവരെ മോസ്ക്കിനുള്ളില്‍ സംരക്ഷിക്കുകയായിരുന്നു.
ഒരര്‍ത്ഥത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ചായിരുന്നു ഇമാം ഈ മനുഷ്യത്വം കാണിച്ചത്. ഇമാമിനെതിരെ കലാപകാരികള്‍ പ്രതിഷേധിച്ചെങ്കിലും വകവെച്ചില്ല. തുടര്‍ന്നു പോലീസ് സംരക്ഷണയില്‍ ക്രൈസ്തവരെ സുരക്ഷിത സ്ഥലത്തെത്തിക്കുകയായിരുന്നു.
83 കാരനായ അബ്ദുള്ള കഴിഞ്ഞ 60 വര്‍ഷങ്ങളായി ഈ മോസ്ക്കില്‍ പുരോഹിതനായി സേവനം അനുഷ്ഠിച്ചു വരുന്നു. ഈ സംഭവം ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെത്തുടര്‍ന്നാണ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അന്തര്‍ദ്ദേശീയ മതസ്വാതന്ത്ര്യഅവാര്‍ഡിനര്‍ഹനായത്.
അന്ന് നഗര്‍ ഗ്രാമത്തില്‍ 84 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും നിരവധി വീടുകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെടുകയുമുണ്ടായി. ജൂലൈ 17-ന് വാഷിംഗ്ടണ്‍ ഡിസിയിലെ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇമാം അബൂബക്കര്‍ അബ്ദുള്ളയ്ക്കു അവാര്‍ഡ് നല്‍കി ആദരിച്ചു.
വിവിധ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന 5 പേര്‍ക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സുഡാന്‍ സ്വദേശി മൊഹമ്മദ് യൂസഫ് അബ്ദുള്‍ റഹ്മാന്‍ , ഇവനിര്‍ഡോസ് സാന്റോസ്-ബ്രസ്സീല്‍ , വില്യം, പാസ്ക്കലി വര്‍ദ-ഇരുവരും ഇറാക്ക്, സാല്‍പി എസ്കിജ്യാന്‍ വെയ്ഡറൂദ്-സൈപ്രസ് എന്നിവരാണ് മറ്റു അവാര്‍ഡ് ജേതാക്കള്‍ .
155 thoughts on “ക്രിസ്ത്യാനികളെ കലാപത്തില്‍നിന്നും രക്ഷിച്ച ഇമാമിന് യു.എസ്. അവാര്‍ഡ്”
Comments are closed.